കുറിപ്പുകൾ

20130209

സോഷ്യലിസ്റ്റ് നേതാവു് വിനോദ് പ്രസാദ് സിംഹ് അന്തരിച്ചു

പ്രഫ. വിനോദ് പ്രസാദ് സിംഹ്
(1940 ജൂണ്‍ 10 - 2013 ഫെബ്രു 8)
ഛായ: എബി ജോണ്‍ വന്‍‍നിലം

പട്ന: സമാജവാദി ജനപരിഷത്ത് മുന്‍ പ്രസിഡന്റ് വിനോദ് പ്രസാദ് സിംഹ് ഫെബ്രു 8 വെള്ളിയാഴ്ച അന്തരിച്ചു. കുറച്ചുകാലമായി കിടപ്പിലായിരുന്ന അദ്ദേഹം രാത്രി 9.45നു് എ ഐ ജി എം എസില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. 73 വയസ്സുണ്ടായിരുന്നു. ഭാര്യയും അളക റാനി സിംഹ്, രേഖ ബബ്വല്‍ എന്നീ രണ്ടു് പെണ്‍മക്കളുമുണ്ടു്.
1940 ജൂണ്‍ 10നു് ബിഹാറിലെ മുസാഫര്‍‍പുര്‍ ജില്ലയിലെ രാമനഗര്‍ ബാഘാഖാല്‍ എന്നസ്ഥലത്തു് മഹേശ്വര്‍ പ്രസാദിന്റെ മകനായി ജനിച്ചു. ദില്ലി യൂണിവേഴ്സിറ്റിയിലെ ഒരു സാമ്പത്തിക ശാസ്ത്രപ്രഫസറും പിന്നീടു് സത്യവതി കോളജില്‍ പ്രിന്‍സിപ്പാളുമായ അദ്ദേഹം പിന്നീടു് ജോലി രാജിവച്ചു.
12ആമത്തെ വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.1971ല്‍ സമാജവാദി യുവജനസഭയുടെ ഖജാന്‍ജിയായി.1973-77 കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. ജനതാപാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ അതിന്റെ ബിഹാര്‍ യൂണീറ്റ് സെക്രട്ടറിയായി.1977ല്‍ ബിഹാറിലെ മുസാഫര്‍‍പുര്‍ ജില്ലയിലെ ഗായഘാട് നിയമസഭാമണ്ഡലത്തില്‍നിന്നു് ജനതാ പാര്‍ട്ടി ടിക്കറ്റില്‍ നിയമസഭാംഗമായി. സ്വതന്ത്രനായ ജിതേന്ദ്ര പ്രസാദ സിംഹനെ 55%സമ്മതിദാനം നേടിയാണു് പരാജയപ്പെടുത്തിയതു്.1977മുതല്‍ 80വരെ ബിഹാറിലെ നിയമസഭാംഗമായിരുന്നു.
1980 മുതല്‍ 82 വരെ ലോകദളിന്റ സെക്രട്ടറിയായി. 1995-ല്‍ സമജവാദി ജനപരിഷത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായി. സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായും (1999-2003) രണ്ടു് പ്രാവശ്യം ദേശീയ പ്രസിഡന്റായും (2003- 2007) പ്രവര്‍ത്തിച്ചു.
അരഡസന്‍ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹം പ്രശസ്തമായ പ്രതിപക്ഷ് പത്രികയുടെ പത്രാധിപരായിരുന്നു.


സോഷ്യലിസ്റ്റ് വിക്കിയില്‍ ഇത് ലേഖനമായിരിയ്ക്കുന്നു. 

20110305

ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍‍ (1926-2011)


1964മുതല്‍‍ 2011വരെ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായി വാണയാളാണു് ബ്രഹ്മശ്രീ ആഴ്‌വാഞ്ചേരി മനയ്‌ക്കല്‍ രാമന്‍ തമ്പ്രാക്കള്‍‍ എന്ന എ.ആര്‍. തമ്പ്രാക്കള്‍. 1926 മേയ്‌ 31ന്‌ ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കളുടെയും കോടനാട്ട്‌ മനയ്‌ക്കല്‍ സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ്‌ രാമന്‍ തമ്പ്രാക്കള്‍ ജനിച്ചത്‌. മുന്നു് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു അദ്ദേഹം.

പ്രാഥമിക വിദ്യാഭ്യാസം ഇല്ലത്തു് വച്ചായിരുന്നു. സംസ്‌കൃതപഠനത്തിനു് ധര്‍‍മോത്തു് വാസുദേവപ്പണിയ്ക്കരായിരുന്നു ഗുരു. സംസ്‌കൃതത്തിലും വേദോപനിഷത്തുകളിലും പാണ്ഡിത്യം നേടിയ എ.ആര്‍. തമ്പ്രാക്കളുടെ സമാവര്‍ത്തനം 1937ല്‍ നടന്നു. ഇതു് തിരുവിതാംകൂര്‍ മഹാരാജാവടക്കം കേരളത്തിലെ എല്ലാ നാടുവാഴികളും ബ്രിട്ടീഷ്‌ അധികാരത്തിന്റെ പ്രതിനിധികളും പങ്കെടുത്ത മഹാ ഉല്‍‍സവമായിരുന്നു.

1964-ല്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായി.. 1960 നവംബര്‍ 27ന് കുന്നംകുളം ചിറയളത്ത് മണപ്പാട്ടെ ജസ്റ്റിസ് കുഞ്ചുണ്ണിരാജയെ കക്കാട്ട് കാരണവരായി അരിയിട്ട് വാഴിച്ചു. (വിമല്‍ കോട്ടയ്ക്കല്‍, തമ്പുരാന്‍മാരുടെ തമ്പുരാന്‍ ഇനി ധന്യമായ ഓര്‍മ, മാതൃഭൂമി, 2011 ഫെ 19)

കാലാനുയോജ്യമായ പരിവര്‍ത്തനത്തിനും പരിഷ്ക്കാരത്തിനും ആഴ്‌വാഞ്ചേരി രാമന്‍‍‍ തമ്പ്രാക്കള്‍ അനുകൂലമായിരുന്നു. ആഴ്‌വാഞ്ചേരിയില്‍ തുടര്‍ന്നുവന്ന പല ചിട്ടകളും രാമന്‍ തമ്പ്രാക്കളുടെ കാലത്തു് മാറ്റി. (വിമല്‍ കോട്ടയ്ക്കല്‍, തമ്പുരാന്‍മാരുടെ തമ്പുരാന്‍ ഇനി ധന്യമായ ഓര്‍മ, മാതൃഭൂമി, 2011 ഫെ 19) പട്ടര്‍, പടിപ്പുര, പശു, പന, പാന, പലക, പുല, പരഗൃഹപ്രവേശം, പണം, പെണ്‍ എന്നീ 10 'പ'കാരാദികള്‍ക്ക് ആഴ്‌വാഞ്ചേരി മനയിലും പരിസരത്തും സ്ഥാനമുണ്ടായിരുന്നില്ല. ഇതില്‍ പശുവിനെ കുറേക്കാലം മനയില്‍ത്തന്നെ തമ്പ്രാക്കള്‍ വളര്‍ത്തി. പട്ടര്‍ പാചകംചെയ്ത ഭക്ഷണം തമ്പ്രാക്കള്‍ക്ക് നിഷിദ്ധമായിരുന്നു.

എന്നാല്‍ പട്ടരുണ്ടാക്കിയ ഭക്ഷണം കഴിച്ച ആദ്യതമ്പ്രാക്കള്‍ താനാണെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു. മറ്റ് വീടുകളിലേക്ക് (പരഗൃഹഗമനം) തമ്പ്രാക്കള്‍ സാധാരണ പോകാറില്ല. ആ പതിവും രാമന്‍ തമ്പ്രാക്കള്‍ തെറ്റിച്ചു. ഭാര്യയുടെ ഇല്ലത്തേക്കായിരുന്നുവത്രെ ആദ്യയാത്ര.എളിമയുടെ ജീവിതമാണ്‌ തമ്പ്രാക്കള്‍ നയിച്ചത്‌. എന്നും അതിരാവിലെ എഴുന്നേറ്റ്‌ കുളി കഴിഞ്ഞാല്‍ 108 സൂര്യഗായത്രിജപം. പിന്നെ തേവാരം. എട്ടരയോടെ പ്രാതല്‍ ഊണ്‌. വീണ്ടും ഓത്തുചൊല്ലല്‍, പത്രം വായന. അതിനിടയില്‍ കാഴ്‌ചക്കാര്‍ തമ്പ്രാക്കളെ കാണാനെത്തും. വിശ്രമത്തിനുശേഷം വീണ്ടും വേദോപാസന. പൂമുഖത്തെ ചാരുകസേരയില്‍ പഞ്ചമുഖരുദ്രാക്ഷം തടവി ഇരിയ്ക്കും.

നിത്യജീവിതത്തിലെ പ്രയാസങ്ങള്‍ തമ്പ്രാക്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനും പ്രശ്‌നപരിഹാര നിര്‍ദേശത്തിനുമായി നാടിന്റെ വിവിധ ദേശങ്ങളില്‍നിന്ന്‌ അനേകരാണ്‌ മനയില്‍ എത്തിയിരുന്നത്‌. നാക്കിലയില്‍ വെറ്റില, അടയ്‌ക്ക, കാഴ്‌ചപ്പണം, വേട്ടേക്കരനുള്ള നെയ്‌ക്കിണ്ടി എന്നിവ വച്ച്‌ നമസ്‌കരിച്ച്‌ കൃഷിവിഭവങ്ങള്‍ കാഴ്‌ചയായി നല്‍കി തമ്പ്രാക്കളുടെ അനുഗ്രഹത്തിനായി ദിവസവും ആഴ്‌വാഞ്ചേരി മനയിലെത്തിരുന്നു. സ്‌ഥലം വാങ്ങി വീടുവച്ചതിനു ശേഷം ചില പ്രശ്‌നങ്ങളുണ്ടായി, പ്രശ്‌നവിചാരത്തില്‍ ഭൂമി തമ്പ്രാക്കളുടേതാണെന്നറിഞ്ഞ്‌ പ്രായശ്‌ചിത്തം ചെയ്യാന്‍ വരുന്നതാണു് പലരും.
തമ്പ്രാക്കളെ കണ്ടുവണങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്ന വിശ്വാസവുമായി ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍, ജ്യോത്സ്യന്മാരുടെ നിര്‍ദേശപ്രകാരം വരുന്നവര്‍, ജീവിതപ്രയാസങ്ങള്‍ക്ക്‌ പരിഹാരം തേടി എത്തുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ആശ്വാസ സാന്നിധ്യമായിരുന്നു വലിയ തമ്പ്രാക്കള്‍.

ക്ഷേത്രകാര്യങ്ങളില്‍ നല്ല അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി ദിവസവും അനവധി പേര്‍ ആഴ്‌വാഞ്ചേരിയിലെത്തിരുന്നു. വെട്ടത്തുനാട്ടിലെ മുസ്‌ലിം മതപണ്ഡിതന്‍മാരുമായും തമ്പ്രാക്കള്‍ അടുത്ത ബന്ധമാണ്‌ പുലര്‍ത്തിയിരുന്നത്‌. അതിനാല്‍ ഇതര മതസ്‌ഥരും അദ്ദേഹത്തെ സന്ദര്‍ശിക്കുക പതിവാണ്‌. എടക്കുളം കുന്നുംപുറം പഠാണി ഷഹീദ്‌ മഖാമിലേക്കുള്ള കൊടിമരം നല്‍കിയത്‌ രാമന്‍ തമ്പ്രാക്കളുടെ മതസൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയായാണ്‌ ഇന്നും നാട്ടുകാര്‍ കാണുന്നത്‌.

അരനൂറ്റാണ്ട്‌ മുന്‍പ്‌ മഖാമിലേക്കുള്ള കൊടിമരത്തിന്റെ തേക്ക്‌ ആഴ്‌വാഞ്ചേരിയില്‍നിന്നുള്ള പ്രത്യേക പ്രാര്‍ഥനയോടെയാണ്‌ എടക്കുളത്ത്‌ എത്തിച്ചതു്. കൂടാതെ, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക്‌ അധികാരമുള്ള വൈരങ്കോട്‌ ഭഗവതിക്ഷേത്രോല്‍സവത്തിന്റെ ഒരു വിഹിതം എടക്കുളത്തെ മുസ്‌ലിം കുടുംബത്തിനു നല്‍കുന്ന ചടങ്ങും മുടക്കം കൂടാതെ ഇന്നും തുടര്‍ന്നുപോരുന്നു.

ഉല്‍സവം കഴിഞ്ഞ്‌ മൂന്നാം നാള്‍ വൈരങ്കോട്‌ ക്ഷേത്രത്തില്‍ സംഭാവന ചെയ്യുന്ന വസ്‌തുക്കളുടെ വിഹിതം എടക്കുളം വെള്ളാടത്ത്‌ മുസ്‌ലിം തറവാട്ടിലെ മുതിര്‍ന്ന കാരണവര്‍ക്കാണ്‌ നല്‍കുന്നത്‌. തിരുനാവായയിലെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും അകമഴിഞ്ഞ പ്രോല്‍സാഹനമാണ്‌ ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ നല്‍കിവന്നിരുന്നത്‌.

പുരാതന ആഴ്‌വാഞ്ചേരി മനയുടെ തൊണ്ണൂറു ശതമാനവും പൊളിച്ചു് മുന്‍ഭാഗം ആധുനിക രീതിയിലാക്കി. മന പൊളിക്കുന്ന സമയത്തു് തമ്പ്രാക്കള്‍ പാക്കത്ത്‌ മനയിലാണു താമസിച്ചിരുന്നത്‌. ഭൂപരിഷ്‌കരണം വന്നതോടെ കേരളത്തിലങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ പലതിന്റെയും ഉടമാവകാശവും നഷ്‌ടമായി. ഇപ്പോള്‍ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങള്‍ ആഴ്‌വാഞ്ചേരിക്കു കീഴിലുണ്ട്‌.

ചളവറ കാടമ്പറ്റ മനയ്ക്കല്‍ ആര്യ അന്തര്‍ജനമാണു് ഭാര്യ. മക്കള്‍ സാവിത്രി, ജലജ, പത്മജ, കൃഷ്‌ണന്‍ തമ്പ്രാക്കള്‍ എന്നിവരും മരുമക്കള്‍ കെ.എ.എസ്‌. നമ്പൂതിരിപ്പാട്‌(റിട്ട. ഡിഎംഒ), കെ.ടി. ഭട്ടതിരി(റിട്ട. എന്‍ജിനീയര്‍, ടൈറ്റാനിയം), പൂമുള്ളി വാസുദേവന്‍ നമ്പൂതിരി, രജനി എന്നിവരുമാണു്.

തീപ്പെടല്‍‍

വാര്‍ധക്യസഹജമായ അസുഖത്താല്‍ ഫെ 18 രാവിലെ 10.45ന്‌ മനയില്‍വച്ചു് 85ആം വയസ്സിലാണു്‍ എ.ആര്‍. തമ്പ്രാക്കള്‍ തീപ്പെട്ടതു്. വൈരങ്കോട്‌ ഭഗവതിക്ഷേത്രത്തിലെ വലിയ തീയാട്ടുല്‍സവത്തിന്‌ മനയില്‍നിന്നു പോകുന്ന ദേശവരവുകള്‍ക്ക്‌ അനുഗ്രഹം നല്‍കാനുള്ള ഒരുക്കത്തിനിടെയാണ്‌ ദേഹാസ്വാസ്‌ഥ്യമുണ്ടായത്‌. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പ്രാക്കള്‍ തലേ തിങ്കളാഴ്‌ചയായിരുന്നു മനയിലെത്തിയത്‌.

ഭാര്യ ആര്യാദേവി അന്തര്‍ജനം, മക്കളായ സാവിത്രി, ജലജ, പത്മ, കൃഷ്‌ണന്‍ എന്നിവര്‍ മരണസമയത്ത്‌ അരികിലുണ്ടായിരുന്നു. സംസ്‌കാരം അന്നു് രാത്രി എട്ടരയോടെ ആഴ്‌വാഞ്ചേരി മനയുടെ വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഏകമകന്‍ കൃഷ്‌ണന്‍ തമ്പ്രാക്കള്‍ ചിതയ്ക്കു തീ കൊളുത്തി. മന്ത്രിമാരായ പാലോളി മുഹമ്മദ്‌കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.എം. ഫ്രാന്‍സിസ്‌ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചവരില്‍‍ പെടുന്നു.

മകന്‍ ആഴ്‌വാഞ്ചേരി മനയ്‌ക്കല്‍ കൃഷ്‌ണന്‍ തമ്പ്രാക്കള്‍ (എ.കെ. തമ്പ്രാക്കള്‍-48) ആണ്‌ ആഴ്‌വാഞ്ചേരിയിലെ അടുത്ത സ്‌ഥാനീയന്‍. അതുകഴിഞ്ഞു് അദ്ദേഹത്തിന്റെ മകളായ മഞ്‌ജിമയാണു വിധിപ്രകാരം തമ്പ്രാട്ടിയാകേണ്ടതത്രേ. തൃശൂരില്‍ വിദ്യാര്‍ഥിനിയാണു് മഞ്‌ജിമ.

കേരളത്തിലെ ചരിത്രത്തിലും ഐതിഹ്യങ്ങളിലും സ്ഥാനം നേടിയ ഒരു മഹാപാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി നേത്രനാരായണന്‍ രാമന്‍ തമ്പ്രാക്കള്‍‍.

ആഴ്‌വാഞ്ചേരി നേത്രനാരായണന്‍ രാമന്‍ തമ്പ്രാക്കള്‍‍

20110304

ആഴ്‍‍വാഞ്ചേരി തമ്പ്രാക്കൾ

ഡോ. രാജന്‍ ചുങ്കത്ത്‌ എഴുതിയ 
ഇതിഹാസപുരുഷന്‍‍ ആഴ്‍‍വാഞ്ചേരി
 തമ്പ്രാക്കള്‍ എന്ന പുസ്തകം
നമ്പൂതിരി സമുദായത്തിലെ ആത്മീയ അധ്യക്ഷസ്‌ഥാനത്തുള്ള കുടുംബമായ ആഴ്വാഞ്ചേരി മനയുടെ കാരണവരാണ് ആഴ്‍‍വാഞ്ചേരി തമ്പ്രാക്കള്‍ അഥവാ ആഴ്‌വാഞ്ചേരി സമ്രാട്ട്‌. ബ്രാഹ്‌മണരുടെ ആചാരാനുഷ്‌ഠാനങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാനതീര്‍പ്പ്‌ തമ്പ്രാക്കളുടേതായിരുന്നു. മതപരമായ കാര്യങ്ങളില്‍ പരമാധികാരിയുമായിരുന്നു.

 കേരളത്തില്‍ ഭരണം നടത്തിയിരുന്ന നാടുവാഴികളെയെല്ലാം അരിയിട്ടു വാഴിച്ചിരുന്നതും ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി മഹാരാജാക്കന്മാരുടെ കിരീടധാരണംനടത്താനും കോഴിക്കോട് സാമൂതിരിയെയും അരിയിട്ടു വാഴിക്കാനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.

 അധികാരകേന്ദ്രങ്ങളെയും ബ്രാഹ്‌മണരെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. രാജശാസനകളെ ധിക്കരിക്കുന്നവരും തെറ്റു ചെയ്യുന്നവരുമായ നമ്പൂതിരിമാരെ ശാസിയ്ക്കാനും ശിക്ഷിക്കാനുള്ള അധികാരവും തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണരെ ശിക്ഷിക്കാന്‍ രാജാക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല.

തമ്പ്രാക്കളെ ക്ഷണിക്കാത്ത വിശേഷ ചടങ്ങുകള്‍ കേരളത്തിലെ രാജകൊട്ടാരങ്ങളിലോ ബ്രാഹ്‌മണഗൃഹങ്ങളിലോ മുന്‍പ്‌ ഉണ്ടായിരുന്നില്ല.

ആഴ്‌വാഞ്ചേരി സമ്രാട്ടിന്റെ ഉയര്‍‍ച്ച

ക്രിസ്ത്വബ്ദം 6-8 നൂറ്റാണ്ടുകളില്‍‍ കേരളത്തിലേയ്ക്കു് കുടിയറിയ നമ്പൂതിരിമാര്‍‍ 32 ഗ്രാമങ്ങളില്‍‍ കുടിയിരുന്നു് പരശുരാമന്റെ പേരില്‍ കേരളത്തില്‍‍ ആര്യ മതാധിപത്യവും ജാതി വ്യവസ്ഥയും സ്ഥാപിച്ചു. ‍ഈ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ കുടിയിരുന്ന നമ്പൂതിരിമാരെ ശങ്കരാചാര്യരുടേതെന്നു് പറയുന്ന‍ ജാതി നിര്‍‍ണയം എന്ന ഗ്രന്ഥത്തില്‍‍ പറയുന്നതു്പോലെ എട്ടു് ജാതികളായി ഉപജാതികളായി വിഭജിച്ചപ്പോള്‍ ആഢ്യബ്രാഹ്‌മണനും മുകളില്‍ ആത്മീയാചാര്യസ്ഥാനം നല്‍കിയാണു് തമ്പ്രാക്കളെ അവരോധിച്ചതു്. തമ്പ്രാക്കള്‍ ‍(സമ്രാട്ട്), ആഢ്യന്‍, വിശിഷ്ട ബ്രാഹ്മണന്‍, സാമാന്യ ബ്രാഹ്മണന്‍, ജാതിമത്രേയന്‍, സാങ്കേതികന്‍, ശാപഗ്രസ്തന്‍, പാപിഷ്ഠന്‍ എന്നിങ്ങനെയാണു് നമ്പൂതിരിമാരെ ആഭിജാത്യക്രമത്തില്‍ പരശുരാമന്റെ പേരില്‍ ഉപജാതികളായി തിരിച്ചിട്ടുള്ളതു്. ബ്രാഹ്മണര്‍ക്കിടയിലെ തര്‍ക്കത്തില്‍ അവസാന വാക്കായിരുന്നു തമ്പ്രാക്കള്‍.

ഭദ്രാസനം (ഭദ്രസ്‌ഥാനം), സര്‍വ്വമാന്യം, ബ്രഹ്‌മസാമ്രാജ്യം, ബ്രഹ്മവര്‍ച്ചസ് എന്നീ നാല്‌ അധികാരസ്‌ഥാനങ്ങള്‍ തമ്പ്രാക്കള്‍ക്കു് മാത്രമുള്ളതായിരുന്നു. ഈ നാല് പൗരോഹിത്യ പ്രവൃത്തികള്‍ എല്ലാം പരമ്പരയാ വഹിക്കേണ്ടതും അവ യഥാവിധി അനുഷി്ഠക്കേണ്ടതും തമ്പ്രാക്കളുടെ കര്‍ത്തവ്യമാകുന്നു. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനകാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാന തീര്‍പ്പ് കല്പിക്കാനും തമ്പ്രാക്കള്‍‍ക്കാണധികാരം. മത, സാമുദായിക പ്രശ്‌നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക വിവേചനാധികാരവുമുണ്ടായിരുന്നു കേരള ചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടം തുടങ്ങുന്നതു് തമ്പ്രാക്കളുടെ പ്രതിഷ്‌ഠാപനത്തിലൂടെയാണ്‌.

തമ്പ്രാക്കള്‍ സ്ഥാനം സ്ഥിരമായി നിലനിന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയുടെയാണ്. കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കും അക്കാലത്ത് ഓരോ തമ്പ്രാക്കള്‍ ഉണ്ടായിരുന്നിരിക്കാം. ആഴ്‌വാഞ്ചേരിക്ക് പുറമെ കല്പകഞ്ചേരി തമ്പ്രാക്കള്‍, കുറുമാത്തൂര്‍ തമ്പ്രാക്കള്‍, അകവൂര്‍ തമ്പ്രാക്കള്‍ എന്നിങ്ങനെ തമ്പ്രാക്കള്‍ സ്ഥാനമുള്ള വേറെയും ബ്രാഹ്മണഗൃഹങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. പന്നിയൂര്‍‍ ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കല്പകഞ്ചേരി തമ്പ്രാക്കള്‍ക്കു് ഒരുകാലത്തു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍‍ക്കുള്ള പ്രാധാന്യം ഉണ്ടായിരുന്നെന്നു് നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ടു്.അന്തഃച്ഛിദ്രങ്ങളെത്തുടര്‍ന്നു് പന്നിയൂര്‍അപ്രസക്തമായതോടെ കല്പകഞ്ചേരിയുടെ ഇതിഹാസം കടങ്കഥയായി.അംഗസംഖ്യകൊണ്ടു് ഏറ്റവും പ്രബലമായിരുന്ന പെരുവനം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്ന കിരാങ്ങാട്ടു് നമ്പൂതിരിപ്പാടിനു് കാലം പകര്‍‍ന്നാടിയപ്പോള്‍‍ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. (ഡോ എംജി ശശിഭൂഷണ്‍‍,ഭൂതകാലത്തെ വിചാരണചെയ്തതമ്പ്രാക്കള്‍‍,കലാകൗമുദി, 2011മാര്‍‍ച്ച് 6‍)

 നമ്പൂതിരി ഗ്രാമങ്ങളില്‍ വച്ച്‌ ഏറ്റവും മുഖ്യമായി ശുകപുരം മാറിയതോടെയാണു് അവിടത്തെ വൈദീകാചാര്യന്‍‍ പ്രധാനപ്പെട്ട തമ്പ്രാക്കള്‍‍ ആയതെന്നാണു് ഒരുവിലയിരുത്തല്‍. ശുകപുരം ഗ്രാമത്തിന്റെ ഐക്യത്തിനു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു കാരണം. രാഗദ്വേഷാദിദോഷങ്ങള്‍‍ തീണ്ടാത്ത സമദൃഷ്ടികളായാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാര്‍‍ അറിയപ്പെട്ടിരുന്നതും. യാഗത്തിനു് പ്രാധാന്യം കൊടുത്തിരുന്ന മേഴത്തോള്‍ അഗ്നിഹോത്രിയുടെ പിന്‍‍മുറക്കാരുംക്ഷേത്രാരാധനയെ അംഗീകരിച്ചിരുന്ന ഇതരനമ്പൂതിരിമാരും തമ്മിലുള്ളമല്‍‍സരങ്ങള്‍‍ക്കു് വിരാമമിടാനും ആഴ്‌വാഞ്ചേരിമാര്‍‍ക്കു് സാധിച്ചിരിയ്ക്കാം. (ഡോ എംജി ശശിഭൂഷണ്‍‍,ഭൂതകാലത്തെ വിചാരണചെയ്ത തമ്പ്രാക്കള്‍‍, കലാകൗമുദി, 2011മാര്‍‍ച്ച് 6‍) ഇന്ന് തമ്പ്രാക്കള്‍ സ്ഥാനം നിലനില്‍ക്കുന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയെന്നു് പറയുന്നതു് അങ്ങനെയാണു്.

 കുലപതി 

 ജാതി ശ്രേണിയില്‍ ഏറ്റവും മുകളില്‍നിന്ന നമ്പൂതിരിമാരിലെ ഒന്നാം സ്ഥാനക്കാരനാണ്‌ തമ്പ്രാക്കള്‍‍. ബ്രാഹ്‌മണ പൗരോഹിത്യത്തിന്റെ കുലപതി എന്ന നിലയ്‌ക്കാണ്‌ കേരളചരിത്രത്തില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുള്ള സ്‌ഥാനം. 1964-2011കാലത്തെ ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കളെ നമ്പൂതിരിമാരുടെ മാര്‍പ്പാപ്പ എന്നു് കേരളീയ വൈദിക പാരമ്പര്യങ്ങളില്‍‍ അവഗാഹം നേടിയിട്ടുള്ള വിദേശിയായ ഡോ. ആസ്‌കോ പര്‍പ്പോള വിശേഷിപ്പിച്ചിരുന്നു.

കേരളത്തിലെ നമ്പൂതിരി ഗ്രാമങ്ങളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്‌ഠമായി കരുതപ്പെട്ടിരുന്ന ശുകപുരം ഗ്രാമത്തിന്റെ ആത്മീയ നേതാവ്‌ എന്ന നിലയില്‍ റോമന്‍ കത്തോലിക്കര്‍ വത്തിക്കാനു നല്‍കുന്ന പദവിയാണ്‌ പണ്ട്‌ കേരളീയര്‍ തമ്പ്രാക്കളുടെ സ്‌ഥാനത്തിനു് നല്‍കിയിരുന്നത്‌. ബ്രാഹ്മണരുടെ മതപരമായ കാര്യങ്ങളില്‍ 'സുപ്രീം അതോറിറ്റി' എന്നതിലുപരി, രാജശാസനകളെ ധിക്കരിക്കുന്ന നമ്പൂതിരിമാരെ ശിക്ഷിക്കാനുള്ള അധികാരവും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു.
 ''റോമിലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പദവി പോപ്പിന് തുല്ല്യമായിരുന്നേനെ'' എന്നു് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയും അഭിപ്രായപ്പെട്ടിട്ടുണ്ടു്.

നമ്പൂതിരിമാരുടെ സുപ്രീം കോടതി എന്നാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കാണിപ്പയ്യൂര്‍‍ ശങ്കരന്‍‍ നമ്പൂരിപ്പാടു് വിളിയ്ക്കുന്നതു്.

 തമ്പ്രാക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍

 ഋഗ്വേദിയായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ ശുകപുരം ഗ്രാമത്തിലെ 'ആഢ്യന്‍' നമ്പൂതിരിമാരുടേതു പോലെയാണെങ്കിലും അല്പം വ്യത്യാസങ്ങള്‍ ഉണ്ട്. മറ്റുള്ളവര്‍ ശംഖ് രീതിയില്‍ തറ്റുടുക്കുമ്പോള്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ 'ഗദ' രീതിയിലാണ് തറ്റുടുക്കുന്നത്. (ഡോ. രാജന്‍ ചുങ്കത്ത്‌, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, മാതൃഭൂമി, 2011 ഫെ 19)

 ആഴ്‌വാഞ്ചേരിയില്‍ ജനിക്കുന്നവരെല്ലാം ദേവാംശസംഭൂതന്മാരാണെന്ന വിശ്വാസവുമുണ്ട്‌. ആഴ്‌വാഞ്ചേരി മനയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ്‌ തമ്പ്രാക്കള്‍ എന്ന പേരിലറിയപ്പെടുക. ലോകത്തിന്റെ, പ്രത്യേകിച്ച് കേരളത്തിലെ ജനതയുടെ മുഴുവന്‍ മംഗളം പ്രാര്‍ത്ഥിക്കുക, അങ്ങിനെ നാരായണമൂര്‍ത്തിയെ പ്രസന്നനാക്കുക, അതിനുവേണ്ടി ജീവിതത്തിലെ ബോധപൂര്‍വ്വകമായ എല്ലാ കര്‍മ്മങ്ങളും ഉഴിഞ്ഞുവെക്കുക എന്നതായിരുന്നു തമ്പ്രാക്കളുടെ ഉദ്യോഗം. ഇതിനായി സദാ ധ്യാനിച്ചുകൊണ്ടിരിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് തമ്പ്രാക്കളുടെ അനുഗ്രഹത്തിനുവേണ്ടി അദ്ദേഹത്തിന്റെ അടുത്ത് ആളുകള്‍ വരുമായിരുന്നു. അവരുടെ ദുഃഖങ്ങളെ അദ്ദേഹം പ്രാര്‍ത്ഥനകളിലൂടെ ദുരീകരിക്കുമായിരുന്നു. 

ആധ്യാത്മികതയുടെ പരിവേഷം പുരണ്ട സവിശേഷമായ ഒരു ജീവിതരീതിയാണ് തമ്പ്രാക്കള്‍ക്ക് വിധിച്ചിട്ടുള്ളത്. ഒരുപാട് വിലക്കുകള്‍. പരാന്നഭോജനവും, പരസ്ത്രീഗമനവും തമ്പ്രാക്കള്‍ക്ക് നിഷിദ്ധമാണ്. ആഴ്‌വാഞ്ചേരിയിലെ മൂത്ത തമ്പ്രാക്കള്‍ മാത്രം വംശം നിലനിര്‍ത്താന്‍ വിവാഹിതനാകും. ബാക്കിയുള്ള തമ്പ്രാക്കള്‍ എല്ലാം പൂര്‍ണ്ണ ബ്രഹ്മചര്യം അനുഷ്ഠിച്ച് ജിതേന്ദ്രിയരായി ഈശ്വരസേവയില്‍ മുഴുകി മനയില്‍ തന്നെ താമസിക്കും. ആധാരങ്ങളിലും മറ്റു രേഖകളിലും തമ്പ്രാക്കളുടെ പ്രവൃത്തി 'ഈശ്വരവിചാരം' എന്നാണ്.

 വേട്ടയ്ക്കൊരുമകന്‍‍ എന്നറിയപ്പെടുന്ന കിരാതവേഷത്തിലുള്ള ശിവനെയാണു് തമ്പ്രാക്കള്‍ പൂജിക്കുന്നത്‌. പാശുപതാസ്‌ത്രം അര്‍ജുനനു കൊടുക്കുന്നതിനു മുന്‍പു കിരാതരൂപം പൂണ്ടു പ്രത്യക്ഷപ്പെട്ട താടിയുള്ള, അമ്പും വില്ലുമേന്തിയ ധ്യാനരൂപത്തിലുള്ള ശിവന്‍.

 ആഴ്‌വാഞ്ചേരിയിലെ തമ്പ്രാക്കളെപ്പറ്റി നൂറ്റിയിരുപതത്തഞ്ചിലേറെ വര്‍ഷം മുമ്പു് മലബാര്‍ മാന്വലില്‍ മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. “അദ്ദേഹത്തിന്റെ ദേഹം പവിത്രമത്രേ. നിര്‍ദ്ദേശങ്ങള്‍ ആജ്ഞയത്രേ. ചലനമോ എഴുന്നള്ളത്ത്. ആഹാരം അമൃതേത്ത്. മനുഷ്യജീവികളില്‍ ഏറ്റവും പൂജ്യനീയന്‍. ഭൂമിയില്‍ ഈശ്വരന്റെ പ്രതിനിധിയാണദ്ദേഹം.” ഇതാണു് വില്ല്യം ലോഗന്‍ തന്റെ 'മലബാര്‍ മാന്വലി'ല്‍ വിവരിക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ വാങ്മയ ചിത്രം.

 എല്ലാവര്‍ക്കും തമ്പ്രാക്കളായ കഥ

 ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു വംശപരമ്പരയാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടേതു്. ആഴ്‌വാഞ്ചേരി നമ്പൂതിരി എല്ലാവര്‍ക്കും തമ്പ്രാക്കളായ കഥ ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നുണ്ട്‌. തമ്പ്രാക്കളെ ശരിക്കും തമ്പ്രാക്കളാക്കിയതു് പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരാണത്രെ . 'എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കള്‍' എന്നു് പ്രഖ്യാപിച്ചതു് പറയ ജാതിക്കാരനായ പാക്കനാരാണെന്നാണു് ഐതിഹ്യം. ഒരിക്കല്‍ മുറജപത്തിനു് പോയി ഹിരണ്യഗര്‍ഭം കഴിഞ്ഞ് ദക്ഷിണയായി കിട്ടിയ സ്വര്‍ണ്ണപ്പശുവിനെയെയും കൊണ്ടു് വരുന്ന വഴി തമ്പ്രാക്കളെ പാക്കനാര്‍ തടഞ്ഞു് കുസൃതി പറഞ്ഞു, “ജീവനില്ലാത്ത ജന്തുവിന്റെ അവകാശം ഞങ്ങള്‍ക്കുള്ളതാണ്‌. ആ ജന്തുവിനെ ഇങ്ങു തരണം.” തമ്പ്രാക്കള്‍ പറഞ്ഞു; “ചത്തതല്ല ജീവനുള്ളതാണ്‌.” “പിന്നെയെന്തിന് ചുമന്നുകൊണ്ടുപോകുന്നു, നടത്തിക്കൊണ്ടുപോകണം ” എന്നായി പാക്കനാര്‍. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഉടനെ പരിചാരകനോട് പശുവിനെ വാങ്ങി എല്ലാവരും കാണ്‍കെ നിലത്തുവച്ചു കല്‍പ്പിച്ചു, “ഉം, നടക്ക്‌”. പശു നടന്നുവെന്നും അങ്ങനെ പൊന്നിന്റെ പശുവിനെ അടിച്ച് ആതവനാട്ടേക്ക് തമ്പ്രാക്കള്‍ നടത്തിക്കൊണ്ടുപോയെന്നുമാണു് ഐതിഹ്യം. അപ്പോള്‍ പാക്കനാര്‍ പാടിയതത്രേ, `എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല. ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌ തമ്പ്രാക്കള്‍.

അന്നുമുതല്‍ അദ്ദേഹം എല്ലാവര്‍ക്കും തമ്പ്രാക്കളായി. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍‍ നടത്തിക്കൊണ്ടുപോയതു് സ്വര്‍ണ ആനയെയായിരുന്നുവെന്നും പൊന്നിന്റെ ആന നടന്നയിടം പൊന്നാനയും പിന്നെ പൊന്നാനിയുമായി എന്നുമാണു് മറ്റൊരു കഥ. 

നേത്രനാരായണന്‍

 നേത്രനാരായണന്‍ എന്ന പേരിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ അറിയപ്പെട്ടിരുന്നു. നാരായണമൂര്‍ത്തിയെ നേരിട്ടുകണ്ട കണ്ണുകളുള്ളവര്‍ എന്ന സങ്കല്പത്തിലാണു് 'നേത്രനാരായണന്‍മാര്‍' എന്ന നാമധേയം ലഭിച്ചത്.

അഗ്‌നിഹോത്രിയുടെ സോമയാഗങ്ങളില്‍ മഹര്‍ത്വിക്‌ ആയ `ബ്രഹ്‌മന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നത്രേ. 99 യാഗം കഴിഞ്ഞപ്പോള്‍ ദേവേന്ദ്രന്‍ ആശങ്കയിലായി. അഗ്‌നിഹോത്രിയുടെ നൂറാമത്തെ യാഗം തടയാനായി ദേവേന്ദ്രന്റെ താല്‍പര്യപ്രകാരം നാരായണമൂര്‍ത്തി നേരിട്ട്‌ യാഗശാലയിലെത്തി മേഴത്തോള്‍ അഗ്നിഹോത്രിയോട്‌ നൂറാമത്തെ യാഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. യാഗം നിര്‍ത്തണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സമ്മതം വേണമെന്ന്‌ അഗ്‌നിഹോത്രി അറിയിച്ചു. നാരായണമൂര്‍ത്തി തമ്പ്രാക്കളെ നേരിട്ടുകണ്ട്‌ അഭ്യര്‍ത്ഥിച്ചു് നൂറാമത്തെ യാഗം നിര്‍ത്തിവയ്‌പിച്ചുവെന്നാണു് ഐതിഹ്യം.

നേത്രങ്ങള്‍കൊണ്ട്‌ നാരായണമൂര്‍ത്തിയെ കണ്ടതുമുതലാണ്‌ ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാരെ `നേത്രനാരായണന്‍ എന്നു വിശേഷിപ്പിച്ചുവന്നത്‌. ദേവേന്ദ്രന് ഇന്ദ്രപദവി നഷ്ടപ്പെടാതിരിക്കുന്നതിനായാണ് അഗ്‌നിഹോത്രി 100-ാമത് യാഗം നിര്‍ത്തിവെച്ചതെന്ന് പറയപ്പെടുന്നു.

 തുഞ്ചത്തു് എഴുത്തച്ഛന്‌ പിന്തുണ

 മലയാള ഭാഷയ്ക്ക്‌ ലിപി രൂപപ്പെടുത്തിയ തുഞ്ചത്തു് എഴുത്തച്ഛനു് (16ആം നൂറ്റാണ്ട്‍), മലയാളം സംസ്കൃതത്തിനൊപ്പമാകുമെന്നു് ഭയന്ന വൈദികരില്‍നിന്നും സംസ്കൃത വിദ്വാന്മാരില്‍നിന്നും കനത്ത എതിര്‍പ്പ്‌ നേരിടേണ്ടിവന്നിരുന്നു. അക്ഷരമാല ജനങ്ങളുടെ മനസ്സിലുറയ്ക്കാനായി എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനം എഴുതി. അത്‌ പ്രചരിപ്പിക്കാനുള്ള അനുമതി നല്കിയതു് തമ്പ്രാക്കളായിരുന്നത്രെ. തമ്പ്രാക്കളുടെ നിലപാട്‌ അവര്‍‍ക്കു് ഇഷ്ടമായില്ലെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.(ആഴ്‌വാഞ്ചേരിത്തമ്പ്രാക്കള്‍ ചരിത്രവും ഐതിഹ്യവും പി. നാരായണന്‍ )

തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അംഗീകാരം കിട്ടി. ബ്രഹ്‌മാണ്ഡപുരാണമെഴുതാന്‍‍ തുഞ്ചത്തു് എഴുത്തച്ഛനെ പ്രേരിപ്പിച്ചതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണു്.
 ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി 
നേത്രനാരായണന്‍‍ തന്നാജ്ഞയാ വിരചിതം
 എന്നു് അതില്‍‍ പറയുന്നു.

 ഗണിതം, ജ്യോതിശാസ്‌ത്രം എന്നിവയെ ഏറെ സ്‌നേഹിച്ചവരായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കളെന്നു് ബ്രഹ്‌മാണ്ഡപുരാണത്തില്‍ പറയുന്നുണ്ട്‌. വേദാംഗശാസ്‌ത്രങ്ങളില്‍ `കല്‍പം എന്ന വേദാംഗത്തില്‍ അദ്വിതീയ സ്‌ഥാനവും ആഴ്‌വാഞ്ചേരി മനയ്‌ക്കുണ്ടായിരുന്നു. അതുവഴി വേദനിഷ്‌ഠമായ വിജ്‌ഞാന ശാസ്‌ത്രങ്ങളെ കാലാന്തരങ്ങളായി നിലനിര്‍ത്തുന്നതിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വലിയ പങ്കുവഹിച്ചു. (ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, നക്ഷത്രങ്ങളായ രുദ്രാക്ഷ ദുഃഖങ്ങള്‍, മാതൃഭൂമി, 2011 ഫെ 19) ആഴ്‌വാഞ്ചേരി മനയിലെ ഗ്രന്ഥപ്പുര അമൂല്യമായ ഒട്ടേറെ താളിയോല ഗ്രന്ഥങ്ങളുടെ ഈടുവെപ്പുകളായിരുന്നു. ഗുണ്ടര്‍ട്ടിനെപ്പോലുള്ള പണ്ഡിതന്മാര്‍ അവ വേണ്ടുവോളം പ്രയോജനപ്പെടുത്തി.

 മഹാജ്‌ഞാനികളായ ആഴ്‌വാര്‍മാരുടെ പരമ്പര

 മഹാജ്‌ഞാനികളായ ആഴ്‌വാര്‍മാരുടെ പരമ്പരയെ ചേര ചക്രവര്‍ത്തിമാരിലൊരാള്‍‍ ഇവിടെ പറിച്ചുനട്ടതാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളില്‍‍ ആദ്യത്തെയാളെന്നു് തഞ്ചാവൂരിലെ രേഖകള്‍ തെളിയിക്കുന്നുവെന്നു് സി. രാധാകൃഷ്‌ണന്‍ പറയുന്നു. കൈലാസത്തിലേക്കു പുറപ്പെട്ട ഒരു ആഴ്‌വാരെ ചേര ചക്രവര്‍ത്തി പിന്നാലെ ചെന്നു കൂട്ടിക്കൊണ്ടുവന്ന്‌ ആതവനാട്ടില്‍ വാഴിച്ച ചിത്രം തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തില്‍ ചുവരില്‍ എഴുതപ്പെട്ടിരിക്കുന്നുവത്രേ.

 രാജാക്കന്‍മാരെ വാഴിക്കുന്നവര്‍‍

 കേരളക്കരയിലെ രാജാക്കന്മാരെ കിരീടധാരണം ചെയ്യുന്നതിന്റെ ചുമതലയുള്ളവരായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. അതായതു് കോരപ്പുഴയ്‌ക്ക്‌ തെക്കുള്ള എല്ലാ നാടുവാഴികള്‍ക്കും അരിയിട്ടുവാഴ്‌ചയ്‌ക്ക്‌ തമ്പ്രാക്കള്‍ക്കായിരുന്നു അധികാരം.

തിരുവിതാംകൂര്‍ മഹാരാജാവിന്റെയും കൊച്ചി മഹാരാജാവിന്റെയും കോഴിക്കോട് സാമൂതിരിപ്പാടിന്റെയും കിരീടധാരണം തമ്പ്രാക്കളാണു് നടത്തിയിരുന്നത്‌. കോലത്തിരിയെയും മങ്കട വള്ളുവക്കോനാതിരിയെയും കക്കാട്ട് കാരണവസ്ഥാനിയെയും അരിയിട്ട് വാഴിക്കുന്നതും (കിരീടധാരണം) അവര്‍ തന്നെ.

 ക്രിസ്ത്വബ്ദം. 16ആം നൂറ്റാണ്ടിന്റെ സാമൂതിരിയും പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി) തമ്മിലുള്ള സ്പര്‍ധയുടെ സമയത്തു് സാമൂതിരിയുടെ പക്ഷത്തു് ചേര്‍‍ന്നു് ആതവനാട്ടേയ്ക്കു് പോയപ്പോള്‍‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍‍ക്കു് പെരുമ്പടപ്പ് സ്വരൂപത്തിലെ അവകാശങ്ങള്‍ പലതും ത്യജിയ്ക്കേണ്ടിവന്നു.

 കുട്ടിയേട്ടന്‍രാജ എന്ന മാനവിക്രമന്‍രാജയാണ് അരിയിട്ട് വാഴ്ചയോടെ രാജാവായ അവസാനത്തെ കോഴിക്കോട് സാമൂതിരിപ്പാടു്. 1937 സപ്തംബര്‍ ഏഴിനായിരുന്നു ആ ചടങ്ങ്. ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കളാണ് അദ്ദേഹത്തെ അരിയിട്ട് വാഴിച്ചത്. അതിനുശേഷം തമ്പ്രാക്കന്മാര്‍ ആരെയും രാജാവായി വാഴിച്ചിട്ടില്ല.

കൊല്ലവര്‍ഷം 924 ല്‍ (ക്രിസ്ത്വബ്ദം 1748-ല്‍)‍ മാര്‍ത്താണ്ഡവര്‍മ രാജാവ്‌ തൃപ്പടിദാനം ചെയ്ത്‌ ശ്രീപത്മനാഭന്‌ രാജ്യം സമര്‍പ്പിച്ചതോടെ വേണാട് (തിരുവിതാംകൂര്‍) മഹാരാജാവിന്റെ കിരീടധാരണാവകാശം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടേതല്ലാതായെങ്കിലും തിരുവിതാംകൂര്‍ രാജാക്കന്‍മാരെ ഉപനയനക്രിയയിലൂടെ ക്ഷത്രിയ പദവിയില്‍ അവരോധിച്ചിരുന്നതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍‍ തന്നെയായിരുന്നു. തമ്പ്രാക്കള്‍ ഹിരണ്യഗര്‍ഭം നടത്തിക്കൊടുത്താലേ തിരുവിതാംകൂര്‍ മഹാരാജാവ്‌ ക്ഷത്രിയനാകുമായിരുന്നുള്ളൂ. വെള്ളാളനാണു് തിരുവിതാംകൂര്‍ മഹാരാജാവ്‌ . സ്വര്‍ണംകൊണ്ടുള്ള ഒരു പശുവിനെ നിര്‍മിച്ച് അതിന്റെ അകത്തുകൂടി രാജകുമാരന്മാരെ കടത്തിക്കൊണ്ടുവന്നിട്ടാണ് ഹിരണ്യഗര്‍ഭം എന്ന വേദമന്ത്ര പൂരിതമായ ഉപനയനകര്‍മ്മം നിര്‍വഹിച്ചിരുന്നത്.

 വേണാട് (തിരുവിതാംകൂര്‍) രാജാക്കന്മാര്‍ പത്മനാഭ ദാസന്മാരായി മാറിയതിന്റെ പിറ്റേയാണ്ടായ കൊല്ലവര്‍‍ഷം 925 (ക്രിസ്ത്വബ്ദം 1749)-ല്‍‍ തിരുവിതാംകൂര്‍ മഹാരാജാവ് ആരംഭിച്ചതും ആറാണ്ടുകൂടുമ്പോള്‍‍ നടത്തിയിരുന്നതുമായ 56 ദിവസം നീണ്ടു്നില്ക്കുന്നതായ മുറജപത്തിന് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌ നേതൃത്വം നല്‍‍കിവന്നതു്. മുറജപമെന്നതു് എട്ടു് ദിവസംതോറുമുള്ള ഏഴു് മന്ത്രാചരണ സത്രമാണു്. .മുറജപത്തിന്‌ അദ്ദേഹത്തിന്‌ നല്‍കുന്ന ദക്ഷിണ എണ്ണാതെയും അളക്കാതെയുമായിരുന്നു. അതിനാണ്‌ 'വാരിക്കോരി'ക്കൊടുക്കുക എന്ന പ്രയോഗം വന്നത്‌. 

മുറജപത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ ക്ഷണിക്കുന്നത് 'മുറ' ജപിക്കാനെന്നു് പറഞ്ഞല്ല. മറിച്ച് മഹാരാജാവിന്റെ ആദരണീയ അതിഥിയായിട്ടാണ്. മുറജപവേളയില്‍ വൈദികന്മാര്‍ തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ അന്തിമവിധി കല്പിക്കാനുള്ള അധികാരം വിശിഷ്ടാതിഥിയായ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കായിരുന്നു.

 തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച് മുറജപത്തിനെത്തുന്ന ആഢ്യ നമ്പൂതിരിമാരും മറ്റു് നമ്പൂതിരിമാരും കൊട്ടാരത്തില്‍ ചെന്നു് രാജാവിനെ മുഖം കാണിക്കുമ്പോള്‍, മഹാരാജാവ് തിരുമനസ്സ് തമ്പ്രാക്കള്‍ താമസിക്കുന്ന സ്ഥലത്ത് എത്തി തമ്പ്രാക്കളെ മുഖം കാണിക്കും. തിരുവനന്തപുരത്ത് രാജാവ് തമ്പ്രാക്കളുടെ അടുത്തെത്തിയാല്‍ ഇരിക്കുകയില്ല. മഹാരാജാവ് കാണാന്‍ വരുമ്പോള്‍ തമ്പ്രാക്കള്‍ ആവണപ്പലകയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് സാഷ്ടാംഗം നമസ്‌കരിക്കുന്ന കുലശേഖരപ്പെരുമാളെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഇരുന്നുകൊണ്ട് അനുഗ്രഹിക്കും. ഇതില്‍നിന്നും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ആത്മീയ പ്രഭാവവും, അംഗീകാരവും എത്രമാത്രമാണെന്ന് മനസ്സിലാക്കാം. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇപ്രകാരം അനുസ്മരിയ്ക്കുന്നു. “തമ്പ്രാക്കളെന്നാല്‍ വളരെ ബഹുമാന്യനായ വ്യക്‌തിയാണ്‌. ബഹുമാനപുരസരമാണു് ഞങ്ങള്‍ കണ്ടിരുന്നതും ഇടപഴകിയതും. തൊഴുതു നമസ്‌കരിക്കും. കവടിയാര്‍ കൊട്ടാരത്തില്‍ മൂന്നുനാലു തവണ വന്നിട്ടുണ്ട്‌. ഏറെയും സൗഹൃദസന്ദര്‍ശനങ്ങളായിരുന്നു. വളരെ കുട്ടിക്കാലത്തു മുറജപത്തിനു വന്നിട്ടുണ്ട്‌.” (സ്‌നേഹസമ്പന്നനായ പണ്ഡിതന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, മലയാള മനോരമ, 2011 ഫെ19)

 രാജപുരോഹിതന്‍ എന്ന നിലയില്‍ അനിഷേധ്യമായ അധികാരം ഒട്ടേറെ നൂറ്റാണ്ടുകാലം ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ നിലനിര്‍ത്തി. തിരുവിതാംകൂര്‍ മഹാരാജാവിന്‌ രാഷ്‌ട്രീയാധികാരം ഇല്ലാതാകുന്നതു വരെ, അതായത്‌ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിയോളം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധികാരങ്ങള്‍‍ നിലനിന്നു എന്നുപറയാം.

 ആചാരം, ധര്‍മം

 കേരളത്തിലെ സനാതന ധര്‍‍മ ആചാരാനുഷ്‌ഠാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കിയിരുന്നതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌. “ആചാരം, ധര്‍മം ഇതിനെപ്പറ്റി തീരുമാനമെടുക്കേണ്ട നിര്‍ണായക വ്യക്‌തി തമ്പ്രാക്കളാണ്‌. അദ്ദേഹം ഒരു തീരുമാനമെടുത്താല്‍ കേരളത്തില്‍ അതു ബാധകമാണ്‌.” എന്നാണു് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പറയുന്നതു്. 

തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പിന്തുണയോടെയാണു്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളോടൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിപ്പാടും നമ്പൂതിരി രാജാവായിരുന്ന ഇടപ്പള്ളിത്തമ്പുരാനും അവര്‍‍ണരുടെ ക്ഷേത്രപ്രവേശനത്തിനു് ആനുകൂലമായിരുന്ന പശ്ചാത്തലത്തില്‍‍ കൊച്ചിയിലെയും മലബാറിലെയും ആഢ്യബ്രാഹ്മണരും വൈദികരും ആയിട്ടുള്ളവരുടെ എതിര്‍‍പ്പിനെഅവഗണിച്ചാണു് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതു്. (അടുത്ത മുറജപം ബഹിഷ്ക്കരിക്കാന്‍‍ അവരുടെ ഭാഗത്തു് നിന്നു് നീക്കമുണ്ടെന്നു് അക്കാലത്തു് പ്രചരിച്ചുവെങ്കിലും ഒന്നും നടന്നില്ല.)

 സനാതന ഹൈന്ദവാചാരങ്ങളും അനുഷ്‌ഠാനങ്ങളും സംബന്ധിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ തക്ക പാണ്ഡിത്യമുള്ളവരായി ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ ഇന്നും കണക്കാക്കുന്നു. തെക്കന്‍ കേരളത്തിലെ ഒരു ശ്‌മശാനത്തര്‍ക്കവുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതിയും ക്രിസ്ത്വബ്ദം 2011ല്‍ മകരവിളക്ക്‌ മനുഷ്യസൃഷ്‌ടിയോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു് സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിനു മുമ്പ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കളുടെ അഭിപ്രായം തേടിയിരുന്നു. വൈദികവും ആത്മീയവും ലൗകികവുമായ ഏതു വിഷയത്തിലും അവസാന തീരുമാനമെടുക്കാന്‍ പഴയ കേരളത്തില്‍ പരമാധികാരമുണ്ടായിരുന്ന ന്യായാസനമായിരുന്നു (കോടതി) അദ്ദേഹത്തിന്റേതു്.

 ശരീരം കൊണ്ടായില്ലെങ്കിലും, മനസ്സുകൊണ്ടെങ്കിലും തമ്പ്രാക്കള്‍ കടന്നുചെല്ലാത്ത വിശേഷപ്പെട്ട ഒരു ചടങ്ങും പണ്ട് കേരളത്തിലെ രാജകൊട്ടാരങ്ങളിലോ, ബ്രാഹ്മണഗൃഹങ്ങളിലോ നടന്നിരുന്നില്ല. ഏതു ചടങ്ങിനും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുള്ള 'പലക' അവിടെ ആദ്യമേ പ്രതിഷ്ഠിക്കും. അവസാനം വരെ ആ പലക അവിടെ ഉണ്ടാവും. മറ്റാരും അതില്‍ കയറി ഇരിക്കാറില്ല. (ഡോ. രാജന്‍ ചുങ്കത്ത്‌, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, മാതൃഭൂമി, 2011 ഫെ 19)

 ആതവനാടും ആഴ്‌വാഞ്ചേരി മനയും

 ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലം (മന) ആദ്യം വന്നേരി നാട്ടില്‍ പൊന്നാനിക്കടുത്തുള്ള മാറഞ്ചേരിയിലായിരുന്നു. വന്നേരി നാട്ടില്‍ മാറഞ്ചേരിക്കടുത്ത്‌ പനമ്പാടിനു സമീപം ആഴ്‌വാഞ്ചേരിക്കാരുടെ പഴയ ഇല്ലപ്പറമ്പും (മനപ്പറമ്പും) അവശിഷ്‌ടങ്ങളും ഇപ്പോഴും കാണാമത്രേ. സാമൂതിരിയും പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി) തമ്മിലുള്ള സ്പര്‍ധയുടെ ഫലമായി സാമൂതിരിയുടെ ആവശ്യപ്രകാരം അവിടംവിട്ട് ഭാരതപ്പുഴയുടെ കിഴക്കന്‍ മേഖലയില്‍ ആതവനാട്ടില്‍‍ എത്തുകയായിരുന്നുവെന്നു് പറയപ്പെടുന്നു. ക്രിസ്ത്വബ്ദം 16-ആം നൂറ്റാണ്ടിന്റെ പൂര്‍‍വാര്‍ദ്ധത്തിലാണിതു്.

 സാമൂതിരി ദാനംചെയ്ത സ്ഥലത്താണ് ഇപ്പോള്‍ തമ്പ്രാക്കള്‍ താമസിക്കുന്നത്. മലപ്പുറം ജില്ലയില്‍ ആതവനാട് പഞ്ചായത്തിലാണ് ആഴ്‌വാഞ്ചേരി മന. ആതവനാട് എന്നത് 'ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വാഴും നാട്' എന്നത് ലോപിച്ചതാണ്. മലബാര്‍ കലാപകാലത്ത്‌ ആഴ്‌വാഞ്ചേരി മന ആക്രമിക്കപ്പെട്ടപ്പോള്‍ പുത്തന്‍കോട്ട്‌ കുളമ്പുകാരായ മുസ്ലിങ്ങളാണു് മനയെ രക്ഷിച്ചതെന്നു് 1964-2011 കാലത്തെ ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ പറഞ്ഞിട്ടുണ്ടു്. തിരുന്നാവായ, തലക്കാട്, നടുവട്ടം, ആതവനാട്, കുറുമ്പത്തൂര്‍ എന്നീ പ്രദേശങ്ങളുടെ അധിപരും ആഴ്വാഞ്ചേരി മനക്കാരായിരുന്നു.

 ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ സ്വന്തം മണ്ണിലേ കാല്‍കുത്തുകയുള്ളൂവത്രെ. അതിനായി ഓരോ ഗ്രാമത്തിലും രാജാക്കന്മാര്‍ മനയിലേക്ക്‌ സ്ഥലം ദാനം നല്‍കി. കേരളത്തിലെങ്ങും ആഴ്‌വാഞ്ചേരിക്ക്‌ ജന്മമായി വസ്തുവുണ്ടായിരുന്നു. തിരുവനന്തപുരത്ത്‌ മുറജപത്തിന്റെ മുഖ്യകര്‍മി ആഴ്‌വാഞ്ചേരിയായതുകൊണ്ടു് അദ്ദേഹത്തെ അവിടെ നിലംതൊടാതെയാണ്‌ എത്തിച്ചിരുന്നത്‌. പല്ലക്കില്‍ രാജഭടന്മാരുടെ അകമ്പടിയോടെ അല്ലെങ്കില്‍ തോണിയില്‍. കാല്‍വെക്കാനുള്ള സ്ഥലം രാജാവ്‌ മനയിലേക്ക്‌ ദാനം ചെയ്തു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന്‌ തമ്പ്രാക്കള്‍ താമസിക്കുന്ന സ്ഥലംവരെ കരിങ്കല്‍പാകിയ പാത നിര്‍മിച്ചു കൊടുത്തത്‌ ഇന്നും കാണാം. 

ഒരുകാലത്തു് കേരളമാകെ പരന്നുകിടക്കുന്ന ഭൂസ്വത്തിന്റെ ഉടമകളായിരുന്നു ഇവരെങ്കിലും കേരളത്തില്‍ ജനാധിപത്യ വാഴ്ച വന്നതോടെ മാറ്റം വന്നു. കേരളത്തിലങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ പലതിന്റെയും ഉടമാവകാശവും നഷ്‌ടമായി. എങ്കിലും കേരളത്തില്‍ തിരുവനന്തപുരത്തടക്കം പല സ്‌ഥലത്തും തമ്പ്രാക്കള്‍ക്ക്‌ ഭൂമിയും ഒട്ടനവധി ക്ഷേത്രങ്ങളുമുണ്ട്‌. കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ തമ്പ്രാക്കള്‍ക്ക്‌ അധികാരവും അവകാശവും ഉണ്ട്‌. ഇപ്പോള്‍ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങള്‍ ആഴ്‌വാഞ്ചേരി മനയ്ക്കു് കീഴിലുണ്ട്‌.

 ആതവനാട്‌ എന്ന ഗ്രാമത്തിന്റെ മദ്ധ്യത്തില്‍ അനേകമേക്കറുകളില്‍ വ്യാപിച്ച്‌കിടന്ന ഇരുപത്തിനാലു പടിപ്പുരയുണ്ടായിരുന്ന പുരാതന ആഴ്‌വാഞ്ചേരി മനയുടെ തൊണ്ണൂറു ശതമാനവും പൊളിച്ചു് രാമന്‍ തമ്പ്രാക്കളുടെ (1964-2011) കാലത്തു് മുന്‍ഭാഗം ആധുനിക രീതിയിലാക്കി. മന പൊളിക്കുന്ന സമയത്തു് തമ്പ്രാക്കള്‍ പാക്കത്ത്‌ മനയിലാണു് താമസിച്ചിരുന്നത്‌.

 ആഴ്‌വാഞ്ചേരി മനയുടെ ക്ഷയത്തിന്‌ കാരണമായ സംഭവം കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നുണ്ട്‌. നൂറ്‌ കണക്കിന്‌ പശുക്കളുള്ള ഗോശാല മനയ്ക്കല്‍ ഉണ്ടായിരുന്നു. നോട്ടക്കുറവ്കൊണ്ടു് പശുക്കളുടെ എണ്ണം കുറഞ്ഞുവന്നു. നൂറിലേറെ ഗോഹത്യകള്‍ തടയാനാവാത്ത ആ കുടുംബത്തിന്‌ പലവിധ ദുര്‍നിമിത്തങ്ങളുമുണ്ടായി. അതിന്‌ പരിഹാരമായി പാഴൂര്‍ പടിപ്പുരയില്‍നിന്ന്‌ കണിയാരെ വരുത്തി വിശദമായി ചിന്തിച്ചു. ഇല്ലപ്പറമ്പിനടുത്ത്‌ വിശാലമായ പ്രദേശത്ത്‌ വേലികെട്ടി പയര്‍കൃഷി ചെയ്യാനും. അത്‌ പൂവും കായുമായി നില്‍ക്കുമ്പോള്‍ അയല്‍ വീടുകളിലെ പശുക്കളെ വിട്ട്‌ തീറ്റിക്കാനുമായിരുന്നു വിധി. എന്നാലും മനയില്‍ പശുക്കള്‍ വാഴില്ലെന്നും മനയിലെ അംഗസംഖ്യ വര്‍ധിക്കില്ലെന്നും വന്നു. അന്നാരംഭിച്ചതാണ്‌ മനയുടെ ഗ്ലാനി എന്നു പറയപ്പെടുന്നു.

 സര്‍വവിധ ഐശ്വര്യങ്ങളും കുമിഞ്ഞുനിന്നിരുന്ന ആഴ്‌വാഞ്ചേരി മനയില്‍ ഇല്ലത്തെ പത്തുകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ശ്ലോകം ഐതിഹ്യമാലയില്‍ കാണാം.
 പായും പരമ്പു,പശു, പാത്രി, പടറ്റി വാഴ,
 പത്തായവും പലക, പൈതല്‍, പണം, തഥൈവ
 പായാദിപത്തിവ പടിപ്പുരയോടുകൂടി
 തമ്പ്രാക്കള്‍ തന്‍ നിലയനേ നഹിയെന്നു കേള്‍പ്പൂ.
 പട്ടര്‍, പടിപ്പുര, പശു, പന, പാന, പലക, പുല, പരഗൃഹപ്രവേശം, പണം, പെണ്‍ എന്നീ 10 'പ'കാരാദികള്‍ക്ക് ആഴ്‌വാഞ്ചേരി മനയിലും പരിസരത്തും സ്ഥാനമുണ്ടായിരുന്നില്ല. 

പഴയപെരുമയുടെ നിഴല്‍‍ മാത്രം

 രാജാധിപത്യവും ബ്രാഹ്മണാധിപത്യവും കൊടികുത്തിവാണ കാലത്ത് രാജാവിനെയും ബ്രാഹ്മണനെയും ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ടായിരുന്ന ഒരേയൊരു ശക്തികേന്ദ്രമെന്ന നിലയില്‍‍ വലിയ പ്രാധാന്യമുള്ള സ്ഥാപനമായിരുന്നു ആഴ്‌വാഞ്ചേരി മന. ചാതുര്‍വര്‍ണ്യ നിഷ്‌ഠമായ ബ്രാഹ്‌മണ്യത്തിന്റെ അധികാരാവകാശങ്ങള്‍ ഇത്രയും ദീര്‍‍ഘകാലം അനുഭവിക്കാന്‍ കഴിഞ്ഞ മറ്റൊരു ബ്രാഹ്‌മണ ഗൃഹം കേരളത്തിലില്ല. എത്രമാത്രം യാഥാസ്ഥിതികരായിരുന്നെങ്കിലും കാലാനുയോജ്യമായ പരിവര്‍ത്തനത്തിനും പരിഷ്ക്കാരത്തിനും തയ്യാറായിരുന്നതുകൊണ്ടാണു് ആഴ്‌വാഞ്ചേരിത്തമ്പ്രാക്കന്മാരുടെ സ്ഥാപനം അനേക നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിലനില്‍‍ക്കുന്നതു്. മഹാകവി അക്കിത്തം സ്മരിച്ചതു്പോലെ തിരുവിതാംകൂര്‍, പെരുമ്പടപ്പ്, സാമൂതിരി മുതലായ രാജവംശങ്ങളെക്കാള്‍ പൗരാണികമായ കേരളം എന്ന ചരിത്രസത്യത്തെ അനുസ്മരിപ്പിയ്ക്കുന്ന സ്ഥാപനമാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാരുടേതു് .

20110125

പഴയ തെരഞ്ഞെടുപ്പു് ചിഹ്നങ്ങള്‍‍

'Two Bullocks with Yoke on' Election symbol of the Indian National Congress Party (1948-1969) മലയാളം: നുകം വച്ച കാളകൾ : 1948 -1969 കാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം

ചര്‍‍ക്ക നൂല്‍‍ക്കുന്ന സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) യുടെ തെരഞ്ഞെടുപ്പു് ചിഹ്നം Election symbol of the Indian National Congress (Organisation) INC(O) 'Charkha (Spinning Wheel) being plied by a woman'
കിടാവും പശുവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഏറ്റെടുക്കല്‍) കക്ഷിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) Indian National Congress (Ruling) എന്നും പിന്നീടു് ഈ കക്ഷി അറിയപ്പെട്ടു. 'Calf and cow' Election symbol of the Indian National Congress (Requisitionist)
കലപ്പയേന്തിയ കര്‍‍ഷകൻ ജനതാ പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം ‘Haldhar within Wheel (Chakra Haldhar)'Election symbol of the Janata Party
കൈപ്പത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) കക്ഷിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം 'Hand' Election symbol of the Indian National Congress (Indira)
'ചക്രം' ജനതാ ദൾ തെരഞ്ഞെടുപ്പു് ചിഹ്നം. 'The chakra (wheel)' Election symbol of the Janata Dal
നക്ഷത്രം: സ്വതന്ത്ര പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം'STAR' Election symbol of the Swatantra Party
കുടില്‍: പ്രജാ സോഷ്യലിസ്റ്റ് പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം'Hut' Election symbol of the PSP
വൃക്ഷം: സംയുക്ത സോഷ്യലിസ്റ്റ് പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം'Tree' Election symbol of the SSP
'Charkha' (Spinning Wheel). Election symbol of the Indian National Congress (Swaran Singh) ചര്‍‍ക്ക ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സ്വര്‍ണ സിംഹ്) കക്ഷിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം
'lighted oil lamp'(Jalta Diya) Election symbol of the Bharatiya Jana Sangh കത്തിച്ച എണ്ണവിളക്കു് : ഭാരതീയ ജനസംഘം പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം
ജയ് ഹിന്ദ്

20110122

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ ‍രാഷ്ട്രത്തിനുമുഴുവനും വേണ്ടി നിലകൊള്ളുകയും സ്വാതന്ത്ര്യത്തിനു് വേണ്ടിഎല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ നേടി ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഏകോപിപ്പിയ്ക്കുകയും ചെയ്ത ദേശീയമുന്നണിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് . 1885 മുതൽ 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം വരെ ദേശീയ പ്രസ്ഥാനമായി അതു് നിലനിന്നു. 
1904ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍‍‍നാഷണലിന്റെ ആംസ്റ്റര്‍‍ഡാം കോണ്‍‍ഗ്രസ്സില്‍‍ ദാദാഭായി നവറോജി പങ്കെടുക്കുന്നു.

1885-ൽ‍ മുൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഏ. ഓ. ഹ്യൂം എന്ന സായ്‍വിന്റെ മുൻകയ്യിലാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതു്. ഡബ്ല്യു.സി. ബാനർജിയായിരുന്നുആദ്യത്തെ അധ്യക്ഷൻ. മഹാത്മാ ഗാന്ധിഎന്നപേരിൽ വിഖ്യാതനായ മോഹനദാസ കർ‍മചന്ദ്ര ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വാതന്ത്ര്യ സമരം ജനകീയമായിമാറി. ഇന്ത്യൻ ജനതയെയും ദേശീയതയെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമായി കോൺഗ്രസ്സ് ഉയർ‍ന്നു. കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്ന മഹാത്മാ ഗാന്ധി രാഷ്ട്രപിതാവുമായി.

 മഹാത്മാ ഗാന്ധിയ്ക്കു് മുമ്പു് ദാദാഭായി നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരും മഹാത്മാ ഗാന്ധിയോടൊപ്പം സുഭാസ് ചന്ദ്ര ബസു, ജവഹർലാൽ നെഹ്രു, സർദാർ വല്ലഭഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, ജയപ്രകാശ് നാരായണൻ തുടങ്ങിയവരും കോൺഗ്രസിന്റെ പ്രധാനനേതാക്കളായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴും 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനക്കാലത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായിരുന്നതു് 1946 മുതൽ 1948 വരെ ചുമതല വഹിച്ച ആചാര്യ ജെ. ബി. കൃപലാനിയായിരുന്നു. ദേശീയ പ്രസ്ഥാനമെന്ന നിലയിലുള്ള കോൺഗ്രസിനെ അവസാനമായിനയിച്ച പ്രസിഡന്റായിരുന്നു അദ്ദേഹം.

 1947-ൽ‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിജീവിച്ചുവെന്നു് കോൺഗ്രസ്സിന്റെ പ്രധാനനേതാവും രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിതന്നെ 1948 ജനുവരിയിൽ പ്രസ്താവിച്ചു. കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നു് മഹാത്മാ ഗാന്ധി നിർ‍ദേശിച്ചു[1].

എന്നാൽ, മഹാത്മാ ഗാന്ധി രക്തസാക്ഷിയായ ഉടനെതന്നെ 1948 ഫെബ്രുവരി 21,22തീയതികളിൽ‍ നവ ദൽഹിയിൽ‍ ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളിക്കൊണ്ടു് സാധാരണ രാഷ്ട്രീയ കക്ഷിയായി മാറുകയാണു് ചെയ്തതു്. അതോടെ, 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ സർവ സേവാ സംഘം രൂപവൽക്കരിച്ചും[2] കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചും സ്വതന്ത്രമായി[3].

 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം മുതൽ‍ 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി (1948 – 1969) നിലനിന്നു. 1969-ൽ‍ ഇതു് തകർ‍ന്നതിനെ തുടർ‍ന്നുണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) എന്നിവയും 1978-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) പിളർ‍ന്നുണ്ടായ റെഡ്ഢിവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്നിവയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് അറിയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മറ്റു് പാർട്ടികളുമായി ലയിച്ചുണ്ടായ ജനതാ പാർട്ടി 1977ൽ അധികാരത്തിലേറി. 1978-ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്ന കക്ഷി 1986 മുതൽ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേരു് ഉപയോഗിച്ചു് വരുന്നു.

  കോൺഗ്രസിന്റെ തുടക്കം

 വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ‍ ഹ്യൂം മുൻകയ്യെടുത്താണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതു്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല.

1884-ൽ‍ രൂപവൽ‍കരിയ്ക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്നസംഘടന പേരുമാറ്റിയാണു് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്‌ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു. ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽ വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്[4]. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു[5].

 1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. ബാല ഗംഗാധര തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ മിതവാദികളുമായി‍ മൽ‍സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾ‍ക്കായിരുന്നു. [6]. ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നുതീവ്രവാദി വിഭാഗത്തെ നയിച്ചതു്.

  മഹാത്മാ ഗാന്ധി

 ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്.

സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാ ഗാന്ധിക്കു മുൻപ് ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.

 1929-ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു.

സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയമായി. നെഹ്രുവിനെക്കൂടാതെ സർദാർ വല്ലഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, മൌലാന അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായണൻ എന്നീ നേതാക്കന്മാരും ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.

  ക്വിറ്റ് ഇന്ത്യാ സമരം

 ക്വിറ്റ് ഇന്ത്യാ സമരമായിരുന്നു അന്തിമസമരം. ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നൽകൂ എന്നാവശ്യപ്പെട്ടു് 1942 ആഗസ്റ്റിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ) അഥവാ ഓഗസ്റ്റ് പ്രസ്ഥാനം

1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.

 ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ബ്രിട്ടീഷുകാർ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽ‌സ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സം‌വിധാനങ്ങൾ തകർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകർത്തതും ബ്രിട്ടീഷ് ഇന്ത്യൻ സൈനികരിൽ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഇടയാക്കിയതും ബ്രിട്ടീഷ് ഭരണത്തെ ദുർ‍ബലമാക്കി.

ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ആശയവ്യത്യാസങ്ങൾ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നു് സ്വാതന്ത്ര്യ സമരത്തെ വിജയത്തിലെത്തിച്ചു.

 1947ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ ലക്ഷ്യം നേടിയെന്നും ലോക സേവാ സംഘം (ജന സേവാ സംഘം) ആയി മാറണമെന്നുമായിരുന്നു മഹാത്മാ ഗാന്ധിയുടെ നിലപാടു്. 1948 ഫെബ്രുവരി 21,22തീയതികളിൽ‍ നവ ദില്ലിയിൽ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സാധാരണ രാഷ്ട്രീയ കക്ഷിയായി മാറി.

 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ സർവ സേവാ സംഘം രൂപവൽക്കരിച്ചും കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചും വെവ്വേറെ സംഘടനകളായിത്തീർ‍ന്നു. അങ്ങനെ 1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം താഴെ പറയുംപോലെ മൂന്നായി വഴിപിരിഞ്ഞു.


  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി . നെഹ്രു, സർ‍ദാർ പട്ടേൽ,രാജേന്ദ്രപ്രസാദ്, ആചാര്യ കൃപലാനി, രാജാജി തുടങ്ങിയവർ നയിച്ചതു്. 
  •  സർവ സേവാ സംഘം ആചാര്യ വിനോബ ഭാവെ നയിച്ചതു്. 
  •  സോഷ്യലിസ്റ്റ് പാർട്ടി ആചാര്യ നരേന്ദ്ര ദേവെ, ജയപ്രകാശ് ,ലോഹിയാ, അശോക മേത്ത തുടങ്ങിയവർ നയിച്ചതു്.  


1946 മുതൽ 1948 വരെ ആചാര്യ ജെബി കൃപലാനിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് .


1 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി 1948 -1969
നുകമേന്തിയ കാളകൾ
1948 -1969 ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 21,22തീയതികളിൽ‍ നവദില്ലിയിൽ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെ പുറന്തള്ളിയതോടെ സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. തെരഞ്ഞെടുപ്പു് ചിഹ്നം: നുകമേന്തിയ കാളകൾ 1969-ലെ തകർ‍ച്ച വരെയായിരുന്നു അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടിയുടെ കാലം. ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) ആയും ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) ആയും മാറി.

  2 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)
ചര്‍‍ക്ക നൂല്‍‍ക്കുന്ന സ്ത്രീ
1969-ലെ പിളർ‍പ്പിനെ തുടർ‍ന്നു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) എന്നാണറിയപ്പെട്ടതു്. ജനതാ പാർ‍ട്ടിയായി മാറി അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ‍ അധികാരത്തിലേറി . അശോകമേത്തയായിരുന്നു അവസാന പ്രസിഡന്റ്.

  3 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)
ഭരണകോൺഗ്രസ്സിന്റെ ചിഹ്നം
പശുവും കിടാവും
1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നു് പുറത്താക്കപ്പെട്ടപ്പോൾ ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) 1978-ൽ പിളർ‍ന്നുണ്ടായ കക്ഷിയാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ അഥവാ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) .

 അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ‍ ഭരണ കോൺഗ്രസ് അധികാരത്തിൽ നിന്നു് പുറത്തായപ്പോൾ‍ അതിന്റെ പ്രസിഡന്റായ ബ്രഹ്മാനന്ദ റെഡ്ഢിയുമായി അകന്ന ഇന്ദിരാ ഗാന്ധി സമാന്തര എ ഐ സി സി സമ്മേളനം വിളിച്ചുകൂട്ടി പ്രസിഡന്റായതോടെ 1978 ജനുവരി രണ്ടിനു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) നിലവിൽ‍ വന്നു. ഭരണ കോൺ‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു് ചിഹ്നമായ പശുവും കിടാവും ബ്രഹ്മാനന്ദ റെഡ്ഢി നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനായിരിയ്ക്കുമെന്നു് ജനുവരി ഇരുപത്തിമൂന്നിനു് തെരഞ്ഞെടുപ്പു് കമ്മീഷണർ പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി രണ്ടിനു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) കക്ഷിയ്ക്കു് കൈപ്പത്തി തെരഞ്ഞെടുപ്പു് ചിഹ്നമായി അനുവദിച്ചു.

ഫെബ്രുവരി ഇരുപത്തെട്ടിനു് ബ്രഹ്മാനന്ദ റെഡ്ഢി ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിറ്റേന്നു് മാർ‍ച്ച് ഒന്നിനു് സ്വരൺ‍സിംഹ് ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായി ചുമതലയേറ്റു. സ്വരൺ‍സിംഹ് നയിച്ച ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പിളർ‍പ്പുണ്ടായതോടെ 1979 ൽഅതു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സ്വരൺ‍സിംഹ്) ആയി മാറി.

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സ്വരൺ‍സിംഹ്) വിഭാഗം പിന്നീടു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (അരശ്) ആയും അതുകഴിഞ്ഞു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സോഷ്യലിസ്റ്റ്) ആയും മാറിക്കൊണ്ടു് നാമമാത്രമായിമാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സോഷ്യലിസ്റ്റ്) കക്ഷിക്കു് കേരള നിയമ സഭയിലും മന്ത്രി സഭയിലും പ്രാതിനിധ്യമുണ്ടു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സോഷ്യലിസ്റ്റ്) എന്ന കക്ഷിയ്ക്കു് ചര്‍‍ക്ക ചിഹ്നം ലഭിച്ചു.

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) 1980 ലെ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ കക്ഷിയായി ഉയർ‍ന്നു് കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരം നേടി. 1984ൽ‍ മരിക്കുന്നതു് വരെ ഇന്ദിരാ ഗാന്ധി പ്രസിഡന്റായി തുടർ‍ന്നു. തുടർ‍ന്നു് പ്രസിഡന്റായ ഇന്ദിരാ ഗാന്ധിയുടെ മകനായ രാജീവ് ഗാന്ധി 1991 ൽ‍ വധിയ്ക്കപ്പെട്ടു .1991മുതൽ‍ 1997 വരെ പി വി നരസിംഹറാവുവും 1997 മുതൽ‍ 1998-ലെ എ ഐ സി സി-ഐ സമ്മേളനം വരെ സീതാറാം കേസരിയും പ്രസിഡന്റായി. ഇന്നു് ശ്രീമതി സോണിയാ ഗാന്ധിയാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) അദ്ധ്യക്ഷ.

  കോൺഗ്രസ് പാരമ്പര്യമുള്ള കക്ഷികൾ

 ജനതാ പാർട്ടി, ജനതാ ദൾ,സോഷ്യലിസ്റ്റ് പാർ‍ട്ടി ലോക് ദൾ‍ വിഭാഗങ്ങൾ ആർ‍ എസ് പി, ഫോർ‍വേഡ് ബ്ലോക്, കേരള കോൺഗ്രസുകൾ തുടങ്ങിയവ കോൺഗ്രസ് പശ്ചാത്തലത്തിൽ ആവിർ‍ഭവിച്ച കക്ഷികളാണു് .കമ്യൂണിസ്റ്റ് കക്ഷികൾ, അകാലിദൾ, മുസ്ലീം ലീഗ്, ജനസംഘം, ഹിന്ദു മഹാസഭ, തുടങ്ങിയവയും അവയുടെ പാരമ്പര്യം അവകാശപ്പെടുന്നവയും ഓഴിച്ചുള്ള ഇന്ത്യയിലെ കക്ഷികൾ‍ മിക്കവാറും കോൺഗ്രസ് പാരമ്പര്യമുള്ള കക്ഷികളാണു്. ഭാരതീയ ജനതാ പാർട്ടി ഇപ്പോൾ ജനസംഘം പാരമ്പര്യം അവകാശപ്പെടുന്നകക്ഷിയാണു്.

  അവലംബം

 1.  1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിനാൽ ഇപ്പോഴത്തെ കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നും 1949 ജനുവരി 29-നു് രേഖപ്പെടുത്തി. എ ഐ സി സി ജനറൽ‍ സെക്രട്ടറി ആചാര്യ കിശോർ അതു് ഫെബ്രുവരി 7ന്നു്പത്രങ്ങൾ‍ക്കു് നൽകി. മഹാത്മാ ഗാന്ധിയുടെ സമ്പൂർ‍ണ കൃതികളുടെ തൊണ്ണൂറാം ഗ്രന്ഥത്തിൽ‍ ആ പ്രസ്താവന പൂർ‍ണമായി വന്നിട്ടുണ്ടു്- ഉദയാസ്തമയങ്ങൾ ഒന്നിച്ചോ?; സുകുമാർ അഴീക്കോടു്; മാതൃഭൂമി മഹാത്മാ ഗാന്ധി സപ്ലിമെന്റ്, 1994; പുറം:98

2.  ഗാന്ധിമാർ‍ഗത്തിന്റെ പുത്തൻ‍പ്രസക്തി; ജി. കുമാരപിള്ള; ഭാഷാപോഷിണി (1992 ഫെബ്രു-മാർ‍ച്ച് ലക്കം) പുറം: 61

3.  ജയപ്രകാശ് നാരായൺ; തായാട്ട് ശങ്കരൻ‍; കേരളഗ്രന്ഥശാലാ സഹകരണ സംഘം, തിരുവനന്തപുരം; വിതരണം: വിദ്യാർ‍ത്ഥിമിത്രം ബുക് ഡിപ്പോ, കോട്ടയം;1977; പുറം:184

4.  ഇന്ത്യൻ‍ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; പി.എ വാരിയർ‍‍, ഡോ.കെ വേലായുധൻ‍നായർ‍; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:10,11

5.  ഇന്ത്യയുടെ‍ സ്വാതന്ത്ര്യ സമരം; ബിപൻ‍ചന്ദ്ര ; ഡി സി ബുക്സ്, കോട്ടയം; 2007; പുറം:64

6.  ഇന്ത്യൻ‍ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; പി.എ വാരിയർ‍‍, ഡോ.കെ വേലായുധൻ‍നായർ‍; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:28

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം1885 -1948

20110114

ഡോ എം. തോമസ് മാത്യു


ഡോ. എം. തോമസ് മാത്യു 1940 സെപ്റ്റംബര്‍ 27ന് പത്തനംതിട്ടയിലെ കീക്കൊഴുരീല്‍ ജനിച്ചു എറണാകുളം മഹാരാജാസ് കോളെജില്‍നിന്നു മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. അധ്യാപകനായി ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളെജില്‍ തുടക്കം. 1996 ല്‍ മഹാരാജാസ് കോളെജില്‍നിന്നു റിട്ടയര്‍ ചെയ്തു.

കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍, വിജയനിലയത്തില്‍ താമസം. ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്‍റെ വാല്‍മീകം എവിടെ, സാഹിത്യദര്‍ശനം, വാങ്മുഖം, ആത്മാവിന്‍റെ മുറിവുകള്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കുന്നു, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം എന്നീ പുസ്തകങ്ങളും എം.എന്‍. റോയിയു ടെ ന്യൂ ഹുമനിസം, ചാപകിന്‍റെ ആര്‍ യു ആര്‍ എന്നിവയുടെ തര്‍ജമയും ഗ്രന്ഥങ്ങള്‍.

പ്രൊഫ.എം കെ സാനു

പ്രൊഫ.എം കെ സാനു

മലയാള സാഹിത്യ നിരൂപകനും ചിന്തകനും പത്രപ്രവര്‍ത്തകനും വാഗ്മിയും അദ്ധ്യാപകനും ജീവചരിത്രകാരനുമാണു് പ്രൊഫ.എം കെ സാനു. 1928 ഒക്‌ടോബര്‍ 27നു് ജനിച്ചു.

ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്‌ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആലപ്പുഴ സനാതന ധര്‍മ്മ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍ നിന്നായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കൊല്ലത്ത്‌ സ്‌കൂളിലും, ശ്രീനാരായണ കോളജിലും അദ്ധ്യാപകനായി ജോലിചെയ്തു.തുടര്‍ന്ന്‌ ഗവണ്‍മെന്റ്‌ കോളജില്‍ നിയമനം ലഭിച്ച അദ്ദേഹം എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും വിരമിച്ചു. 87-92 കാലത്തു് എറണാകുളം നിയോജക മണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാ സാമാജികനായിരുന്നു.

കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ പ്രേമഭാജനം, അസ്‌തമിക്കാത്ത വെളിച്ചം, അഞ്ചു ശാസ്‌ത്രനായകന്മാര്‍, വിശ്വാസത്തിലേക്കു വീണ്ടും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കര്‍മ്മ ഗതി, എന്റെ വഴിയമ്പലങ്ങള്‍, ശ്രീനാരായണഗുരുസ്വാമി, സഹോദരന്‍അയ്യപ്പന്‍ എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.വയലാര്‍ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ