|
ഡോ. രാജന്‍ ചുങ്കത്ത് എഴുതിയ
ഇതിഹാസപുരുഷന്‍ ആഴ്‍വാഞ്ചേരി
തമ്പ്രാക്കള്‍ എന്ന പുസ്തകം |
നമ്പൂതിരി സമുദായത്തിലെ ആത്മീയ അധ്യക്ഷസ്‌ഥാനത്തുള്ള കുടുംബമായ ആഴ്വാഞ്ചേരി മനയുടെ കാരണവരാണ് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ അഥവാ ആഴ്‌വാഞ്ചേരി സമ്രാട്ട്. ബ്രാഹ്‌മണരുടെ ആചാരാനുഷ്‌ഠാനങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാനതീര്‍പ്പ് തമ്പ്രാക്കളുടേതായിരുന്നു. മതപരമായ കാര്യങ്ങളില്‍ പരമാധികാരിയുമായിരുന്നു.
കേരളത്തില്‍ ഭരണം നടത്തിയിരുന്ന നാടുവാഴികളെയെല്ലാം അരിയിട്ടു വാഴിച്ചിരുന്നതും ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി മഹാരാജാക്കന്മാരുടെ കിരീടധാരണംനടത്താനും കോഴിക്കോട് സാമൂതിരിയെയും അരിയിട്ടു വാഴിക്കാനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.
അധികാരകേന്ദ്രങ്ങളെയും ബ്രാഹ്‌മണരെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. രാജശാസനകളെ ധിക്കരിക്കുന്നവരും തെറ്റു ചെയ്യുന്നവരുമായ നമ്പൂതിരിമാരെ ശാസിയ്ക്കാനും ശിക്ഷിക്കാനുള്ള അധികാരവും തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണരെ ശിക്ഷിക്കാന്‍ രാജാക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല.
തമ്പ്രാക്കളെ ക്ഷണിക്കാത്ത വിശേഷ ചടങ്ങുകള്‍ കേരളത്തിലെ രാജകൊട്ടാരങ്ങളിലോ ബ്രാഹ്‌മണഗൃഹങ്ങളിലോ മുന്‍പ് ഉണ്ടായിരുന്നില്ല.
ആഴ്‌വാഞ്ചേരി സമ്രാട്ടിന്റെ ഉയര്‍ച്ച
ക്രിസ്ത്വബ്ദം 6-8 നൂറ്റാണ്ടുകളില്‍ കേരളത്തിലേയ്ക്കു് കുടിയറിയ നമ്പൂതിരിമാര്‍ 32 ഗ്രാമങ്ങളില്‍ കുടിയിരുന്നു് പരശുരാമന്റെ പേരില്‍ കേരളത്തില്‍ ആര്യ മതാധിപത്യവും ജാതി വ്യവസ്ഥയും സ്ഥാപിച്ചു. ഈ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ കുടിയിരുന്ന നമ്പൂതിരിമാരെ ശങ്കരാചാര്യരുടേതെന്നു് പറയുന്ന ജാതി നിര്‍ണയം എന്ന ഗ്രന്ഥത്തില്‍ പറയുന്നതു്പോലെ എട്ടു് ജാതികളായി ഉപജാതികളായി വിഭജിച്ചപ്പോള്‍ ആഢ്യബ്രാഹ്‌മണനും മുകളില്‍ ആത്മീയാചാര്യസ്ഥാനം നല്‍കിയാണു് തമ്പ്രാക്കളെ അവരോധിച്ചതു്. തമ്പ്രാക്കള്‍ (സമ്രാട്ട്), ആഢ്യന്‍, വിശിഷ്ട ബ്രാഹ്മണന്‍, സാമാന്യ ബ്രാഹ്മണന്‍, ജാതിമത്രേയന്‍, സാങ്കേതികന്‍, ശാപഗ്രസ്തന്‍, പാപിഷ്ഠന്‍ എന്നിങ്ങനെയാണു് നമ്പൂതിരിമാരെ ആഭിജാത്യക്രമത്തില്‍ പരശുരാമന്റെ പേരില്‍ ഉപജാതികളായി തിരിച്ചിട്ടുള്ളതു്. ബ്രാഹ്മണര്‍ക്കിടയിലെ തര്‍ക്കത്തില്‍ അവസാന വാക്കായിരുന്നു തമ്പ്രാക്കള്‍.
ഭദ്രാസനം (ഭദ്രസ്‌ഥാനം), സര്‍വ്വമാന്യം, ബ്രഹ്‌മസാമ്രാജ്യം, ബ്രഹ്മവര്‍ച്ചസ് എന്നീ നാല് അധികാരസ്‌ഥാനങ്ങള്‍ തമ്പ്രാക്കള്‍ക്കു് മാത്രമുള്ളതായിരുന്നു. ഈ നാല് പൗരോഹിത്യ പ്രവൃത്തികള്‍ എല്ലാം പരമ്പരയാ വഹിക്കേണ്ടതും അവ യഥാവിധി അനുഷി്ഠക്കേണ്ടതും തമ്പ്രാക്കളുടെ കര്‍ത്തവ്യമാകുന്നു. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനകാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാന തീര്‍പ്പ് കല്പിക്കാനും തമ്പ്രാക്കള്‍ക്കാണധികാരം. മത, സാമുദായിക പ്രശ്‌നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക വിവേചനാധികാരവുമുണ്ടായിരുന്നു കേരള ചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടം തുടങ്ങുന്നതു് തമ്പ്രാക്കളുടെ പ്രതിഷ്‌ഠാപനത്തിലൂടെയാണ്.
തമ്പ്രാക്കള്‍ സ്ഥാനം സ്ഥിരമായി നിലനിന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയുടെയാണ്. കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കും അക്കാലത്ത് ഓരോ തമ്പ്രാക്കള്‍ ഉണ്ടായിരുന്നിരിക്കാം. ആഴ്‌വാഞ്ചേരിക്ക് പുറമെ കല്പകഞ്ചേരി തമ്പ്രാക്കള്‍, കുറുമാത്തൂര്‍ തമ്പ്രാക്കള്‍, അകവൂര്‍ തമ്പ്രാക്കള്‍ എന്നിങ്ങനെ തമ്പ്രാക്കള്‍ സ്ഥാനമുള്ള വേറെയും ബ്രാഹ്മണഗൃഹങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. പന്നിയൂര്‍ ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കല്പകഞ്ചേരി തമ്പ്രാക്കള്‍ക്കു് ഒരുകാലത്തു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുള്ള പ്രാധാന്യം ഉണ്ടായിരുന്നെന്നു് നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ടു്.അന്തഃച്ഛിദ്രങ്ങളെത്തുടര്‍ന്നു് പന്നിയൂര്‍അപ്രസക്തമായതോടെ കല്പകഞ്ചേരിയുടെ ഇതിഹാസം കടങ്കഥയായി.അംഗസംഖ്യകൊണ്ടു് ഏറ്റവും പ്രബലമായിരുന്ന പെരുവനം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്ന കിരാങ്ങാട്ടു് നമ്പൂതിരിപ്പാടിനു് കാലം പകര്‍ന്നാടിയപ്പോള്‍ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. (ഡോ എംജി ശശിഭൂഷണ്‍,ഭൂതകാലത്തെ വിചാരണചെയ്തതമ്പ്രാക്കള്‍,കലാകൗമുദി, 2011മാര്‍ച്ച് 6)
നമ്പൂതിരി ഗ്രാമങ്ങളില്‍ വച്ച് ഏറ്റവും മുഖ്യമായി ശുകപുരം മാറിയതോടെയാണു് അവിടത്തെ വൈദീകാചാര്യന്‍ പ്രധാനപ്പെട്ട തമ്പ്രാക്കള്‍ ആയതെന്നാണു് ഒരുവിലയിരുത്തല്‍. ശുകപുരം ഗ്രാമത്തിന്റെ ഐക്യത്തിനു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു കാരണം. രാഗദ്വേഷാദിദോഷങ്ങള്‍ തീണ്ടാത്ത സമദൃഷ്ടികളായാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാര്‍ അറിയപ്പെട്ടിരുന്നതും. യാഗത്തിനു് പ്രാധാന്യം കൊടുത്തിരുന്ന മേഴത്തോള്‍ അഗ്നിഹോത്രിയുടെ പിന്‍മുറക്കാരുംക്ഷേത്രാരാധനയെ അംഗീകരിച്ചിരുന്ന ഇതരനമ്പൂതിരിമാരും തമ്മിലുള്ളമല്‍സരങ്ങള്‍ക്കു് വിരാമമിടാനും ആഴ്‌വാഞ്ചേരിമാര്‍ക്കു് സാധിച്ചിരിയ്ക്കാം. (ഡോ എംജി ശശിഭൂഷണ്‍,ഭൂതകാലത്തെ വിചാരണചെയ്ത തമ്പ്രാക്കള്‍, കലാകൗമുദി, 2011മാര്‍ച്ച് 6) ഇന്ന് തമ്പ്രാക്കള്‍ സ്ഥാനം നിലനില്‍ക്കുന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയെന്നു് പറയുന്നതു് അങ്ങനെയാണു്.
കുലപതി
ജാതി ശ്രേണിയില്‍ ഏറ്റവും മുകളില്‍നിന്ന നമ്പൂതിരിമാരിലെ ഒന്നാം സ്ഥാനക്കാരനാണ് തമ്പ്രാക്കള്‍. ബ്രാഹ്‌മണ പൗരോഹിത്യത്തിന്റെ കുലപതി എന്ന നിലയ്‌ക്കാണ് കേരളചരിത്രത്തില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുള്ള സ്‌ഥാനം. 1964-2011കാലത്തെ ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കളെ
നമ്പൂതിരിമാരുടെ മാര്‍പ്പാപ്പ എന്നു് കേരളീയ വൈദിക പാരമ്പര്യങ്ങളില്‍ അവഗാഹം നേടിയിട്ടുള്ള വിദേശിയായ ഡോ. ആസ്‌കോ പര്‍പ്പോള വിശേഷിപ്പിച്ചിരുന്നു.
കേരളത്തിലെ നമ്പൂതിരി ഗ്രാമങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്‌ഠമായി കരുതപ്പെട്ടിരുന്ന ശുകപുരം ഗ്രാമത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ റോമന്‍ കത്തോലിക്കര്‍ വത്തിക്കാനു നല്‍കുന്ന പദവിയാണ് പണ്ട് കേരളീയര്‍ തമ്പ്രാക്കളുടെ സ്‌ഥാനത്തിനു് നല്‍കിയിരുന്നത്. ബ്രാഹ്മണരുടെ മതപരമായ കാര്യങ്ങളില്‍ 'സുപ്രീം അതോറിറ്റി' എന്നതിലുപരി, രാജശാസനകളെ ധിക്കരിക്കുന്ന നമ്പൂതിരിമാരെ ശിക്ഷിക്കാനുള്ള അധികാരവും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു.
''റോമിലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പദവി പോപ്പിന് തുല്ല്യമായിരുന്നേനെ'' എന്നു് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയും അഭിപ്രായപ്പെട്ടിട്ടുണ്ടു്.
നമ്പൂതിരിമാരുടെ സുപ്രീം കോടതി എന്നാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂരിപ്പാടു് വിളിയ്ക്കുന്നതു്.
തമ്പ്രാക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍
ഋഗ്വേദിയായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ ശുകപുരം ഗ്രാമത്തിലെ 'ആഢ്യന്‍' നമ്പൂതിരിമാരുടേതു പോലെയാണെങ്കിലും അല്പം വ്യത്യാസങ്ങള്‍ ഉണ്ട്. മറ്റുള്ളവര്‍ ശംഖ് രീതിയില്‍ തറ്റുടുക്കുമ്പോള്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ 'ഗദ' രീതിയിലാണ് തറ്റുടുക്കുന്നത്. (ഡോ. രാജന്‍ ചുങ്കത്ത്, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, മാതൃഭൂമി, 2011 ഫെ 19)
ആഴ്‌വാഞ്ചേരിയില്‍ ജനിക്കുന്നവരെല്ലാം ദേവാംശസംഭൂതന്മാരാണെന്ന വിശ്വാസവുമുണ്ട്. ആഴ്‌വാഞ്ചേരി മനയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് തമ്പ്രാക്കള്‍ എന്ന പേരിലറിയപ്പെടുക. ലോകത്തിന്റെ, പ്രത്യേകിച്ച് കേരളത്തിലെ ജനതയുടെ മുഴുവന്‍ മംഗളം പ്രാര്‍ത്ഥിക്കുക, അങ്ങിനെ നാരായണമൂര്‍ത്തിയെ പ്രസന്നനാക്കുക, അതിനുവേണ്ടി ജീവിതത്തിലെ ബോധപൂര്‍വ്വകമായ എല്ലാ കര്‍മ്മങ്ങളും ഉഴിഞ്ഞുവെക്കുക എന്നതായിരുന്നു തമ്പ്രാക്കളുടെ ഉദ്യോഗം. ഇതിനായി സദാ ധ്യാനിച്ചുകൊണ്ടിരിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് തമ്പ്രാക്കളുടെ അനുഗ്രഹത്തിനുവേണ്ടി അദ്ദേഹത്തിന്റെ അടുത്ത് ആളുകള്‍ വരുമായിരുന്നു. അവരുടെ ദുഃഖങ്ങളെ അദ്ദേഹം പ്രാര്‍ത്ഥനകളിലൂടെ ദുരീകരിക്കുമായിരുന്നു.
ആധ്യാത്മികതയുടെ പരിവേഷം പുരണ്ട സവിശേഷമായ ഒരു ജീവിതരീതിയാണ് തമ്പ്രാക്കള്‍ക്ക് വിധിച്ചിട്ടുള്ളത്. ഒരുപാട് വിലക്കുകള്‍. പരാന്നഭോജനവും, പരസ്ത്രീഗമനവും തമ്പ്രാക്കള്‍ക്ക് നിഷിദ്ധമാണ്. ആഴ്‌വാഞ്ചേരിയിലെ മൂത്ത തമ്പ്രാക്കള്‍ മാത്രം വംശം നിലനിര്‍ത്താന്‍ വിവാഹിതനാകും. ബാക്കിയുള്ള തമ്പ്രാക്കള്‍ എല്ലാം പൂര്‍ണ്ണ ബ്രഹ്മചര്യം അനുഷ്ഠിച്ച് ജിതേന്ദ്രിയരായി ഈശ്വരസേവയില്‍ മുഴുകി മനയില്‍ തന്നെ താമസിക്കും. ആധാരങ്ങളിലും മറ്റു രേഖകളിലും തമ്പ്രാക്കളുടെ പ്രവൃത്തി 'ഈശ്വരവിചാരം' എന്നാണ്.
വേട്ടയ്ക്കൊരുമകന്‍ എന്നറിയപ്പെടുന്ന കിരാതവേഷത്തിലുള്ള ശിവനെയാണു് തമ്പ്രാക്കള്‍ പൂജിക്കുന്നത്. പാശുപതാസ്‌ത്രം അര്‍ജുനനു കൊടുക്കുന്നതിനു മുന്‍പു കിരാതരൂപം പൂണ്ടു പ്രത്യക്ഷപ്പെട്ട താടിയുള്ള, അമ്പും വില്ലുമേന്തിയ ധ്യാനരൂപത്തിലുള്ള ശിവന്‍.
ആഴ്‌വാഞ്ചേരിയിലെ തമ്പ്രാക്കളെപ്പറ്റി നൂറ്റിയിരുപതത്തഞ്ചിലേറെ വര്‍ഷം മുമ്പു് മലബാര്‍ മാന്വലില്‍ മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “അദ്ദേഹത്തിന്റെ ദേഹം പവിത്രമത്രേ. നിര്‍ദ്ദേശങ്ങള്‍ ആജ്ഞയത്രേ. ചലനമോ എഴുന്നള്ളത്ത്. ആഹാരം അമൃതേത്ത്. മനുഷ്യജീവികളില്‍ ഏറ്റവും പൂജ്യനീയന്‍. ഭൂമിയില്‍ ഈശ്വരന്റെ പ്രതിനിധിയാണദ്ദേഹം.” ഇതാണു് വില്ല്യം ലോഗന്‍ തന്റെ 'മലബാര്‍ മാന്വലി'ല്‍ വിവരിക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ വാങ്മയ ചിത്രം.
എല്ലാവര്‍ക്കും തമ്പ്രാക്കളായ കഥ
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു വംശപരമ്പരയാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടേതു്. ആഴ്‌വാഞ്ചേരി നമ്പൂതിരി എല്ലാവര്‍ക്കും തമ്പ്രാക്കളായ കഥ ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നുണ്ട്. തമ്പ്രാക്കളെ ശരിക്കും തമ്പ്രാക്കളാക്കിയതു് പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരാണത്രെ . 'എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കള്‍' എന്നു് പ്രഖ്യാപിച്ചതു് പറയ ജാതിക്കാരനായ പാക്കനാരാണെന്നാണു് ഐതിഹ്യം. ഒരിക്കല്‍ മുറജപത്തിനു് പോയി ഹിരണ്യഗര്‍ഭം കഴിഞ്ഞ് ദക്ഷിണയായി കിട്ടിയ സ്വര്‍ണ്ണപ്പശുവിനെയെയും കൊണ്ടു് വരുന്ന വഴി തമ്പ്രാക്കളെ പാക്കനാര്‍ തടഞ്ഞു് കുസൃതി പറഞ്ഞു, “ജീവനില്ലാത്ത ജന്തുവിന്റെ അവകാശം ഞങ്ങള്‍ക്കുള്ളതാണ്. ആ ജന്തുവിനെ ഇങ്ങു തരണം.” തമ്പ്രാക്കള്‍ പറഞ്ഞു; “ചത്തതല്ല ജീവനുള്ളതാണ്.” “പിന്നെയെന്തിന് ചുമന്നുകൊണ്ടുപോകുന്നു, നടത്തിക്കൊണ്ടുപോകണം ” എന്നായി പാക്കനാര്‍. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഉടനെ പരിചാരകനോട് പശുവിനെ വാങ്ങി എല്ലാവരും കാണ്‍കെ നിലത്തുവച്ചു കല്‍പ്പിച്ചു, “ഉം, നടക്ക്”. പശു നടന്നുവെന്നും അങ്ങനെ പൊന്നിന്റെ പശുവിനെ അടിച്ച് ആതവനാട്ടേക്ക് തമ്പ്രാക്കള്‍ നടത്തിക്കൊണ്ടുപോയെന്നുമാണു് ഐതിഹ്യം. അപ്പോള്‍ പാക്കനാര്‍ പാടിയതത്രേ, `എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല. ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കള്‍.
അന്നുമുതല്‍ അദ്ദേഹം എല്ലാവര്‍ക്കും തമ്പ്രാക്കളായി. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ നടത്തിക്കൊണ്ടുപോയതു് സ്വര്‍ണ ആനയെയായിരുന്നുവെന്നും പൊന്നിന്റെ ആന നടന്നയിടം പൊന്നാനയും പിന്നെ പൊന്നാനിയുമായി എന്നുമാണു് മറ്റൊരു കഥ.
നേത്രനാരായണന്‍
നേത്രനാരായണന്‍ എന്ന പേരിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ അറിയപ്പെട്ടിരുന്നു. നാരായണമൂര്‍ത്തിയെ നേരിട്ടുകണ്ട കണ്ണുകളുള്ളവര്‍ എന്ന സങ്കല്പത്തിലാണു് 'നേത്രനാരായണന്‍മാര്‍' എന്ന നാമധേയം ലഭിച്ചത്.
അഗ്‌നിഹോത്രിയുടെ സോമയാഗങ്ങളില്‍ മഹര്‍ത്വിക് ആയ `ബ്രഹ്‌മന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നത്രേ. 99 യാഗം കഴിഞ്ഞപ്പോള്‍ ദേവേന്ദ്രന്‍ ആശങ്കയിലായി. അഗ്‌നിഹോത്രിയുടെ നൂറാമത്തെ യാഗം തടയാനായി ദേവേന്ദ്രന്റെ താല്‍പര്യപ്രകാരം നാരായണമൂര്‍ത്തി നേരിട്ട് യാഗശാലയിലെത്തി മേഴത്തോള്‍ അഗ്നിഹോത്രിയോട് നൂറാമത്തെ യാഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. യാഗം നിര്‍ത്തണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സമ്മതം വേണമെന്ന് അഗ്‌നിഹോത്രി അറിയിച്ചു. നാരായണമൂര്‍ത്തി തമ്പ്രാക്കളെ നേരിട്ടുകണ്ട് അഭ്യര്‍ത്ഥിച്ചു് നൂറാമത്തെ യാഗം നിര്‍ത്തിവയ്‌പിച്ചുവെന്നാണു് ഐതിഹ്യം.
നേത്രങ്ങള്‍കൊണ്ട് നാരായണമൂര്‍ത്തിയെ കണ്ടതുമുതലാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാരെ `നേത്രനാരായണന്‍ എന്നു വിശേഷിപ്പിച്ചുവന്നത്. ദേവേന്ദ്രന് ഇന്ദ്രപദവി നഷ്ടപ്പെടാതിരിക്കുന്നതിനായാണ് അഗ്‌നിഹോത്രി 100-ാമത് യാഗം നിര്‍ത്തിവെച്ചതെന്ന് പറയപ്പെടുന്നു.
തുഞ്ചത്തു് എഴുത്തച്ഛന് പിന്തുണ
മലയാള ഭാഷയ്ക്ക് ലിപി രൂപപ്പെടുത്തിയ തുഞ്ചത്തു് എഴുത്തച്ഛനു് (16ആം നൂറ്റാണ്ട്‍), മലയാളം സംസ്കൃതത്തിനൊപ്പമാകുമെന്നു് ഭയന്ന വൈദികരില്‍നിന്നും സംസ്കൃത വിദ്വാന്മാരില്‍നിന്നും കനത്ത എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. അക്ഷരമാല ജനങ്ങളുടെ മനസ്സിലുറയ്ക്കാനായി എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനം എഴുതി. അത് പ്രചരിപ്പിക്കാനുള്ള അനുമതി നല്കിയതു് തമ്പ്രാക്കളായിരുന്നത്രെ. തമ്പ്രാക്കളുടെ നിലപാട് അവര്‍ക്കു് ഇഷ്ടമായില്ലെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.(ആഴ്‌വാഞ്ചേരിത്തമ്പ്രാക്കള്‍ ചരിത്രവും ഐതിഹ്യവും പി. നാരായണന്‍ )
തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അംഗീകാരം കിട്ടി. ബ്രഹ്‌മാണ്ഡപുരാണമെഴുതാന്‍ തുഞ്ചത്തു് എഴുത്തച്ഛനെ പ്രേരിപ്പിച്ചതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണു്.
ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണന്‍ തന്നാജ്ഞയാ വിരചിതം
എന്നു് അതില്‍ പറയുന്നു.
ഗണിതം, ജ്യോതിശാസ്‌ത്രം എന്നിവയെ ഏറെ സ്‌നേഹിച്ചവരായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കളെന്നു് ബ്രഹ്‌മാണ്ഡപുരാണത്തില്‍ പറയുന്നുണ്ട്. വേദാംഗശാസ്‌ത്രങ്ങളില്‍ `കല്‍പം എന്ന വേദാംഗത്തില്‍ അദ്വിതീയ സ്‌ഥാനവും ആഴ്‌വാഞ്ചേരി മനയ്‌ക്കുണ്ടായിരുന്നു. അതുവഴി വേദനിഷ്‌ഠമായ വിജ്‌ഞാന ശാസ്‌ത്രങ്ങളെ കാലാന്തരങ്ങളായി നിലനിര്‍ത്തുന്നതിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വലിയ പങ്കുവഹിച്ചു. (ആലങ്കോട് ലീലാകൃഷ്‌ണന്‍, നക്ഷത്രങ്ങളായ രുദ്രാക്ഷ ദുഃഖങ്ങള്‍, മാതൃഭൂമി, 2011 ഫെ 19) ആഴ്‌വാഞ്ചേരി മനയിലെ ഗ്രന്ഥപ്പുര അമൂല്യമായ ഒട്ടേറെ താളിയോല ഗ്രന്ഥങ്ങളുടെ ഈടുവെപ്പുകളായിരുന്നു. ഗുണ്ടര്‍ട്ടിനെപ്പോലുള്ള പണ്ഡിതന്മാര്‍ അവ വേണ്ടുവോളം പ്രയോജനപ്പെടുത്തി.
മഹാജ്‌ഞാനികളായ ആഴ്‌വാര്‍മാരുടെ പരമ്പര
മഹാജ്‌ഞാനികളായ ആഴ്‌വാര്‍മാരുടെ പരമ്പരയെ ചേര ചക്രവര്‍ത്തിമാരിലൊരാള്‍ ഇവിടെ പറിച്ചുനട്ടതാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളില്‍ ആദ്യത്തെയാളെന്നു് തഞ്ചാവൂരിലെ രേഖകള്‍ തെളിയിക്കുന്നുവെന്നു് സി. രാധാകൃഷ്‌ണന്‍ പറയുന്നു. കൈലാസത്തിലേക്കു പുറപ്പെട്ട ഒരു ആഴ്‌വാരെ ചേര ചക്രവര്‍ത്തി പിന്നാലെ ചെന്നു കൂട്ടിക്കൊണ്ടുവന്ന് ആതവനാട്ടില്‍ വാഴിച്ച ചിത്രം തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തില്‍ ചുവരില്‍ എഴുതപ്പെട്ടിരിക്കുന്നുവത്രേ.
രാജാക്കന്‍മാരെ വാഴിക്കുന്നവര്‍
കേരളക്കരയിലെ രാജാക്കന്മാരെ കിരീടധാരണം ചെയ്യുന്നതിന്റെ ചുമതലയുള്ളവരായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. അതായതു് കോരപ്പുഴയ്‌ക്ക് തെക്കുള്ള എല്ലാ നാടുവാഴികള്‍ക്കും അരിയിട്ടുവാഴ്‌ചയ്‌ക്ക് തമ്പ്രാക്കള്‍ക്കായിരുന്നു അധികാരം.
തിരുവിതാംകൂര്‍ മഹാരാജാവിന്റെയും കൊച്ചി മഹാരാജാവിന്റെയും കോഴിക്കോട് സാമൂതിരിപ്പാടിന്റെയും കിരീടധാരണം തമ്പ്രാക്കളാണു് നടത്തിയിരുന്നത്. കോലത്തിരിയെയും മങ്കട വള്ളുവക്കോനാതിരിയെയും കക്കാട്ട് കാരണവസ്ഥാനിയെയും അരിയിട്ട് വാഴിക്കുന്നതും (കിരീടധാരണം) അവര്‍ തന്നെ.
ക്രിസ്ത്വബ്ദം. 16ആം നൂറ്റാണ്ടിന്റെ സാമൂതിരിയും പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി) തമ്മിലുള്ള സ്പര്‍ധയുടെ സമയത്തു് സാമൂതിരിയുടെ പക്ഷത്തു് ചേര്‍ന്നു് ആതവനാട്ടേയ്ക്കു് പോയപ്പോള്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കു് പെരുമ്പടപ്പ് സ്വരൂപത്തിലെ അവകാശങ്ങള്‍ പലതും ത്യജിയ്ക്കേണ്ടിവന്നു.
കുട്ടിയേട്ടന്‍രാജ എന്ന മാനവിക്രമന്‍രാജയാണ് അരിയിട്ട് വാഴ്ചയോടെ രാജാവായ അവസാനത്തെ കോഴിക്കോട് സാമൂതിരിപ്പാടു്. 1937 സപ്തംബര്‍ ഏഴിനായിരുന്നു ആ ചടങ്ങ്. ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കളാണ് അദ്ദേഹത്തെ അരിയിട്ട് വാഴിച്ചത്. അതിനുശേഷം തമ്പ്രാക്കന്മാര്‍ ആരെയും രാജാവായി വാഴിച്ചിട്ടില്ല.
കൊല്ലവര്‍ഷം 924 ല്‍ (ക്രിസ്ത്വബ്ദം 1748-ല്‍) മാര്‍ത്താണ്ഡവര്‍മ രാജാവ് തൃപ്പടിദാനം ചെയ്ത് ശ്രീപത്മനാഭന് രാജ്യം സമര്‍പ്പിച്ചതോടെ വേണാട് (തിരുവിതാംകൂര്‍) മഹാരാജാവിന്റെ കിരീടധാരണാവകാശം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടേതല്ലാതായെങ്കിലും തിരുവിതാംകൂര്‍ രാജാക്കന്‍മാരെ ഉപനയനക്രിയയിലൂടെ ക്ഷത്രിയ പദവിയില്‍ അവരോധിച്ചിരുന്നതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ തന്നെയായിരുന്നു. തമ്പ്രാക്കള്‍ ഹിരണ്യഗര്‍ഭം നടത്തിക്കൊടുത്താലേ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷത്രിയനാകുമായിരുന്നുള്ളൂ. വെള്ളാളനാണു് തിരുവിതാംകൂര്‍ മഹാരാജാവ് . സ്വര്‍ണംകൊണ്ടുള്ള ഒരു പശുവിനെ നിര്‍മിച്ച് അതിന്റെ അകത്തുകൂടി രാജകുമാരന്മാരെ കടത്തിക്കൊണ്ടുവന്നിട്ടാണ് ഹിരണ്യഗര്‍ഭം എന്ന വേദമന്ത്ര പൂരിതമായ ഉപനയനകര്‍മ്മം നിര്‍വഹിച്ചിരുന്നത്.
വേണാട് (തിരുവിതാംകൂര്‍) രാജാക്കന്മാര്‍ പത്മനാഭ ദാസന്മാരായി മാറിയതിന്റെ പിറ്റേയാണ്ടായ കൊല്ലവര്‍ഷം 925 (ക്രിസ്ത്വബ്ദം 1749)-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആരംഭിച്ചതും ആറാണ്ടുകൂടുമ്പോള്‍ നടത്തിയിരുന്നതുമായ 56 ദിവസം നീണ്ടു്നില്ക്കുന്നതായ മുറജപത്തിന് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് നേതൃത്വം നല്‍കിവന്നതു്. മുറജപമെന്നതു് എട്ടു് ദിവസംതോറുമുള്ള ഏഴു് മന്ത്രാചരണ സത്രമാണു്. .മുറജപത്തിന് അദ്ദേഹത്തിന് നല്‍കുന്ന ദക്ഷിണ എണ്ണാതെയും അളക്കാതെയുമായിരുന്നു. അതിനാണ് 'വാരിക്കോരി'ക്കൊടുക്കുക എന്ന പ്രയോഗം വന്നത്.
മുറജപത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ ക്ഷണിക്കുന്നത് 'മുറ' ജപിക്കാനെന്നു് പറഞ്ഞല്ല. മറിച്ച് മഹാരാജാവിന്റെ ആദരണീയ അതിഥിയായിട്ടാണ്. മുറജപവേളയില്‍ വൈദികന്മാര്‍ തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ അന്തിമവിധി കല്പിക്കാനുള്ള അധികാരം വിശിഷ്ടാതിഥിയായ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കായിരുന്നു.
തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച് മുറജപത്തിനെത്തുന്ന ആഢ്യ നമ്പൂതിരിമാരും മറ്റു് നമ്പൂതിരിമാരും കൊട്ടാരത്തില്‍ ചെന്നു് രാജാവിനെ മുഖം കാണിക്കുമ്പോള്‍, മഹാരാജാവ് തിരുമനസ്സ് തമ്പ്രാക്കള്‍ താമസിക്കുന്ന സ്ഥലത്ത് എത്തി തമ്പ്രാക്കളെ മുഖം കാണിക്കും. തിരുവനന്തപുരത്ത് രാജാവ് തമ്പ്രാക്കളുടെ അടുത്തെത്തിയാല്‍ ഇരിക്കുകയില്ല. മഹാരാജാവ് കാണാന്‍ വരുമ്പോള്‍ തമ്പ്രാക്കള്‍ ആവണപ്പലകയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് സാഷ്ടാംഗം നമസ്‌കരിക്കുന്ന കുലശേഖരപ്പെരുമാളെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഇരുന്നുകൊണ്ട് അനുഗ്രഹിക്കും. ഇതില്‍നിന്നും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ആത്മീയ പ്രഭാവവും, അംഗീകാരവും എത്രമാത്രമാണെന്ന് മനസ്സിലാക്കാം. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇപ്രകാരം അനുസ്മരിയ്ക്കുന്നു. “തമ്പ്രാക്കളെന്നാല്‍ വളരെ ബഹുമാന്യനായ വ്യക്‌തിയാണ്. ബഹുമാനപുരസരമാണു് ഞങ്ങള്‍ കണ്ടിരുന്നതും ഇടപഴകിയതും. തൊഴുതു നമസ്‌കരിക്കും. കവടിയാര്‍ കൊട്ടാരത്തില്‍ മൂന്നുനാലു തവണ വന്നിട്ടുണ്ട്. ഏറെയും സൗഹൃദസന്ദര്‍ശനങ്ങളായിരുന്നു. വളരെ കുട്ടിക്കാലത്തു മുറജപത്തിനു വന്നിട്ടുണ്ട്.” (സ്‌നേഹസമ്പന്നനായ പണ്ഡിതന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, മലയാള മനോരമ, 2011 ഫെ19)
രാജപുരോഹിതന്‍ എന്ന നിലയില്‍ അനിഷേധ്യമായ അധികാരം ഒട്ടേറെ നൂറ്റാണ്ടുകാലം ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ നിലനിര്‍ത്തി. തിരുവിതാംകൂര്‍ മഹാരാജാവിന് രാഷ്‌ട്രീയാധികാരം ഇല്ലാതാകുന്നതു വരെ, അതായത് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിയോളം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധികാരങ്ങള്‍ നിലനിന്നു എന്നുപറയാം.
ആചാരം, ധര്‍മം
കേരളത്തിലെ സനാതന ധര്‍മ ആചാരാനുഷ്‌ഠാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കിയിരുന്നതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്. “ആചാരം, ധര്‍മം ഇതിനെപ്പറ്റി തീരുമാനമെടുക്കേണ്ട നിര്‍ണായക വ്യക്‌തി തമ്പ്രാക്കളാണ്. അദ്ദേഹം ഒരു തീരുമാനമെടുത്താല്‍ കേരളത്തില്‍ അതു ബാധകമാണ്.” എന്നാണു് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പറയുന്നതു്.
തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പിന്തുണയോടെയാണു്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളോടൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിപ്പാടും നമ്പൂതിരി രാജാവായിരുന്ന ഇടപ്പള്ളിത്തമ്പുരാനും അവര്‍ണരുടെ ക്ഷേത്രപ്രവേശനത്തിനു് ആനുകൂലമായിരുന്ന പശ്ചാത്തലത്തില്‍ കൊച്ചിയിലെയും മലബാറിലെയും ആഢ്യബ്രാഹ്മണരും വൈദികരും ആയിട്ടുള്ളവരുടെ എതിര്‍പ്പിനെഅവഗണിച്ചാണു് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതു്. (അടുത്ത മുറജപം ബഹിഷ്ക്കരിക്കാന്‍ അവരുടെ ഭാഗത്തു് നിന്നു് നീക്കമുണ്ടെന്നു് അക്കാലത്തു് പ്രചരിച്ചുവെങ്കിലും ഒന്നും നടന്നില്ല.)
സനാതന ഹൈന്ദവാചാരങ്ങളും അനുഷ്‌ഠാനങ്ങളും സംബന്ധിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ തക്ക പാണ്ഡിത്യമുള്ളവരായി ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ ഇന്നും കണക്കാക്കുന്നു. തെക്കന്‍ കേരളത്തിലെ ഒരു ശ്‌മശാനത്തര്‍ക്കവുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതിയും ക്രിസ്ത്വബ്ദം 2011ല്‍ മകരവിളക്ക് മനുഷ്യസൃഷ്‌ടിയോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു് സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിനു മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കളുടെ അഭിപ്രായം തേടിയിരുന്നു. വൈദികവും ആത്മീയവും ലൗകികവുമായ ഏതു വിഷയത്തിലും അവസാന തീരുമാനമെടുക്കാന്‍ പഴയ കേരളത്തില്‍ പരമാധികാരമുണ്ടായിരുന്ന ന്യായാസനമായിരുന്നു (കോടതി) അദ്ദേഹത്തിന്റേതു്.
ശരീരം കൊണ്ടായില്ലെങ്കിലും, മനസ്സുകൊണ്ടെങ്കിലും തമ്പ്രാക്കള്‍ കടന്നുചെല്ലാത്ത വിശേഷപ്പെട്ട ഒരു ചടങ്ങും പണ്ട് കേരളത്തിലെ രാജകൊട്ടാരങ്ങളിലോ, ബ്രാഹ്മണഗൃഹങ്ങളിലോ നടന്നിരുന്നില്ല. ഏതു ചടങ്ങിനും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുള്ള 'പലക' അവിടെ ആദ്യമേ പ്രതിഷ്ഠിക്കും. അവസാനം വരെ ആ പലക അവിടെ ഉണ്ടാവും. മറ്റാരും അതില്‍ കയറി ഇരിക്കാറില്ല. (ഡോ. രാജന്‍ ചുങ്കത്ത്, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, മാതൃഭൂമി, 2011 ഫെ 19)
ആതവനാടും ആഴ്‌വാഞ്ചേരി മനയും
ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലം (മന) ആദ്യം വന്നേരി നാട്ടില്‍ പൊന്നാനിക്കടുത്തുള്ള മാറഞ്ചേരിയിലായിരുന്നു. വന്നേരി നാട്ടില്‍ മാറഞ്ചേരിക്കടുത്ത് പനമ്പാടിനു സമീപം ആഴ്‌വാഞ്ചേരിക്കാരുടെ പഴയ ഇല്ലപ്പറമ്പും (മനപ്പറമ്പും) അവശിഷ്‌ടങ്ങളും ഇപ്പോഴും കാണാമത്രേ. സാമൂതിരിയും പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി) തമ്മിലുള്ള സ്പര്‍ധയുടെ ഫലമായി സാമൂതിരിയുടെ ആവശ്യപ്രകാരം അവിടംവിട്ട് ഭാരതപ്പുഴയുടെ കിഴക്കന്‍ മേഖലയില്‍ ആതവനാട്ടില്‍ എത്തുകയായിരുന്നുവെന്നു് പറയപ്പെടുന്നു. ക്രിസ്ത്വബ്ദം 16-ആം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലാണിതു്.
സാമൂതിരി ദാനംചെയ്ത സ്ഥലത്താണ് ഇപ്പോള്‍ തമ്പ്രാക്കള്‍ താമസിക്കുന്നത്. മലപ്പുറം ജില്ലയില്‍ ആതവനാട് പഞ്ചായത്തിലാണ് ആഴ്‌വാഞ്ചേരി മന. ആതവനാട് എന്നത് 'ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വാഴും നാട്' എന്നത് ലോപിച്ചതാണ്. മലബാര്‍ കലാപകാലത്ത് ആഴ്‌വാഞ്ചേരി മന ആക്രമിക്കപ്പെട്ടപ്പോള്‍ പുത്തന്‍കോട്ട് കുളമ്പുകാരായ മുസ്ലിങ്ങളാണു് മനയെ രക്ഷിച്ചതെന്നു് 1964-2011 കാലത്തെ ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ പറഞ്ഞിട്ടുണ്ടു്. തിരുന്നാവായ, തലക്കാട്, നടുവട്ടം, ആതവനാട്, കുറുമ്പത്തൂര്‍ എന്നീ പ്രദേശങ്ങളുടെ അധിപരും ആഴ്വാഞ്ചേരി മനക്കാരായിരുന്നു.
ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ സ്വന്തം മണ്ണിലേ കാല്‍കുത്തുകയുള്ളൂവത്രെ. അതിനായി ഓരോ ഗ്രാമത്തിലും രാജാക്കന്മാര്‍ മനയിലേക്ക് സ്ഥലം ദാനം നല്‍കി. കേരളത്തിലെങ്ങും ആഴ്‌വാഞ്ചേരിക്ക് ജന്മമായി വസ്തുവുണ്ടായിരുന്നു. തിരുവനന്തപുരത്ത് മുറജപത്തിന്റെ മുഖ്യകര്‍മി ആഴ്‌വാഞ്ചേരിയായതുകൊണ്ടു് അദ്ദേഹത്തെ അവിടെ നിലംതൊടാതെയാണ് എത്തിച്ചിരുന്നത്. പല്ലക്കില്‍ രാജഭടന്മാരുടെ അകമ്പടിയോടെ അല്ലെങ്കില്‍ തോണിയില്‍. കാല്‍വെക്കാനുള്ള സ്ഥലം രാജാവ് മനയിലേക്ക് ദാനം ചെയ്തു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് തമ്പ്രാക്കള്‍ താമസിക്കുന്ന സ്ഥലംവരെ കരിങ്കല്‍പാകിയ പാത നിര്‍മിച്ചു കൊടുത്തത് ഇന്നും കാണാം.
ഒരുകാലത്തു് കേരളമാകെ പരന്നുകിടക്കുന്ന ഭൂസ്വത്തിന്റെ ഉടമകളായിരുന്നു ഇവരെങ്കിലും കേരളത്തില്‍ ജനാധിപത്യ വാഴ്ച വന്നതോടെ മാറ്റം വന്നു. കേരളത്തിലങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ പലതിന്റെയും ഉടമാവകാശവും നഷ്‌ടമായി. എങ്കിലും കേരളത്തില്‍ തിരുവനന്തപുരത്തടക്കം പല സ്‌ഥലത്തും തമ്പ്രാക്കള്‍ക്ക് ഭൂമിയും ഒട്ടനവധി ക്ഷേത്രങ്ങളുമുണ്ട്. കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ തമ്പ്രാക്കള്‍ക്ക് അധികാരവും അവകാശവും ഉണ്ട്. ഇപ്പോള്‍ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങള്‍ ആഴ്‌വാഞ്ചേരി മനയ്ക്കു് കീഴിലുണ്ട്.
ആതവനാട് എന്ന ഗ്രാമത്തിന്റെ മദ്ധ്യത്തില്‍ അനേകമേക്കറുകളില്‍ വ്യാപിച്ച്‌കിടന്ന ഇരുപത്തിനാലു പടിപ്പുരയുണ്ടായിരുന്ന പുരാതന ആഴ്‌വാഞ്ചേരി മനയുടെ തൊണ്ണൂറു ശതമാനവും പൊളിച്ചു് രാമന്‍ തമ്പ്രാക്കളുടെ (1964-2011) കാലത്തു് മുന്‍ഭാഗം ആധുനിക രീതിയിലാക്കി. മന പൊളിക്കുന്ന സമയത്തു് തമ്പ്രാക്കള്‍ പാക്കത്ത് മനയിലാണു് താമസിച്ചിരുന്നത്.
ആഴ്‌വാഞ്ചേരി മനയുടെ ക്ഷയത്തിന് കാരണമായ സംഭവം കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നുണ്ട്. നൂറ് കണക്കിന് പശുക്കളുള്ള ഗോശാല മനയ്ക്കല്‍ ഉണ്ടായിരുന്നു. നോട്ടക്കുറവ്കൊണ്ടു് പശുക്കളുടെ എണ്ണം കുറഞ്ഞുവന്നു. നൂറിലേറെ ഗോഹത്യകള്‍ തടയാനാവാത്ത ആ കുടുംബത്തിന് പലവിധ ദുര്‍നിമിത്തങ്ങളുമുണ്ടായി. അതിന് പരിഹാരമായി പാഴൂര്‍ പടിപ്പുരയില്‍നിന്ന് കണിയാരെ വരുത്തി വിശദമായി ചിന്തിച്ചു. ഇല്ലപ്പറമ്പിനടുത്ത് വിശാലമായ പ്രദേശത്ത് വേലികെട്ടി പയര്‍കൃഷി ചെയ്യാനും. അത് പൂവും കായുമായി നില്‍ക്കുമ്പോള്‍ അയല്‍ വീടുകളിലെ പശുക്കളെ വിട്ട് തീറ്റിക്കാനുമായിരുന്നു വിധി. എന്നാലും മനയില്‍ പശുക്കള്‍ വാഴില്ലെന്നും മനയിലെ അംഗസംഖ്യ വര്‍ധിക്കില്ലെന്നും വന്നു. അന്നാരംഭിച്ചതാണ് മനയുടെ ഗ്ലാനി എന്നു പറയപ്പെടുന്നു.
സര്‍വവിധ ഐശ്വര്യങ്ങളും കുമിഞ്ഞുനിന്നിരുന്ന ആഴ്‌വാഞ്ചേരി മനയില്‍ ഇല്ലത്തെ പത്തുകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ശ്ലോകം ഐതിഹ്യമാലയില്‍ കാണാം.
പായും പരമ്പു,പശു, പാത്രി, പടറ്റി വാഴ,
പത്തായവും പലക, പൈതല്‍, പണം, തഥൈവ
പായാദിപത്തിവ പടിപ്പുരയോടുകൂടി
തമ്പ്രാക്കള്‍ തന്‍ നിലയനേ നഹിയെന്നു കേള്‍പ്പൂ.
പട്ടര്‍, പടിപ്പുര, പശു, പന, പാന, പലക, പുല, പരഗൃഹപ്രവേശം, പണം, പെണ്‍ എന്നീ 10 'പ'കാരാദികള്‍ക്ക് ആഴ്‌വാഞ്ചേരി മനയിലും പരിസരത്തും സ്ഥാനമുണ്ടായിരുന്നില്ല.
പഴയപെരുമയുടെ നിഴല്‍ മാത്രം
രാജാധിപത്യവും ബ്രാഹ്മണാധിപത്യവും കൊടികുത്തിവാണ കാലത്ത് രാജാവിനെയും ബ്രാഹ്മണനെയും ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ടായിരുന്ന ഒരേയൊരു ശക്തികേന്ദ്രമെന്ന നിലയില്‍ വലിയ പ്രാധാന്യമുള്ള സ്ഥാപനമായിരുന്നു ആഴ്‌വാഞ്ചേരി മന. ചാതുര്‍വര്‍ണ്യ നിഷ്‌ഠമായ ബ്രാഹ്‌മണ്യത്തിന്റെ അധികാരാവകാശങ്ങള്‍ ഇത്രയും ദീര്‍ഘകാലം അനുഭവിക്കാന്‍ കഴിഞ്ഞ മറ്റൊരു ബ്രാഹ്‌മണ ഗൃഹം കേരളത്തിലില്ല. എത്രമാത്രം യാഥാസ്ഥിതികരായിരുന്നെങ്കിലും കാലാനുയോജ്യമായ പരിവര്‍ത്തനത്തിനും പരിഷ്ക്കാരത്തിനും തയ്യാറായിരുന്നതുകൊണ്ടാണു് ആഴ്‌വാഞ്ചേരിത്തമ്പ്രാക്കന്മാരുടെ സ്ഥാപനം അനേക നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിലനില്‍ക്കുന്നതു്. മഹാകവി അക്കിത്തം സ്മരിച്ചതു്പോലെ തിരുവിതാംകൂര്‍, പെരുമ്പടപ്പ്, സാമൂതിരി മുതലായ രാജവംശങ്ങളെക്കാള്‍ പൗരാണികമായ കേരളം എന്ന ചരിത്രസത്യത്തെ അനുസ്മരിപ്പിയ്ക്കുന്ന സ്ഥാപനമാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാരുടേതു് .