കുറിപ്പുകൾ

20100722

സി.ജെ. തോമസ് (1918 - 60)

.


മലയാളഭാഷയിലെ പ്രമുഖ നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (1918 - 60) എന്നറിയപ്പെടുന്ന ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു് വഹിച്ച ഈ സാഹിത്യ പ്രതിഭ, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുന്‍‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സിജെ ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നുവെന്നാണു് സുകുമാര്‍ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.

1918 –ല്‍ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദീകന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാര്‍ത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വര്‍ഷക്കാലം വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും തുടര്‍‍ന്നു് എം. പി. പോള്‍സ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവര്‍‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവര്‍‍ത്തിച്ചു.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘംവക പുസ്തകങ്ങളുടെ പുറംചട്ടകള്‍ക്ക് അത്യധികം ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയത്രി മേരിജോണ്‍ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മുത്ത സഹോദരിയാണു്. 1960 ജൂലൈ 14-ന്‌ 42-ആം വയസ്സില്‍ സി.ജെ. കഥാവശേഷനായി.

ആദ്യകാലജീവിതം

സി.ജെ. തോമസ് 1918 നവംബര്‍ 14-ആം തീയതി കൂത്താട്ടുകുളത്തു് വടകര യോഹന്നാന്‍ മാംദാന ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പയുടെയും അന്നമ്മയുടേയും പുത്രനായി ജനിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മകനെ ഒരു വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സി.എം.എസ്. കോളേജില്‍ അയച്ചു. ചെമ്മാച്ചനായിരുന്ന സി. ജെ താമസിയാതെതന്നെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി തിരിച്ചുപോന്നു.

വിദ്യാഭ്യാസം

ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ബിരുദവും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് 1943-ല്‍‍ നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി.

ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കു് സി.ജെ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. നാലഞ്ചു് വര്‍ഷത്തോളം ആ രംഗത്തു് സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്നു് ബോധ്യമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു് പുറത്തു്പോന്നു. അതിനു്ശേഷം ഒരു പാര്‍ട്ടിയുടേയും വക്താവായിട്ടില്ല.


വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി.

വിവാഹം

എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ (പോള്‍സ്‌ കോളേജില്‍) ഇംഗ്ലീഷ്‌ അധ്യാപകനായി എത്തിയകാലത്തു് സി. ജെ. തോമസ്, എം.പി. പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണയത്തിലായി.

റോസിയുടെയും സി.ജെ.യുടെയും പ്രണയത്തോട്‌ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന്‌ യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭമാറണമെന്ന വ്യവസ്ഥയിലാണു് എം.പി. പോള്‍ അവരുടെ വിവാഹത്തിനു് സമ്മതം നല്കിയതു്. 1951 ജനുവരി 18-നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചു. ഒന്നര വര്‍ഷത്തിനു് ശേഷം പോള്‍ മരിക്കുകയും ചെയ്‌തു.

സാഹിത്യരംഗത്തു്

എം. പി. പോള്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണു് സി.ജെ. സാഹിത്യരംഗത്തു് പ്രത്യക്ഷപ്പെടുന്നതു്. പ്രൊഫസര്‍ എം. പി പോളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതു്കാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിയ്ക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്കു്.

അവന്‍ വീണ്ടും വരുന്നു എന്ന നാടകം 1949-ല്‍ രചിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയില്‍ പ്രകടമാണു്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ആംഗല പരിഭാഷ 1979-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

1950-ല്‍ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു് പ്രതിപാദിക്കുന്നു . മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകള്‍, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങള്‍, ഭാഷയിലെ ഇബ്സന്‍ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാര്‍ തുടങ്ങിയവയാണ് ഈ കൃതിയിലെ ചര്‍ച്ചാവിഷയങ്ങള്‍.

1953-ല്‍ പ്രസിദ്ധീകരിച്ച ഇവന്‍ എന്റെ പ്രിയ പുത്രന്‍ എന്നകൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ  സമാഹാരമാണു്. 'വേഷവും സദാചാരവും', 'കുറുക്കുവഴികള്‍', 'എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?', 'എന്റെ ചങ്ങമ്പുഴ' തുടങ്ങിയ ഉപന്യാസങ്ങളാണു് ഇതില്‍ .

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങള്‍ സി.ജെ. തോമസ് ഉള്‍ക്കൊണ്ടു.  മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദര്‍ശനവും സ്വാംശീകരിക്കപ്പെട്ട നാടകങ്ങള്‍ സി.ജെ.യാണ് മലയാളത്തില്‍ അവതരിപ്പിച്ചുതുടങ്ങിയതു്.

മതവും കമ്യൂണിസവും, അവന്‍ വീണ്ടും വരുന്നു, 1128-ല്‍ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യന്‍ നീ തന്നെ, വിലയിരുത്തല്‍, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രന്‍, ധിക്കാരിയുടെ കാതല്‍, മനുഷ്യന്റെ വളര്‍ച്ച, ജനുവരി 9, രണ്ടു ചൈനയില്‍, നട്ടുച്ചയ്ക്കിരുട്ട് മുതലായവ തോമസിന്റെ ശ്രദ്ധേയമായ കൃതികളാണു്.

പത്രപ്രവര്‍ത്തനം


വിവാഹശേഷം ആകാശവാണി(ആള്‍ ഇന്ത്യാ റേഡിയോ)യുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു. സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയില്‍ സൂക്ഷിയ്ക്കുവാന്‍ മറക്കാറില്ല. ആഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു.

കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി സി.ജെ. വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടു്. എന്‍.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.യെന്നചിത്രകാരനായ പ്രതിഭാശാലിയാണ്. മലയാളഗ്രന്ഥങ്ങള്‍ക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നല്‍കിയതിനു പിന്നില്‍ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.


കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ.യുടെ വിദഗ്ദ്ധഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.


എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.
1959-ല്‍ വിമോചനസമരത്തിന്റെയൊപ്പം സിജെ നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ വലിയ മനുഷ്യനായിരുന്നു സി.ജെ. സ്വന്തം ചിന്തകള്‍ക്കും , നിരീക്ഷണങ്ങള്‍ക്കും , നിഗമനങ്ങള്‍ക്കും അതീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ തയ്യാറാകാതിരുന്നതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിട്ടുമുണ്ടു്.

നാല്പത്തിരണ്ടാമത്തെ വയസ്സില്‍ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂലയ് 14-ാം തീയതി അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ റോസി തോമസ് ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന പേരില്‍ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. 42 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ നാലുവര്‍ഷത്തെ കാമുകിയും ഒമ്പതുവര്‍ഷത്തെ ഭാര്യയുമായി താന്‍ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.


ഈ ധിക്കാരിയുടെ ശബ്ദം നിലച്ചപ്പോള്‍ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചതിങ്ങനെയാണു്"സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക."

കൃതികള്‍

1948 മുതല്‍ക്കാണ് സി.ജെയുടെ കൃതികള്‍ പ്രസിദ്ധീകൃതമാകുന്നത്. ആദ്യം പുറത്തുവന്നത്

സ്വന്തം രചനകകള്‍


  1. സോഷ്യലിസം (1948 ജൂണ്‍ )
  2. മതവും കമ്യൂണിസവും (1948 ജൂലൈ )
  3. അവന്‍ വീണ്ടും വരുന്നു (1949 ആഗസ്റ്റ് )
  4. ഉയരുന്ന യവനിക (1950 ഒക്ടോബര്‍ )
  5. വിലയിരുത്തല്‍ (1951 സെപ്തംബര്‍)
  6. ഇവനെന്റെ പ്രിയ പുത്രന്‍ (1953 ഏപ്രില്‍ )
  7. 1128 -ല്‍ ക്രൈം 27 (1954 ജനുവരി)
  8. ശലോമി (1954 സെപ്തംബര്‍)
  9. ആ മനുഷ്യന്‍ നീ തന്നെ (1955 മെയ്)
  10. ധിക്കാരിയുടെ കാതല്‍ (1955 മെയ്)
  11. മനുഷ്യന്റെ വളര്‍ച്ച (1960 ഏപ്രില്‍)
  12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്)
  13. വിഷവൃക്ഷം (1960 ആഗസ്റ്റ്)
  14. സി.ജെ.വിചാരവും വീക്ഷണവും(1985)
  15. അന്വേഷണങ്ങള്‍(2004 ജൂലൈ).


വിവര്‍ത്തനങ്ങള്‍


  1. ജനുവരി ഒമ്പത് (1952 ജൂണ്‍)
  2. ആന്റിഗണി(1955 ഫെബ്രുവരി)
  3. നട്ടുച്ചക്കിരുട്ട്(1955 നവംബര്‍)
  4. ഭൂതം (1956 മെയ്)
  5. രണ്ടു ചൈനയില്‍(1956 ഒക്ടോബര്‍)
  6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി)
  7. കീടജന്മം (1960 സെപ്തബര്‍)


അപൂര്‍ണ്ണങ്ങള്‍


  1. ഈഡിപ്പസ് ( അച്ചടിച്ചിട്ടില്ല)
  2. ഹംലറ്റ് ( അച്ചടിച്ചിട്ടില്ല)


മക്കള്‍

സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍ ബിനോയ്‌ കാനഡ സണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണു്; ഭാര്യ അഡ്വ. ജിന്‍സി. ബീന എംസണാണു് മക്കളില്‍ രണ്ടാമത്തെയാള്‍; ഭര്‍‍ത്താവു് അഡ്വ. എംസണ്‍ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകന്‍ പോള്‍ സി തോമസ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.
.

20091112

അസ്സിറിയന്‍ പൗരസ്ത്യസഭയുടെ 13-ആം ആഗോള സുനഹദോസ് ജനുവരി 13 മുതല്‍ 19 വരെ തൃശൂരില്‍


തൃശ്ശിവപേരൂര്‍: കേരളത്തിലെ കല്‍ദായ സുറിയാനി സഭയുള്‍പ്പെടുന്ന അസ്സിറിയന്‍ പൗരസ്ത്യസഭയുടെ ആഗോള സുനഹദോസ് ജനുവരി 13 മുതല്‍ 19 വരെ തൃശൂരില്‍ നടക്കും.

കല്‍ദായ സഭയുടെ രണ്ടു എപ്പിസ്കോപ്പമാരെ നിയമിക്കുന്ന കാര്യത്തില്‍ ഇതില്‍ തീരുമാനമുണ്ടാകുമെന്നും എപ്പിസ്കോപ്പമാരുടെ പേരുകള്‍ സഭയുടെ പരമാധ്യക്ഷനായ കതോലിക്കോസ് പാത്രിയര്‍ക്കീസ് മോറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പ്രഖ്യാപിക്കുമെന്നും ഇന്ത്യയിലെ സഭാധ്യക്ഷന്‍ മാര് അപ്രേം മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു2.

ആദ്യമായാണ് ഇന്ത്യയില്‍ സുനഹദോസ് നടത്തുന്നത്. 13-ആം സുന്നഹദോസാണിത്‌. അഞ്ച്‌ ലക്ഷം വിശ്വാസികളാണ്‌ സഭയ്‌ക്കുള്ളത്‌. പാത്രിയാര്‍ക്കീസും നാലു മെത്രാപ്പോലീത്തമാരും അടക്കം 12 ബിഷപ്പുമാരാണ് ഇതില്‍ പങ്കെടുക്കുക. പാത്രിയാര്‍ക്കീസും ബിഷപ്പുമാരും ജനുവരി 12ന്‌ എത്തും. 13 മുതല്‍ 19 വരെ ദിവസവും രാവിലെ പത്തു മുതല്‍ നാലുവരെയാണ്‌ സുന്നഹദോസ്‌. വൈകുന്നേരം ബിഷപ്പുമാര്‍ ഇടവകകള്‍ സന്ദര്‍ശിക്കും. പാത്രിയാര്‍ക്കീസ്‌ മെത്രാപ്പോലീത്തന്‍ ഹൗസിലും ബിഷപ്പുമാര്‍ ഹോട്ടല്‍ ജോയ്സ് പാലസിലും താമസിക്കും. 20 നാണ്‌ ബിഷപ്പുമാര്‍ മടങ്ങിപ്പോകുക.

കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകവേദിയില്‍ 17-ന് രാവിലെ പാത്രിയാര്‍ക്കീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും വൈകുന്നേരം പൊതുസമ്മേളനവുമുണ്ടാകും. അന്ന് ജനുവരി 17 ന്‌ എപ്പിസ്കോപ്പമാരുടെ അഭിഷേക ചടങ്ങുമുണ്ടാകുമെന്ന്‌ ഇന്ത്യയിലെ സഭാധ്യക്ഷന്‍ ഡോ. മാര് അപ്രേം മെത്രാപ്പോലീത്ത സൂചിപ്പിച്ചു.

അറുപതുകളില്‍ സഭയുമായി ഭിന്നിച്ച എന്‍ഷ്യന്റ്‌ ചര്‍ച്ച്‌ ഓഫ്‌ ദ ഈസ്‌റ്റുമായി നടക്കാനിരിക്കുന്ന അനുരഞ്‌ജന ചര്‍ച്ച അടക്കം ആത്മീയവും ഭരണപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന എന്‍ഷ്യന്റ്‌ ചര്‍ച്ചുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ ഇരുസഭകളുടെയും സംയുക്‌ത സുന്നഹദോസ്‌ അടുത്ത ഈസ്‌റ്ററിനുശേഷം ചേരും3. റോമന്‍ സഭ അടക്കമുള്ള ഇതര സഭകളുമായും ഇതര സമുദായങ്ങളുമായും ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയും ഉണ്ടാകും.


മൂന്നാം തവണയാണ്‌ മോര്‍ ദിന്‍ഹ നാലാമന്‍ തൃശൂരിലെത്തുന്നത്‌1. പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനത്തിനും സുന്നഹദോസിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 91 ലും 2000 ത്തിലും അദ്ദേഹം എത്തിയിരുന്നു. . ലോഗോ ഒക്ടോ.9നു്  നടന്ന ചടങ്ങില്‍ മാര് അപ്രേം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. സുനഹദോസിനുള്ള ഒരുക്കമായി 15ന് എല്ലാ ഇടവകയിലും പാത്രിയാര്‍ക്കല്‍ ജ്യോതി തെളിക്കും. ഡിസംബര്‍ 13ന് വിളംബരജാഥ നടക്കും.

പത്രസമ്മേളനത്തില്‍ ബോര്‍ഡ് ഓഫ് സെന്‍ട്രല്‍ ട്രസ്റ്റീസ് ചെയര്‍മാന്‍ കെ.എ ജോണ്‍, വൈസ് ചെയര്‍മാന്‍ അബി പൊന്‍മണിശേരി, പബ്ലിസിറ്റി കമ്മിറ്റി പ്രസിഡന്റ് ഫാ. വിനോദ് തിമത്തി, കണ്‍വീനര്‍ പേളി ജോസ്, വികാര്‍ ജനറല്‍ ഫാ. ജോജു ആന്റോ, ഫാ. എ.സി ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഫോട്ടോകള്‍ (1) അസ്സിറിയന്‍ പൗരസ്ത്യസഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കതോലിക്കോസ്  മോറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

(2) ഇന്ത്യയിലെ (കേരളത്തിലെ) കല്‍ദായ സുറിയാനി സഭ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഔദ്യോഗിക ഫോട്ടോ 



(3) എന്‍ഷ്യന്റ്‌ ചര്‍ച്ച്‌ ഓഫ്‌ ദ ഈസ്‌റ്റ് പരമാധ്യക്ഷനായ പൗരസ്ത്യ കതോലിക്കോസ്  മോറന്‍ മാര്‍ ആദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസ്

ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നായ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ വലിയ മെത്രാപ്പോലീത്തന്‍ ഭദ്രാസനഇടവകയായ മലങ്കര സഭയുടെ കണ്ടനാടു് (കിഴക്കു്) ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണു് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത. പൗരസ്ത്യ ദൈവവിജ്ഞാനീയത്തിന്റെ പ്രമുഖനായ വക്താവും പ്രമുഖ ഇന്ത്യന്‍‍ ക്രൈസ്തവ ചിന്തകനുമാണു് അദ്ദേഹം . 1992 മുതല്‍‍ 1998 വരെ അദ്ദേഹം കേരള കൗണ്‍സില്‍‍ ഓഫ് ചര്‍ച്ചസിന്റെ അദ്ധ്യക്ഷനുമായിരുന്നു.

വിമോചന ദൈവശാസ്ത്രകാരന്‍

വിമോചന ദൈവശാസ്ത്രത്തിന്റെ കേരളീയപ്രവണതകളെ പ്രധിനിധാനം ചെയ്യുന്നവരിലൊരാള്‍ എന്നനിലയില്‍‍ ശ്രദ്ധേയനാണിദ്ദേഹം. റോമന്‍ കത്തോലിക്കാ ജെസ്യൂട്ട് പാതിരിയായ ഫാ. സെബാസ്‍‍റ്റ്യന്‍ കാപ്പന്‍ എസ് ജെ, ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കല്‍‍ദായ സഭയിലെ പൗലോസ് മാര്‍ പൗലോസ് മെത്രാന്‍, മാര്‍ത്തോമ്മാ സഭയിലെ ഡോ. എം എം തോമസ് (മുന്‍ മേഘാലയ ഗവര്‍ണര്‍) എന്നിവരോടൊപ്പമാണു് അദ്ദേഹം പരിഗണിയ്ക്കപ്പെടുന്നതു്.

അവരില്‍ ഡോ. എം എം തോമസും ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയും ഒഴികെയുള്ള വിമോചനദൈവശാസ്ത്രകാരന്‍മാര്‍‍ മാര്‍‍ക്സിസത്തെയാണു് അടിസ്ഥാനമാക്കുന്നതു്. മാര്‍‍ക്സിസത്തെസ്വീകരിയ്ക്കുന്നില്ലാത്ത ഇടതുപക്ഷാനുകൂലികളായവരില്‍ ഡോ. എം എം തോമസ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് വീക്ഷണത്തോടു് അനുഭാവം പുലര്‍ത്തിയപ്പോള്‍ ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്ത ഗാന്ധിയന്‍ സോഷ്യലിസത്തോടൊപ്പം നിലയുറപ്പിച്ചു.

രണ്ടായിരം വര്‍ഷം മുമ്പ് യേശു ദര്‍ശിച്ച ദൈവരാജ്യം ആശയതലത്തില്‍ ഉള്‍ക്കൊണ്ട് ഭാരതീയ യാഥാര്‍ത്ഥ്യങ്ങളുമായുളള ബന്ധത്തില്‍ പ്രായോഗികമാക്കിയത് ഗാന്ധിജിയാണെന്നും നിലവിലുളള സംവിധാനങ്ങള്‍ക്ക് ആശയപരവും ഘടനപരവുമായ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ വിജയിക്കുന്ന ബദല്‍ ചിന്താധാര ഗാന്ധിമാര്‍ഗ്ഗം മാത്രമാണെന്നും അദ്ദേഹം പറയുന്നു. 1998 മാര്‍ച്ച് 15-ലെ ഡയോസിസന്‍ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ഗാന്ധി സ്മൃതിയും സഭയും എന്ന ലേഖനത്തില്‍ ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്ത ഇങ്ങനെയെഴുതി: “ഗാന്ധിജിയുടെ വിമോചന സങ്കല്‍പ്പത്തെ വിശകലനം ചെയ്താല്‍ ക്രിസ്തുവിന്റേതില്‍ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാകുന്നതാണ്. ക്രിസ്തുവിന്റെ വിമോചന ദര്‍ശനം ഭൌതികതയുടെ നിഷേധമോ, അതില്‍ നിന്നുളള സ്വാതന്ത്ര്യമോ അല്ല ദൈവസൃഷ്ടിയുടെ പൂര്‍ണ്ണതയും വിധിയിലുളള പൂര്‍ത്തീകരണവുമാണ് സകല പ്രാപഞ്ചിക സൃഷ്ടികളേയും സ്വാതന്ത്യ്രത്തിലേക്കും പൂര്‍ണ്ണ വികസിതാവസ്ഥയിലേക്കും എത്തിക്കുകയാണു് വിമോചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് സങ്കല്‍പ്പത്തിന്റെയും ഉളളടക്കം ഇതുതന്നെയാണ്.”

അദ്ദേഹത്തിന്റെ നിലപാടുകളുടെ ഇടതു സ്വഭാവത്തെ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരും പൊതുവേ സ്വാഗതം ചെയ്തു. 1995 രണ്ടാം പാദത്തില്‍ ദേശാഭിമാനി വാരികയില്‍ ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയുടെ പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ടു് സി പി എം നേതാവ്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ഒരു ലേഖനമെഴുതിയിരുന്നു. മാര്‍ക്സിസ്റ്റ് ചിന്തകനായ പി ഗോവിന്ദപിള്ളയും വിമോചനദൈവശാസ്ത്രനിലപാടുകളുടെ പേരില്‍ അദ്ദേഹത്തെ പലവട്ടം പരാമര്‍ശിച്ചിട്ടുണ്ടു്.



പൂര്‍വാശ്രമം

തൊടുപുഴയുടെ സമീപ പ്രദേശമായ അരിക്കുഴയില്‍ പുറ്റാനില്‍ യോഹന്നാന്‍ കശ്ശീശയുടെയും ശ്രീമതി മറിയാമ്മയുടെയും മകനായി 1952 ജൂണ്‍ 28നു് ജനിച്ച പി ജെ തോമസ്സാണു് പിന്നീടു് തോമസ് റമ്പാനും ഡോ. തോമസ് മാര്‍ അത്താനാസ്യോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായുമായതു് . 1971-ല്‍ പൌലോസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായില്‍ നിന്നു് കോറൂയോ പട്ടം സ്വീകരിച്ചു.

ആഗ്ര സെന്റ് ജോണ്‍സ് കലാലയത്തില്‍ നിന്നു് ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദംനേടിയ അദ്ദേഹം ബങ്ഗലൂരിലെ യു റ്റി കലാലയത്തില്‍ നിന്നു് ദൈവശാസ്ത്ര ബിരുദവും നേടി. 1984-89 കാലത്തു് ജര്‍‍മനിയില്‍ റീഗന്‍സ്‍ബര്‍ഗ് സര്‍വകലാശാലയിലെ റോമന്‍ കത്തോലിക്കാ ഫാക്കല്‍ട്ടിയില്‍ പഠനം നടത്തി മ്യൂണിക്കിലെ ലുഡ്‍വിഗ് മാക്സ് മില്ലന്‍ സര്‍വകലാശാലയില്‍ നിന്നു് വിശുദ്ധ ഐറേനിയോസിന്റെയും ശ്രീ ശങ്കരാചാര്യരുടെയും ദര്‍ശനങ്ങളുടെ രീതിശാസ്ത്ര താരതമ്യ പഠനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.

തുടര്‍ന്നു് വെട്ടിക്കല്‍‍ ഉദയഗിരി സെമിനാരിയില്‍‍ വൈസ് പ്രിന്‍‍സിപ്പലായി സേവനമനുഷ്ഠിച്ചുവരവേയാണു് 1990 ഫെബ്രുവരിയില്‍, അദ്ദേഹം കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു്.

മെത്രാപ്പോലീത്ത

ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്ന പേരില്‍ 1975 മുതല്‍ 2002 വരെയുള്ള കക്ഷിപിരിവുകാലത്തു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ നിന്നു് ഭിന്നിച്ചു് നിന്ന കക്ഷിയുടെ കണ്ടനാടു് പള്ളിപ്രതിപുരുഷയോഗം 1990 ഫെബ്രുവരിയില്‍, അദ്ദേഹത്തെ കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തു.

കശ്ശീശ പട്ടവും റമ്പാന്‍ സ്ഥാനവും സ്വീകരിച്ചതിനുശേഷം അദ്ദേഹം 1990 മെയ് മൂന്നാം തീയതി മെത്രാപ്പോലീത്തയായി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂവാറ്റുപുഴയിലെ പൌരസ്ത്യ കാതോലിക്കാസന അരമനയില്‍ വച്ചു് അഭിഷിക്തനായി.


1995-ലെ സുപ്രീം കോടതി വിധിയ്ക്കു് ശേഷം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ കക്ഷിപിരിവിനു് ബാധകമായ ഭാരത സുപ്രീം കോടതി വിധി 1995ലുണ്ടായി. 1995 ഓഗസ്റ്റ് ഒന്നാം തീയതി ഒരു കല്‍പനയിലൂടെ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ഈ വിധിയെ സ്വാഗതം ചെയ്തുതു്പ്രകാരവും ടെലിഫോണ്‍ മുഖേന കിട്ടിയ അദ്ദേഹത്തിന്റെ സമ്മതപ്രകാരവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും യോജിച്ചു് ഒന്നായിത്തീരുവാന്‍ 1996 നവംബര്‍ അഞ്ചാം തീയതി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കക്ഷിയായ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പരുമ്പള്ളി യൂലിയോസ് സെമിനാരിയില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസയച്ച പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സമ്മേളിച്ചു് ഏകകണ്ഠമായി തീരുമാനമെടുത്തു[1].

ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ 2006 സെപ്റ്റംബര്‍ ഒന്നാംതീയതി കാലം ചെയ്തതിനെതുടര്‍ന്നു് കണ്ടനാടു് ഭദ്രാസനത്തിന്റെ പൂര്‍ണ മെത്രാപ്പോലീത്തയായി ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ചുമതലയേറ്റതിനു് 6-11-2006-ലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ (ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കക്ഷി) എപ്പിസ്കോപ്പല്‍ സുന്നഹദോസ് അജണ്ടവച്ചു് ചേര്‍ന്നു് അംഗീകാരം നല്‍കി.

1995-ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കാനോനിക പൌരസ്ത്യ കാതോലിക്കോസു് കൂടിയായിരുന്ന മലങ്കര മെത്രാപ്പോലീത്ത പ രിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പു് നടപടികളുമായി 1997-ല്‍ നീങ്ങിയപ്പോള്‍ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത അടക്കം നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗം (മൂവാറ്റുപുഴ ബാവാ പക്ഷം) ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ മെത്രാപ്പോലീത്തമാര്‍ അതുമായി സഹകരിയ്ക്കാന്‍ തീരുമാനിച്ചു[2]. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ എതിര്‍ വിഭാഗം (അന്ത്യോക്യാ ബാവാ പക്ഷം) മെത്രാപ്പോലീത്തമാര്‍ അതുമായി സഹകരിയ്ക്കാതെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യം ചെയ്തു് കേസുകള്‍ കൊടുത്തതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്ന ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷി രണ്ടായി പിളര്‍ന്നു[3].

1997-1998 കാലത്തു് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ മൂവാറ്റുപുഴ ബാവാ പക്ഷക്കാരും അന്ത്യോക്യാ ബാവാ പക്ഷക്കാരുമായ മെത്രാപ്പോലീത്തമാരെല്ലാവരും വിവിധ പള്ളിക്കേസുകളിലായി 1934-ലെ മലങ്കര സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞയെടുത്തു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെന്ന തല്‍‍സ്ഥിതി (പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പു് വരെ ലഭിയ്ക്കുന്നതു്) നിലനിറുത്തി. അതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും ഒന്നു് തന്നെയായി. 1997-ല്‍ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെകേസുമായി ബന്ധപ്പെട്ടാണു് ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത സഭാഭരണഘടനയംഗീകരിച്ചതു്.

പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യംചെയ്തു് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാര്‍ കൊടുത്ത കേസില്‍ 2001 നവംബറില്‍ ഒത്തുതീര്‍പ്പുവിധിയായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍‍ ബാവ തന്നെ പേരു് വച്ചു് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പു് നടത്തട്ടെയെന്നും അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയാണോയെന്നുള്ള ഹിതപരിശോധനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തണമെന്നും ഇരുകക്ഷികളുടെയും സമ്മതത്തോടെ സുപ്രീം കോടതി നിര്‍ദേശിച്ചു. പക്ഷെ, പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാര്‍ 2002-ല്‍ തെരഞ്ഞെടുപ്പു് ബഹിഷ്കരിയ്ക്കുകയും മലങ്കര സഭയ്ക്കു് സമാന്തരമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ മറ്റൊരു സഭയായി മാറുകയും ചെയ്തു. അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഉപസഭയായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നില്ക്കുന്നതു്.


സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍

1972-മുതല്‍ 1995 വരെ നിലനിന്ന കക്ഷിമല്‍സര കാലത്തു് കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തസ്ഥാനത്തേയ്ക്കു് 1990-ല്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് കക്ഷി നടത്തിയ ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ നിയമനം സുപ്രീം കോടതി വിധി പ്രകാരം കൂടിയ 2002-ലെ സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗീകരിച്ചു. 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനെതുടര്‍ന്നുണ്ടായ ഭദ്രാസന ക്രമീകരണത്തിനു് ശേഷം ഭദ്രാസനനാമം കണ്ടനാടു് (കിഴക്കു്) എന്നായി.

2002 ഡിസംബറില്‍ മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയോടൊപ്പവും ആരോഗ്യനിലവഷളായപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് ആശുപത്രിയിലാക്കിയപ്പോള്‍ പൌലോസ് മാര്‍ പക്കോമിയോസിനോടൊപ്പവും അദ്ദേഹം ദൈവത്തിനു് മുമ്പാകെയും സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെയുമായി നടത്തിയ രണ്ടാഴ്ചയിലേറെക്കാലം നീണ്ട തീഷ്ണമായ ഉപവാസ പ്രാര്‍ത്ഥനായജ്ഞം സമീപകാലസഭാചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു.


യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ രൂപവല്കരണം

തുര്‍ക്കി, ഇറാക്കു് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് വേണ്ടി സ്ഥാപിതമായ പൂര്‍ണ സ്വയംഭരണാവകാശമുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയാണു് സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനത്തിന്റെ (യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ) രൂപവല്ക്കരണത്തിനു് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പിന്തുണ നല്കി. ഡോ.തോമസ് മാര്‍ അത്താനാസിയോസിന്റെയും യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെയും മുഖ്യ കാര്‍മികത്വത്തിലാണു് റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബര്‍ 21 ബുധനാഴ്ച കേരളത്തില്‍ തൃശ്ശൂര്‍ ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയില്‍ വച്ചു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ അദ്ധ്യക്ഷനായ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നതു്. സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബര്‍‍ 6-നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് ശരിവയ്കുകയും ചെയ്തു.

കൃതികള്‍

കണ്ടനാടു് ഡയോസിഷന്‍ ബുള്ളറ്റിന്‍ മാസികയിലെ അദ്ദേഹത്തിന്റെ സ്ഥിരം പംക്തിയായ മെത്രാപ്പോലീത്തയുടെ കത്തു് പഠനപരവും പ്രബോധനപരവുമായ ലേഖനങ്ങളാണു്. സഭാഭരണവുമായി ബന്ധപ്പെട്ടു് നിരവധി ലഘുലേഖകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ടു്.

പ്രധാന കൃതികള്‍‍:

* സഭ സമൂഹത്തില്‍
* സഭാജീവിതത്തിനൊരു മാര്‍ഗ രേഖ
* സമകാലീന രാഷ്ട്രീയം: ക്രൈസ്തവ പ്രതികരണങ്ങള്‍
* മതം വര്‍‍‍ഗീയത സെക്കുലര്‍ സമൂഹം


അടിക്കറിപ്പു്

1. 1996 നവംബര്‍ അഞ്ചാം തീയതിയിലെ ഈ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍്റ യോഗനടപടിക്കുറിപ്പ്, സഭാ ഐക്യം ഒരുചരിത്ര നിയോഗം (ഡയോസിസന്‍ പബ്ലിക്കേഷന്‍സ്, മൂവാറ്റുപുഴ; 1997 ഓഗസ്റ്റ്; പുറം: 63,64)എന്ന പുസ്തകത്തില്‍ കാണാം.

2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത,യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാര്‍ നിക്കാലാവോസ് മെത്രാപ്പോലീത്ത, അബ്രാഹം മാര്‍ സേവേരിയോസ് മെത്രാപ്പോലീത്ത എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗമായിരുന്നു അന്നു്. മൂവാറ്റുപുഴ ബാവാ പക്ഷം.

3 തോമസ് മാര്‍ ദീവന്നാസിയോസ് (അങ്കമാലി), തോമസ് മാര്‍ തീമോത്തിയോസ് (ബാഹ്യകേരളം),യൂഹാനോന്‍ മാര്‍ പീലക്സിനോസ് (മലബാര്‍), ജോസഫ് മാര്‍ ഗ്രിഗോറിയോസ് (കൊച്ചി)എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരു വിഭാഗമായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷം.

20091105

പരിശുദ്ധ ആദ്ദായി ദ്വിതീയന്‍‍


നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസാണു് പരിശുദ്ധ ആദ്ദായി ദ്വിതീയന്‍ ‍‍ബാവ. മാര്‍‍ തോമാ ധര്‍‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസ് 1972 ഫെ.20-നാണു് വാഴിയ്ക്കപ്പെട്ടതു്.

ആസ്ഥാനം ബാഗാദാദ്.

ഫോട്ടോ  പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ. 2003

20091104

പുരാതന പൗരസ്ത്യ സഭ



നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ കലണ്ടര്‍‍ കക്ഷിയാണു് പുരാതന പൗരസ്ത്യ സഭ (Ancient Church of the East) . മാര്‍‍ ശെമഊന്‍ ൨൩‍ പാത്രിയര്‍ക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടര്‍ പരിഷ്കരണ വിരുദ്ധരുമായവര്‍ 1968-ല്‍ മാര്‍‍ തോമാ ധര്‍‍മോയെ (Mar Thoma Darmo - d.7 Sept 1969) പാത്രിയര്‍ക്കീസാക്കി. ഏതാനും വര്‍‍ഷങ്ങള്‍ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം .പിന്നീടു് സര്‍‍ക്കാര്‍ പിന്തുണ മറുകക്ഷിയ്ക്കായി.

ആസ്ഥാനം ബാഗാദാദ്. മാര്‍‍ തോമാ ധര്‍‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ടു് 1972 ഫെ20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ (Mar Addai II) പാത്രിയര്‍ക്കീസാണ്‌ ഇവരുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. 1995-ല്‍‍ കേരള ശാഖ (കല്‍ദായ സുറിയാനി സഭ) അസ്സീറിയന്‍ പൗരസ്ത്യ സഭയില്‍ ലയിച്ചു


ഫോട്ടോ (1) തോമാ ധര്‍മോ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

(2) പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

20091017

സിവിൿ ചന്ദ്രൻ


മലയാള കവിയും നാടകകൃത്തും എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമായ സിവിക് ചന്ദ്രന്‍ 1951 ഏപ്രില്‍ അഞ്ചിനു് തൃശ്ശൂര്‍ ജില്ലയില്‍ മുരിക്കുങ്ങല്‍ ഗ്രാമത്തില്‍ വേലപ്പന്‍-ലക്ഷ്മി ദമ്പതിമാരുടെ നാലുമക്കളില്‍ മൂത്തയാളായി ജനിച്ചു.1968 മുതല്‍ 1981വരെയുള്ളകാലത്തു് വയനാട്ടിലും ഏറനാട്ടിലും അധ്യാപകനായി ജോലി ചെയ്തു. 1981 ല്‍ വിധ്വംസക സാംസ്കാരിക പ്രവര്‍ത്തനം ആരോപിച്ച് ജോലിയില്‍ നിന്ന് സസ്പെന്‍റുചെയ്തു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നു് 1991-ല്‍ അധ്യാപക വൃത്തിയില്‍ തിരികെ പ്രവേശിച്ചു. ഭാര്യ പി. ശ്രീദേവി ഏതാനും വര്‍ഷം മുമ്പു് മരിച്ചു. മൂത്ത മകള്‍ കബനി വിവര്‍ത്തകയും ഇളയ മകള്‍ ഹരിത ആര്‍ക്കിടെക്റ്റുമാണു് .


സാംസ്കാരിക ജീവിതം

"യനാന്‍" മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. ഈ പത്രം പിന്നീട് കണ്ടുകെട്ടി. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. "ജനകീയ സാംസ്കാരിക വേദി"യുടെ സെക്രട്ടറിയും അതിന്റെ മുഖപത്രമായ "പ്രേരണ"യുടെ പത്രാധിപരുമായിരുന്നു. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങള്‍ സിവിക്കിന്റേതാണ്‌.
"വാക്ക്" മാസികയും "പാഠഭേദം" ദ്വൈവാരികയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു.
തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രതിനാടകം "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി" എഴുതിയത് വിവാദങ്ങളുണ്ടാക്കി. ഇതുമായിബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയിലാണു്.
ആനുകാലികങ്ങളിലും പത്രങ്ങളിലും സാംസ്കാരിക വിഷയങ്ങളെകുറിച്ച് എഴുതാറുണ്ട്. കേരളത്തിലെ പരമ്പരാഗത കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് പലപ്പോഴും കലഹിച്ചും എതിര്‍ത്തും സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാറുണ്ട് സിവിക്. മംഗളം ദിനപ്പത്രം, ഇന്ത്യാടുഡെ വാരിക,തുടങ്ങിയവയില്‍ സ്ഥിരമായി പംക്തികള്‍ എഴുതിവരുന്നു."പാഠഭേദം" മാസികയുടെ പത്രാധിപരാണിപ്പോള്‍.

കൃതികള്‍

കുരിശുയുദ്ധം തുടങ്ങുന്നവര്‍ , താമ്രപത്രങ്ങള്‍ ‍(അക്ഷൗഹിണി) എന്നീ നാടകങ്ങള്‍ സംഗീതനാടക അക്കാദമിയുടെയും വിക്രമന്‍ നായര്‍ ട്രോഫി നാടകോത്സവത്തിന്റെയും പുരസ്കാകങ്ങള്‍ നേടി. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങള്‍ എഴുതിയതു് പിന്നീടാണു്. എഴുപതുകള്‍ വിളിച്ചപ്പോള്‍ എന്നകൃതിയാണവസാനത്തേതു് (2009 മാര്‍ച്ച്).
•    തടവറക്കവിതകള്‍
•    വെളിച്ചത്തെകുറിച്ചൊരു ഗീതം (കവിതാസമാഹാരം)
•    ഗൃഹപ്രവേശം (കവിതാസമാഹാരം)
•    ആന്റിനയില്‍ കാറ്റുപിടിക്കുമ്പോള്‍ ‍(ലേഖനസമാഹാരം)
•    കരിങ്കണ്ണാ നോക്കണ്ട ‍(ലേഖനസമാഹാരം)
•    ഗാമയുടെ പൈതൃകം
•    നിങ്ങളാരെ കമ്യുണിസ്റ്റ് ആക്കി? (പ്രതിനാടകം)
•    എഴുപതുകളില്‍ സംഭവിച്ചത് (നാടകം)
•    ഇടതുപക്ഷ സുഹൃത്തിന്‌
•    ആഗ്നയേ ഇദം ന മമഃ (നാടകം)
•    എഴുപതുകള്‍ വിളിച്ചപ്പോള്‍ (ഓര്‍മ / നാടകം)




20090918

അശോക മേത്ത


ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും പ്രാമാണിക വ്യക്തിത്വവുയിരുന്നു അശോക മേത്ത (1911-1984). പൂർണനാമം അശോക രഞ്ജിത് റാം മേത്ത (अशोक रंजीत राम मेहता) സോഷ്യലിസ്റ്റ് ബദലന്വേഷണത്തില്‍‍ നിന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍‍ നിന്നും പിന്തിരിഞ്ഞു് 1964-ല്‍ കോണ്‍ഗ്രസ്സ് കക്ഷിയില്‍ ചേര്‍ന്നതോടെ പ്രാമാണികത്വം നഷ്ടമായി. കോണ്‍ഗ്രസ്സില്‍ അദ്ദേഹം വിജയിച്ചുമില്ല.


എങ്കിലും, സംഘടനാ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അദ്ദേഹത്തിനു് 1974-ലെ ജയപ്രകാശ് പ്രക്ഷോഭത്തിലും അടിയന്തരാവസ്ഥാ വിരുദ്ധസമരത്തിലും പങ്കുകൊള്ളാന്‍ കഴിഞ്ഞു. ജനതാപാര്‍ട്ടിക്കാരനായി മരിച്ചു.

 വിപ്ലവകാരി

1911ഒക്ടോബര്‍‍ 24 നു് ഭവനഗറില്‍ രഞ്ജിത് റാം മേത്തയുടെ മകനായി ജനിച്ചു. മുംബൈയിലെ വില്‍സന്‍ സ്കൂള്‍ ആന്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠനം നടത്തി. അവിവാഹിതന്‍.വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനത്തിലേയ്ക്കു് കടന്നുവന്നു. 1932-ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തു് രണ്ടരവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു.


1934-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ അതിന്റെ ഒരു സ്ഥാപകാംഗവും പ്രമുഖനേതാക്കളിലൊരാളുമായി. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയനിര്‍വാഹകസമിതിയംഗമായിരുന്നു അദ്ദേഹം. ബോംബെ ഗ്രൂപ്പിന്റെ സൈദ്ധാന്തികനായി അറിയപ്പെട്ടു.

1940-ല്‍ വ്യക്തിഗത സത്യാഗ്രഹത്തില്‍ പങ്കെടുത്തു് ഒന്നരവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. 1942 ഓഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 3 വര്‍ഷം  ജയിലില്‍ കിടന്നു. 1940-നും1945-നും ഇടയ്ക്കു് ജയിലില്‍ കിടന്ന കാലത്താണു് 1857: ദി ഗ്രേറ്റ് റിബെല്ലിയന്‍ എന്ന പുസ്തകത്തിന്റെ പലഭാഗങ്ങളും എഴുതിയതു്. പ്രകാശിപ്പിച്ചതു്, 1946-ലും.

1947-48-ല്‍ ബോംബെ പോര്‍ട് ട്രസ്റ്റിന്റെ ട്രസ്റ്റിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 

കോണ്‍ഗ്രസ്സ്, ഭരണകക്ഷിയായി മാറുകയും ഗാന്ധിജിയുടെ കാലശേഷം കോണ്‍ഗ്രസില്‍ മറ്റു് പാര്‍ട്ടികളുടെ പ്രവര്‍ത്തനം വിലക്കുകയും ചെയ്തപ്പോള്‍ 1948-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി കോണ്‍ഗ്രസില്‍‍നിന്നു് പുറത്തുവന്നു. 1948 ഡിസംബറില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായി ഹിന്ദ് മസ്ദൂര്‍ സഭ രൂപവല്‍ക്കരിച്ചപ്പോള്‍ അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി.

1953-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ആചാര്യ കൃപലാനിയും മറ്റും നയിച്ച പ്രജാ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുമായി ലയിച്ചു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി. 1954മുതല്‍ അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.

1959-മുതല്‍ 1963 ജൂണ്‍ വരെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍‍മാനുമായി. 1954-57-ല്‍ ഒന്നാം ലോകസഭയിലെ അംഗവും 1957 -62-ല്‍ രണ്ടാം ലോകസഭയിലെ അംഗവും (മുസഫര്‍പുര്‍ മണ്ഡലം) രണ്ടാം ലോകസഭയില്‍  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉപനേതാവും ആയിരുന്നു അദ്ദേഹം.


അവസരവാദപ്രവണതയുടെവക്താവു്

ദേശീയബദലായി സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്കു് ഉയരാന്‍ കഴിയാതെവന്നതില്‍ നിരാശനായി. ഭരണകക്ഷിയായ നെഹ്രുവിന്റെ കോണ്‍ഗ്രസ് 1955-ല്‍ അതിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ്  മാതൃകയിലുള്ള സമൂഹം സൃഷ്ടിയ്ക്കുകയാണെന്നു് ആവഡിയില്‍ വച്ചു് പ്രഖ്യാപിച്ചപ്പോള്‍ അശോക മേത്ത സ്വാഗതം ചെയ്തതു് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കി. ഡോ. ലോഹിയ അതിനെ നിശിതമായി എതിര്‍ത്തു.

തിരുക്കൊച്ചിയിലെ വെടിവയ്പ്പിന്റെ പേരില്‍ മുഖ്യമന്ത്രി പട്ടംതാണുപിള്ള രാജിവയ്ക്കണമെന്നും നിലപാടെടുത്ത ഡോ. ലോഹിയ സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ വിട്ടുവീഴ്ചപാടില്ലെന്ന നിലപാടില്‍ഉറച്ചുനിന്നതു് പ്രസ്ഥാനത്തില്‍ രണ്ടുവിരുദ്ധപ്രവണതകള്‍ ഉയര്‍‍ന്നുവരുന്നതിലേയ്ക്കു് നയിച്ചു. 1955-ല്‍‍ അശോക മേത്ത പ്രതിനിധാനം ചെയ്ത അവസരവാദ-മിതവാദ പ്രവണത പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യം നേടിയപ്പോള്‍ പുറന്തള്ളപ്പെട്ട ഡോ. ലോഹിയ പ്രതിനിധാനം ചെയ്ത സമരാത്മക സോഷ്യലിസ്റ്റ് പ്രവണത സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനം വിടുന്നു

1962-ലെ ഇന്ത്യാ-ചീനായുദ്ധത്തില്‍ രാജ്യത്തിനേറ്റ തിരിച്ചടി കോണ്‍ഗ്രസിന്റെ നയരൂപവല്‍ക്കരണത്തിന്റെ പരാജയമാണെന്നും  രാജ്യത്തിന്റെ പ്രതിരോധത്തെ കോണ്‍ഗ്രസ്സ് ദുര്‍ബലമാക്കിയെന്നും ആരോപിച്ചു്  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശവ്യാപക സമരത്തിലേയ്ക്കു് പ്രവേശിച്ചപ്പോള്‍ അതിനോടു് വിയോജിച്ചു് 1963 ജൂണില്‍  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍‍മാന്‍ സ്ഥാനം അശോക മേത്ത രാജിവച്ചു.

എസ് എം ജോഷി പുതിയ ചെയര്‍‍മാനായും പ്രേം ഭാസിന്‍ ജനറല്‍ സെക്രട്ടറിയായും  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയനിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ദേശീയനിര്‍വാഹകസമിതി അംഗത്വവും ഉപേക്ഷിച്ച മേത്ത കോണ്‍ഗ്രസ്സ് സര്‍ക്കാരിനുകീഴില്‍ 1963 ഡിസംബറില്‍ ആസൂത്രണക്കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം സ്വീകരിയ്ക്കുകയും ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള പ്രതിനിധിസംഘത്തില്‍ അംഗമാവുകയും ചെയ്തു.

ഇതു് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്നു് വ്യക്തമാക്കിയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയസമിതി അശോക മേത്തയോടു് സര്‍ക്കാര്‍ പദവികള്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അതിനുതയ്യറാവാതെ കോണ്‍ഗ്രസ്സില്‍ ചേരുന്നതിനുവേണ്ടി പാര്‍ട്ടിയംഗങ്ങളെ സംഘടിപ്പിയ്ക്കാന്‍ അഖിലേന്ത്യാ പര്യടനത്തിനിറങ്ങുകയാണു് മേത്ത ചെയ്തതു്.1964 ഫെ 15,16 തീയതികളില്‍ കൂടിയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയസമിതി അശോക മേത്തയുടെ പ്രാഥമിക അംഗത്വം അവസാനിപ്പിയ്ക്കുകയും ഡോ. ലോഹിയ നയിച്ചിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ലയിയ്ക്കുവാന്‍ ആലോചിയ്ക്കുകയും ചെയ്തു.

 കോണ്‍ഗ്രസ്സില്‍

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍നിന്നു് പുറത്തായ അശോക മേത്ത ഉടനടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അശോക മേത്തയോടൊപ്പം  കോണ്‍ഗ്രസില്‍ ചേര്‍ന്നവരിലൊരാളാണു് പില്‍ക്കാലത്തു് പ്രധാനമന്ത്രിയായ എസ് ചന്ദ്രശേഖര്‍.

1964ല്‍തന്നെ എസ് എം ജോഷി നയിച്ച പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഡോ. ലോഹിയ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ചു് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയായി.

1964-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മേത്ത 1966 ജനുവരിയില്‍ ഭാരതസംഘാതസര്‍‍ക്കാരില്‍ ആസൂത്രണവകുപ്പിന്റെ മന്ത്രിയായി.ഫെബ്രുവരിയില്‍ സാമൂഹിക ക്ഷേമവകുപ്പുകൂടി ലഭിച്ചു. ലോകസഭാതെരഞ്ഞെടുപ്പിനു ശേഷം 1967 മാര്‍ച്ചില്‍   സാമൂഹിക ക്ഷേമവകുപ്പിന്റെയും പെട്രോളിയം-രാസവസ്തുവകുപ്പിന്റെയും ചുമതലയോടെ വീണ്ടും മന്ത്രിയായി. 1968-ല്‍ ഇന്ദിരാഗാന്ധിയാല്‍ അപമാനിതനായി രാജിവച്ചു.



സംഘടനാ കോണ്‍ഗ്രസില്‍

1969-ലെ കോണ്‍ഗ്രസ്സ് പിളര്‍പ്പില്‍ സംഘടനാ കോണ്‍ഗ്രസില്‍ ഉള്‍പ്പെട്ടു. പിന്നീടു് സംഘടനാ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി. 1977-ല്‍‍ ജനതാപാര്‍ട്ടിയുടെ നേതാക്കളിലൊരാളായി.

അശോക മേത്താ കമ്മിറ്റി

1977 ഡിസംബറില്‍‍ ജനതാ സര്‍ക്കാര്‍ പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള സമിതി രൂപവല്‍ക്കരിച്ചതു് അശോക മേത്ത അദ്ധ്യക്ഷനായിട്ടാണു്. 1978 ഓഗസ്റ്റില്‍ അശോക മേത്ത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയും രാജ്യത്തെ പഞ്ചായത്തിഭരണസംവിധാനങ്ങള്‍ പുനരുജ്ജീവിപ്പിയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി 132 നിര്‍‍ദേശങ്ങള്‍ നല്കുകയും ചെയ്തു.

ജനതാപാര്‍ട്ടിയുടെ നേതാക്കളിലൊരാളായിരിയ്ക്കവെ 1984 ഡി 11നു് ദില്ലിയില്‍ അന്തരിച്ചു.

കൃതികള്‍

കമ്യൂണല്‍ ട്രയാങ്ഗിള്‍ ഇന്‍ ഇന്ത്യ (1942), 1957: ദി ഗ്രേറ്റ് റിബെല്ലിയന്‍ (1946) ഹൂ ഓണ്‍സ്  ഇന്ത്യ? (1950), ഡെമോക്രാറ്റിക് സോഷ്യലിസം (1951), പൊളിറ്റിക്കല്‍ മൈന്‍‍ഡ് ഓഫ് ഇന്ത്യ (1952), സോഷ്യലിസം ആന്‍‍ഡ് പെസന്ററി (1953) , പൊളിറ്റിക്സ് ഓഫ്  പ്ലാന്നെഡ് ഇക്കണോമി (1953) , സ്റ്റഡീസ്‍ ഇന്‍ സോഷ്യലിസം (1956) , സ്റ്റഡീസ്‍ ഇന്‍ ഏഷ്യന്‍‍ സോഷ്യലിസം (1959)

ഫോട്ടോ കടപ്പാടു് ലോകസഭാ സെക്രട്ടറിയേറ്റ്

ശീർഷകങ്ങൾ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ