കുറിപ്പുകൾ

20090908

പി.വി. കുര്യന്‍ (1921 - 1993)

ഡോ.റാം മനോഹര്‍ ലോഹിയയുടെ ജീവചരിത്ര ഗ്രന്ഥകാരനും കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനുമായിരുന്നു പി.വി. കുര്യന്‍ (കുര്യച്ചന്‍ ). കോട്ടയം പട്ടണത്തിന്റെ അടുത്ത പ്രദേശമായ പാത്താമുട്ടത്തുകാരനായിരുന്ന കുര്യന്‍, പഴയാറ്റിങ്കല്‍ (പൊടിമറ്റത്തില്‍) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബര്‍ 25 - ന്‌ ജനിച്ചു. എസ്‌.ബി കോളേജില്‍ നിന്ന്‌ ബി.എ. ബിരുദം നേടിയ ശേഷം നാഷണല്‍ ക്വയിലോണ്‍ ബാങ്കിലും പിന്നീട്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിലും ഉദ്യോഗസ്‌ഥനായി ജോലി നോക്കി. ഭാര്യ മേരിക്കുട്ടി പി.വി. കുര്യന്റെ മരണത്തിന്റെ തലേ വര്‍ഷം (1992 ഒക്‌ടോബര്‍ 14) മരിച്ചു. മക്കള്‍ മേഴ്‌സി, സെലിന്‍, ലൈല, അശോക്‌ എന്നിവരാണു്‌.

വിദ്യാര്‍ത്ഥിയായിരിയ്‌ക്കവെ 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കാങ്‌ഗ്രസ്സിലൂടെ ദേശീയപ്രസ്ഥാനത്തിലേയ്‌ക്കു് വന്നു. സുഭാസ്‌ ചന്ദ്രബസു സ്ഥാപിച്ച ഫോര്‍വേഡ്‌ ബ്ലോക്കിന്റെ തിരുവിതാംകൂര്‍ ഘടകത്തിന്റെ ജോയിന്റ്‌ സെക്രട്ടറിയായി. സുഭാസ്‌ ചന്ദ്രബസുവിന്റെ കാലശേഷം കാങ്‌ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌പാര്‍ട്ടിയുടെ (സി.എസ്‌.പി) പ്രവര്‍ത്തകനായി.

ശ്രീകണ്‌ഠന്‍ നായരും മത്തായി മാഞ്ഞൂരാനും സി.എസ്‌.പി. വിട്ട്‌ കേരള സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവല്‍ക്കരിച്ചപ്പോള്‍ കെ. പ്രഭാകരനോടും ഡോ. പി. പി. എന്‍. നമ്പൂതിരിയോടുമൊപ്പം തിരുവിതാംകൂറിന്റെ വടക്കന്‍ താലൂക്കുകളില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃതനായി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ വിവിധ പ്രവണതകള്‍ വളര്‍ന്നുവന്നപ്പോള്‍ എല്ലാ ഘട്ടങ്ങളിലും ഡോ.റാം മനോഹര്‍ ലോഹിയയോടൊപ്പമാണ്‌ അദ്ദേഹം നിലയുറപ്പിച്ചിരുന്നത്‌. 1967- ല്‍ ഡോ.ലോഹിയ അന്തരിച്ചതിനെത്തുടര്‍ന്ന്‌ തിരുവന്തപുരത്ത്‌ ലോഹിയാ സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നതിലും ലോഹിയാവിചാര വേദിക്ക്‌ രൂപം കൊടുക്കുന്നതിലും അദ്ദേഹം മുന്‍കയ്യെടുത്തു. 1984-87, 1989-92 കാലത്ത്‌ ലോഹിയാ വിചാര വേദിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത്‌ തിരുവനന്തപുരത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന അന്തര്‍ധാരയുടെ പത്രാധിപരായിരുന്നു.

സ്വതന്ത്രഭാരതം, കേരളനാട്‌, പോരാട്ടം, മാറ്റം, സമാജവാദി തുടങ്ങിയ സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നു.

1991 ല്‍ പ്രസിദ്ധീകരിച്ച ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി എന്ന ബൃഹദ്‌ ഗ്രന്ഥമാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതി 8 പോയിന്റില്‍ അച്ചടിച്ചതും 1/4ക്രൗണ്‍ സൈസില്‍ 1211 പുറങ്ങളുള്ള ഈ മഹാഗ്രന്ഥം ലോഹിയയേപ്പറ്റി ഏതെങ്കിലും ഭാഷയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ കൃതിയാണ്‌.

ഈ കൃതിയുടെ മുഖവുരയായി സ.പി.വി. കുര്യന്‍ ഇപ്രകാരം എഴുതി :
ആയുധം അണിയാത്ത സത്യത്തിന്റെ രക്തസാക്ഷികളായ സോക്രട്ടീസും യേശുവും ഗാന്ധിജിയും ആയിരിക്കും മനുഷ്യന്റെ അന്തരാത്മാവിന്റെ നിത്യമായ പ്രകാശമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. രക്തസാക്ഷികളായ വിപ്ലവകാരികളുടെ മറ്റോരു ത്രിത്വം കൂടി എന്റെ മനസ്സിലുണ്ട്‌. റോസാ ലക്‌സംബര്‍ഗൂം ലിയോണ്‍ ട്രോട്‌സ്‌കിയും രാമമനോഹര ലോഹിയയും. വിഷം നിറച്ച ചഷകവും മരക്കുരിശും വെടിയുണ്ടയും കോടാലിക്കൈയും സര്‍ജന്റെ കത്തിയും ആണോ, സത്യത്തിന്‌ നിത്യമായി വിധിയ്‌ക്കപ്പെട്ടിരിക്കുന്നത്‌? എങ്കിലും സത്യം മരിക്കുന്നില്ല. വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‌ക്കുന്നു.


പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിപ്ലവ റഷ്യ എന്ന അവസാനത്തെ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കവെ 1993 ജൂലയ്‌ 14-ആം തീയതി പി.വി. കുര്യന്‍ അന്തരിച്ചു. പാത്താമുട്ടം ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബന്ധുമിത്രാദികളുടേയും സോഷ്യലിസ്റ്റു പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ പിറ്റേന്ന്‌ സംസ്‌ക്കരിച്ചു.


കേരളത്തിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ്‌ നേതാക്കളായ ജോഷിജേക്കബ്‌, വിനോദ്‌ പയ്യട, സുരേഷ്‌ നരിക്കുനി തുടങ്ങിയവര്‍ പി.വി. കുര്യന്റെ ശിഷ്യഗണത്തില്‍ പെട്ടവരാണു്‌.


പി.വി. കുര്യന്റെ കൃതികള്‍

1. നേതാജി സുഭാസ്‌ ചന്ദ്രബസു (1943)
2. ഐ എന്‍ എ വിചാരണയും വിധിയും (1944)
3. ഐക്യകേരളം (1946)
4. കേരളം ഇന്ന്‌, ഇന്നലെ, നാളെ (1954)
5. സോഷ്യലിസത്തെപ്പറ്റി (1956)
6. മനുഷ്യന്റെ വളര്‍ച്ച അവന്റെ ഭാഷയിലൂടെ
( പി.വി. കുര്യനും കെ.കെ. അബുവും ചേര്‍ന്ന്‌ എഴുതിയത്‌-1974)
7. ഡോ. റാംമനോഹര്‍ ലോഹിയ എന്ന മനുഷ്യന്‍ കുറെ സ്‌മരണകള്‍ (വിവര്‍ത്തനം -1974)
8. മണ്‌ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സോഷ്യലിസ്റ്റ്‌ വീക്ഷണത്തില്‍ (1983)
9. ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി (1991)
10. ദി ക്രൈസിസ്‌ ഓഫ്‌ മോഡേണ്‍ സിവിലൈനേഷന്‍ (ഇങ്‌ഗ്ലീഷ്‌- 1993 മാര്‍ച്ച്‌)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ