കുറിപ്പുകൾ

20090918

അശോക മേത്ത


ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും പ്രാമാണിക വ്യക്തിത്വവുയിരുന്നു അശോക മേത്ത (1911-1984). സോഷ്യലിസ്റ്റ് ബദലന്വേഷണത്തില്‍‍ നിന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍‍ നിന്നും പിന്തിരിഞ്ഞു് 1964-ല്‍ കോണ്‍ഗ്രസ്സ് കക്ഷിയില്‍ ചേര്‍ന്നതോടെ പ്രാമാണികത്വം നഷ്ടമായി. കോണ്‍ഗ്രസ്സില്‍ അദ്ദേഹം വിജയിച്ചുമില്ല.


എങ്കിലും, സംഘടനാ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അദ്ദേഹത്തിനു് 1974-ലെ ജയപ്രകാശ് പ്രക്ഷോഭത്തിലും അടിയന്തരാവസ്ഥാ വിരുദ്ധസമരത്തിലും പങ്കുകൊള്ളാന്‍ കഴിഞ്ഞു. ജനതാപാര്‍ട്ടിക്കാരനായി മരിച്ചു.

 വിപ്ലവകാരി

1911ഒക്ടോബര്‍‍ 24 നു് ഭവനഗറില്‍ രഞ്ജിത് റാം മേത്തയുടെ മകനായി ജനിച്ചു. മുംബൈയിലെ വില്‍സന്‍ സ്കൂള്‍ ആന്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠനം നടത്തി. അവിവാഹിതന്‍.വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനത്തിലേയ്ക്കു് കടന്നുവന്നു. 1932-ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തു് രണ്ടരവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു.


1934-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ അതിന്റെ ഒരു സ്ഥാപകാംഗവും പ്രമുഖനേതാക്കളിലൊരാളുമായി. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയനിര്‍വാഹകസമിതിയംഗമായിരുന്നു അദ്ദേഹം. ബോംബെ ഗ്രൂപ്പിന്റെ സൈദ്ധാന്തികനായി അറിയപ്പെട്ടു.

1940-ല്‍ വ്യക്തിഗത സത്യാഗ്രഹത്തില്‍ പങ്കെടുത്തു് ഒന്നരവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. 1942 ഓഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 3 വര്‍ഷം  ജയിലില്‍ കിടന്നു. 1940-നും1945-നും ഇടയ്ക്കു് ജയിലില്‍ കിടന്ന കാലത്താണു് 1857: ദി ഗ്രേറ്റ് റിബെല്ലിയന്‍ എന്ന പുസ്തകത്തിന്റെ പലഭാഗങ്ങളും എഴുതിയതു്. പ്രകാശിപ്പിച്ചതു്, 1946-ലും.

1947-48-ല്‍ ബോംബെ പോര്‍ട് ട്രസ്റ്റിന്റെ ട്രസ്റ്റിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 

കോണ്‍ഗ്രസ്സ്, ഭരണകക്ഷിയായി മാറുകയും ഗാന്ധിജിയുടെ കാലശേഷം കോണ്‍ഗ്രസില്‍ മറ്റു് പാര്‍ട്ടികളുടെ പ്രവര്‍ത്തനം വിലക്കുകയും ചെയ്തപ്പോള്‍ 1948-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി കോണ്‍ഗ്രസില്‍‍നിന്നു് പുറത്തുവന്നു. 1948 ഡിസംബറില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായി ഹിന്ദ് മസ്ദൂര്‍ സഭ രൂപവല്‍ക്കരിച്ചപ്പോള്‍ അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി.

1953-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ആചാര്യ കൃപലാനിയും മറ്റും നയിച്ച പ്രജാ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുമായി ലയിച്ചു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി. 1954മുതല്‍ അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.

1959-മുതല്‍ 1963 ജൂണ്‍ വരെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍‍മാനുമായി. 1954-57-ല്‍ ഒന്നാം ലോകസഭയിലെ അംഗവും 1957 -62-ല്‍ രണ്ടാം ലോകസഭയിലെ അംഗവും (മുസഫര്‍പുര്‍ മണ്ഡലം) രണ്ടാം ലോകസഭയില്‍  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉപനേതാവും ആയിരുന്നു അദ്ദേഹം.


അവസരവാദപ്രവണതയുടെവക്താവു്

ദേശീയബദലായി സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്കു് ഉയരാന്‍ കഴിയാതെവന്നതില്‍ നിരാശനായി. ഭരണകക്ഷിയായ നെഹ്രുവിന്റെ കോണ്‍ഗ്രസ് 1955-ല്‍ അതിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ്  മാതൃകയിലുള്ള സമൂഹം സൃഷ്ടിയ്ക്കുകയാണെന്നു് ആവഡിയില്‍ വച്ചു് പ്രഖ്യാപിച്ചപ്പോള്‍ അശോക മേത്ത സ്വാഗതം ചെയ്തതു് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കി. ഡോ. ലോഹിയ അതിനെ നിശിതമായി എതിര്‍ത്തു.

തിരുക്കൊച്ചിയിലെ വെടിവയ്പ്പിന്റെ പേരില്‍ മുഖ്യമന്ത്രി പട്ടംതാണുപിള്ള രാജിവയ്ക്കണമെന്നും നിലപാടെടുത്ത ഡോ. ലോഹിയ സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ വിട്ടുവീഴ്ചപാടില്ലെന്ന നിലപാടില്‍ഉറച്ചുനിന്നതു് പ്രസ്ഥാനത്തില്‍ രണ്ടുവിരുദ്ധപ്രവണതകള്‍ ഉയര്‍‍ന്നുവരുന്നതിലേയ്ക്കു് നയിച്ചു. 1955-ല്‍‍ അശോക മേത്ത പ്രതിനിധാനം ചെയ്ത അവസരവാദ-മിതവാദ പ്രവണത പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യം നേടിയപ്പോള്‍ പുറന്തള്ളപ്പെട്ട ഡോ. ലോഹിയ പ്രതിനിധാനം ചെയ്ത സമരാത്മക സോഷ്യലിസ്റ്റ് പ്രവണത സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനം വിടുന്നു

1962-ലെ ഇന്ത്യാ-ചീനായുദ്ധത്തില്‍ രാജ്യത്തിനേറ്റ തിരിച്ചടി കോണ്‍ഗ്രസിന്റെ നയരൂപവല്‍ക്കരണത്തിന്റെ പരാജയമാണെന്നും  രാജ്യത്തിന്റെ പ്രതിരോധത്തെ കോണ്‍ഗ്രസ്സ് ദുര്‍ബലമാക്കിയെന്നും ആരോപിച്ചു്  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശവ്യാപക സമരത്തിലേയ്ക്കു് പ്രവേശിച്ചപ്പോള്‍ അതിനോടു് വിയോജിച്ചു് 1963 ജൂണില്‍  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍‍മാന്‍ സ്ഥാനം അശോക മേത്ത രാജിവച്ചു.

എസ് എം ജോഷി പുതിയ ചെയര്‍‍മാനായും പ്രേം ഭാസിന്‍ ജനറല്‍ സെക്രട്ടറിയായും  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയനിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ദേശീയനിര്‍വാഹകസമിതി അംഗത്വവും ഉപേക്ഷിച്ച മേത്ത കോണ്‍ഗ്രസ്സ് സര്‍ക്കാരിനുകീഴില്‍ 1963 ഡിസംബറില്‍ ആസൂത്രണക്കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം സ്വീകരിയ്ക്കുകയും ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള പ്രതിനിധിസംഘത്തില്‍ അംഗമാവുകയും ചെയ്തു.

ഇതു് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്നു് വ്യക്തമാക്കിയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയസമിതി അശോക മേത്തയോടു് സര്‍ക്കാര്‍ പദവികള്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അതിനുതയ്യറാവാതെ കോണ്‍ഗ്രസ്സില്‍ ചേരുന്നതിനുവേണ്ടി പാര്‍ട്ടിയംഗങ്ങളെ സംഘടിപ്പിയ്ക്കാന്‍ അഖിലേന്ത്യാ പര്യടനത്തിനിറങ്ങുകയാണു് മേത്ത ചെയ്തതു്.1964 ഫെ 15,16 തീയതികളില്‍ കൂടിയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയസമിതി അശോക മേത്തയുടെ പ്രാഥമിക അംഗത്വം അവസാനിപ്പിയ്ക്കുകയും ഡോ. ലോഹിയ നയിച്ചിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ലയിയ്ക്കുവാന്‍ ആലോചിയ്ക്കുകയും ചെയ്തു.

 കോണ്‍ഗ്രസ്സില്‍

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍നിന്നു് പുറത്തായ അശോക മേത്ത ഉടനടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അശോക മേത്തയോടൊപ്പം  കോണ്‍ഗ്രസില്‍ ചേര്‍ന്നവരിലൊരാളാണു് പില്‍ക്കാലത്തു് പ്രധാനമന്ത്രിയായ എസ് ചന്ദ്രശേഖര്‍.

1964ല്‍തന്നെ എസ് എം ജോഷി നയിച്ച പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഡോ. ലോഹിയ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ചു് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയായി.

1964-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മേത്ത 1966 ജനുവരിയില്‍ ഭാരതസംഘാതസര്‍‍ക്കാരില്‍ ആസൂത്രണവകുപ്പിന്റെ മന്ത്രിയായി.ഫെബ്രുവരിയില്‍ സാമൂഹിക ക്ഷേമവകുപ്പുകൂടി ലഭിച്ചു. ലോകസഭാതെരഞ്ഞെടുപ്പിനു ശേഷം 1967 മാര്‍ച്ചില്‍   സാമൂഹിക ക്ഷേമവകുപ്പിന്റെയും പെട്രോളിയം-രാസവസ്തുവകുപ്പിന്റെയും ചുമതലയോടെ വീണ്ടും മന്ത്രിയായി. 1968-ല്‍ ഇന്ദിരാഗാന്ധിയാല്‍ അപമാനിതനായി രാജിവച്ചു.സംഘടനാ കോണ്‍ഗ്രസില്‍

1969-ലെ കോണ്‍ഗ്രസ്സ് പിളര്‍പ്പില്‍ സംഘടനാ കോണ്‍ഗ്രസില്‍ ഉള്‍പ്പെട്ടു. പിന്നീടു് സംഘടനാ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി. 1977-ല്‍‍ ജനതാപാര്‍ട്ടിയുടെ നേതാക്കളിലൊരാളായി.

അശോക മേത്താ കമ്മിറ്റി

1977 ഡിസംബറില്‍‍ ജനതാ സര്‍ക്കാര്‍ പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള സമിതി രൂപവല്‍ക്കരിച്ചതു് അശോക മേത്ത അദ്ധ്യക്ഷനായിട്ടാണു്. 1978 ഓഗസ്റ്റില്‍ അശോക മേത്ത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയും രാജ്യത്തെ പഞ്ചായത്തിഭരണസംവിധാനങ്ങള്‍ പുനരുജ്ജീവിപ്പിയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി 132 നിര്‍‍ദേശങ്ങള്‍ നല്കുകയും ചെയ്തു.

ജനതാപാര്‍ട്ടിയുടെ നേതാക്കളിലൊരാളായിരിയ്ക്കവെ 1984 ഡി 11നു് ദില്ലിയില്‍ അന്തരിച്ചു.

കൃതികള്‍

കമ്യൂണല്‍ ട്രയാങ്ഗിള്‍ ഇന്‍ ഇന്ത്യ (1942), 1957: ദി ഗ്രേറ്റ് റിബെല്ലിയന്‍ (1946) ഹൂ ഓണ്‍സ്  ഇന്ത്യ? (1950), ഡെമോക്രാറ്റിക് സോഷ്യലിസം (1951), പൊളിറ്റിക്കല്‍ മൈന്‍‍ഡ് ഓഫ് ഇന്ത്യ (1952), സോഷ്യലിസം ആന്‍‍ഡ് പെസന്ററി (1953) , പൊളിറ്റിക്സ് ഓഫ്  പ്ലാന്നെഡ് ഇക്കണോമി (1953) , സ്റ്റഡീസ്‍ ഇന്‍ സോഷ്യലിസം (1956) , സ്റ്റഡീസ്‍ ഇന്‍ ഏഷ്യന്‍‍ സോഷ്യലിസം (1959)

ഫോട്ടോ കടപ്പാടു് ലോകസഭാ സെക്രട്ടറിയേറ്റ്

20090908

പി.വി. കുര്യന്‍ (1921 - 1993)

ഡോ.റാം മനോഹര്‍ ലോഹിയയുടെ ജീവചരിത്ര ഗ്രന്ഥകാരനും കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനുമായിരുന്നു പി.വി. കുര്യന്‍ (കുര്യച്ചന്‍ ). കോട്ടയം പട്ടണത്തിന്റെ അടുത്ത പ്രദേശമായ പാത്താമുട്ടത്തുകാരനായിരുന്ന കുര്യന്‍, പഴയാറ്റിങ്കല്‍ (പൊടിമറ്റത്തില്‍) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബര്‍ 25 - ന്‌ ജനിച്ചു. എസ്‌.ബി കോളേജില്‍ നിന്ന്‌ ബി.എ. ബിരുദം നേടിയ ശേഷം നാഷണല്‍ ക്വയിലോണ്‍ ബാങ്കിലും പിന്നീട്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിലും ഉദ്യോഗസ്‌ഥനായി ജോലി നോക്കി. ഭാര്യ മേരിക്കുട്ടി പി.വി. കുര്യന്റെ മരണത്തിന്റെ തലേ വര്‍ഷം (1992 ഒക്‌ടോബര്‍ 14) മരിച്ചു. മക്കള്‍ മേഴ്‌സി, സെലിന്‍, ലൈല, അശോക്‌ എന്നിവരാണു്‌.

വിദ്യാര്‍ത്ഥിയായിരിയ്‌ക്കവെ 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കാങ്‌ഗ്രസ്സിലൂടെ ദേശീയപ്രസ്ഥാനത്തിലേയ്‌ക്കു് വന്നു. സുഭാസ്‌ ചന്ദ്രബസു സ്ഥാപിച്ച ഫോര്‍വേഡ്‌ ബ്ലോക്കിന്റെ തിരുവിതാംകൂര്‍ ഘടകത്തിന്റെ ജോയിന്റ്‌ സെക്രട്ടറിയായി. സുഭാസ്‌ ചന്ദ്രബസുവിന്റെ കാലശേഷം കാങ്‌ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌പാര്‍ട്ടിയുടെ (സി.എസ്‌.പി) പ്രവര്‍ത്തകനായി.

ശ്രീകണ്‌ഠന്‍ നായരും മത്തായി മാഞ്ഞൂരാനും സി.എസ്‌.പി. വിട്ട്‌ കേരള സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവല്‍ക്കരിച്ചപ്പോള്‍ കെ. പ്രഭാകരനോടും ഡോ. പി. പി. എന്‍. നമ്പൂതിരിയോടുമൊപ്പം തിരുവിതാംകൂറിന്റെ വടക്കന്‍ താലൂക്കുകളില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃതനായി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ വിവിധ പ്രവണതകള്‍ വളര്‍ന്നുവന്നപ്പോള്‍ എല്ലാ ഘട്ടങ്ങളിലും ഡോ.റാം മനോഹര്‍ ലോഹിയയോടൊപ്പമാണ്‌ അദ്ദേഹം നിലയുറപ്പിച്ചിരുന്നത്‌. 1967- ല്‍ ഡോ.ലോഹിയ അന്തരിച്ചതിനെത്തുടര്‍ന്ന്‌ തിരുവന്തപുരത്ത്‌ ലോഹിയാ സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നതിലും ലോഹിയാവിചാര വേദിക്ക്‌ രൂപം കൊടുക്കുന്നതിലും അദ്ദേഹം മുന്‍കയ്യെടുത്തു. 1984-87, 1989-92 കാലത്ത്‌ ലോഹിയാ വിചാര വേദിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത്‌ തിരുവനന്തപുരത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന അന്തര്‍ധാരയുടെ പത്രാധിപരായിരുന്നു.

സ്വതന്ത്രഭാരതം, കേരളനാട്‌, പോരാട്ടം, മാറ്റം, സമാജവാദി തുടങ്ങിയ സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നു.

1991 ല്‍ പ്രസിദ്ധീകരിച്ച ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി എന്ന ബൃഹദ്‌ ഗ്രന്ഥമാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതി 8 പോയിന്റില്‍ അച്ചടിച്ചതും 1/4ക്രൗണ്‍ സൈസില്‍ 1211 പുറങ്ങളുള്ള ഈ മഹാഗ്രന്ഥം ലോഹിയയേപ്പറ്റി ഏതെങ്കിലും ഭാഷയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ കൃതിയാണ്‌.

ഈ കൃതിയുടെ മുഖവുരയായി സ.പി.വി. കുര്യന്‍ ഇപ്രകാരം എഴുതി :
ആയുധം അണിയാത്ത സത്യത്തിന്റെ രക്തസാക്ഷികളായ സോക്രട്ടീസും യേശുവും ഗാന്ധിജിയും ആയിരിക്കും മനുഷ്യന്റെ അന്തരാത്മാവിന്റെ നിത്യമായ പ്രകാശമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. രക്തസാക്ഷികളായ വിപ്ലവകാരികളുടെ മറ്റോരു ത്രിത്വം കൂടി എന്റെ മനസ്സിലുണ്ട്‌. റോസാ ലക്‌സംബര്‍ഗൂം ലിയോണ്‍ ട്രോട്‌സ്‌കിയും രാമമനോഹര ലോഹിയയും. വിഷം നിറച്ച ചഷകവും മരക്കുരിശും വെടിയുണ്ടയും കോടാലിക്കൈയും സര്‍ജന്റെ കത്തിയും ആണോ, സത്യത്തിന്‌ നിത്യമായി വിധിയ്‌ക്കപ്പെട്ടിരിക്കുന്നത്‌? എങ്കിലും സത്യം മരിക്കുന്നില്ല. വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‌ക്കുന്നു.


പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിപ്ലവ റഷ്യ എന്ന അവസാനത്തെ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കവെ 1993 ജൂലയ്‌ 14-ആം തീയതി പി.വി. കുര്യന്‍ അന്തരിച്ചു. പാത്താമുട്ടം ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബന്ധുമിത്രാദികളുടേയും സോഷ്യലിസ്റ്റു പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ പിറ്റേന്ന്‌ സംസ്‌ക്കരിച്ചു.


കേരളത്തിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ്‌ നേതാക്കളായ ജോഷിജേക്കബ്‌, വിനോദ്‌ പയ്യട, സുരേഷ്‌ നരിക്കുനി തുടങ്ങിയവര്‍ പി.വി. കുര്യന്റെ ശിഷ്യഗണത്തില്‍ പെട്ടവരാണു്‌.


പി.വി. കുര്യന്റെ കൃതികള്‍

1. നേതാജി സുഭാസ്‌ ചന്ദ്രബസു (1943)
2. ഐ എന്‍ എ വിചാരണയും വിധിയും (1944)
3. ഐക്യകേരളം (1946)
4. കേരളം ഇന്ന്‌, ഇന്നലെ, നാളെ (1954)
5. സോഷ്യലിസത്തെപ്പറ്റി (1956)
6. മനുഷ്യന്റെ വളര്‍ച്ച അവന്റെ ഭാഷയിലൂടെ
( പി.വി. കുര്യനും കെ.കെ. അബുവും ചേര്‍ന്ന്‌ എഴുതിയത്‌-1974)
7. ഡോ. റാംമനോഹര്‍ ലോഹിയ എന്ന മനുഷ്യന്‍ കുറെ സ്‌മരണകള്‍ (വിവര്‍ത്തനം -1974)
8. മണ്‌ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സോഷ്യലിസ്റ്റ്‌ വീക്ഷണത്തില്‍ (1983)
9. ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി (1991)
10. ദി ക്രൈസിസ്‌ ഓഫ്‌ മോഡേണ്‍ സിവിലൈനേഷന്‍ (ഇങ്‌ഗ്ലീഷ്‌- 1993 മാര്‍ച്ച്‌)

20090902

ഹിന്ദ് മസ്ദൂര്‍ സഭ


സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ 1948-ല്‍ ആരംഭിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണു് ഹിന്ദ് മസ്ദൂര്‍ സഭ( हिन्द मजदूर सभा). അശോക മേത്തയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. 1948 ഡിസംബര്‍ 24നു് സ്ഥാപിതമായി. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ് ; ജനറല്‍സെക്രട്ടറി ഉമ്രാവുമല്‍ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.‍

ചിത്രം ൧. ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപന സമ്മേളനത്തില്‍ ജയപ്രകാശ് നാരായണന്‍, അശോക മേത്ത,യൂസഫ് മെഹര്‍ അലി എന്നിവര്‍.

ചിത്രം ൨ ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപന സമ്മേളനം

ഉറവിടം- http://www.kamat.com/database/content/democratic_socialism/24574.htm

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ