കുറിപ്പുകൾ

20101217

സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു

നവ ദല്‍‍ഹി, ധനു ൨: മുതിര്‍ന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍ രാജ്യസഭാംഗവുമായ സുരേന്ദ്ര മോഹന്‍ (84) ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് ഡിസംബര്‍ 15-ആം തീയതി വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞു് യമുനാ തീരത്തുള്ള നിഗം ബോധ്‌ ഘട്ടില്‍ നടന്നു.

ഇന്തയിലെ സോഷലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന സുരേന്ദ്രമോഹന്‍ ധൈഷണികമായ സതസന്ധതയുടെയും ധാര്‍മ്മികതയുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ച നേതാവായിരുന്നു. വക്തിപരമായി ഏറെ ത്യാഗങ്ങള്‍ അദ്ദേഹം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഹരിയാണയിലെ അംബാലയില്‍ 1926 ഡിസംബര്‍ നാലിനു് സുരേന്ദ്രമോഹന്‍ ജനിച്ചു. പിതാവിന്റെ പേരു് റാലി റാം. സ്‌കൂള്‍ അധ്യാപകനായി സുരേന്ദ്രമോഹന്‍ കര്‍മരംഗത്തേക്കു കടന്ന സുരേന്ദ്രമോഹന്‍ പിന്നീട്‌ കോളജ്‌ അധ്യാപകനായും ബിസിനസുകാരന്ായും (വ്യവസായ സംരംഭകന്‍) തൊഴിലാളി യൂണിയന്‍ നേതാവായും സജീവമായി. പരിസ്ഥിതി പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പാര്‍ലമെന്‍റേറിയന്‍ എന്നീ നിലകളിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു് ശ്രദ്ധേയനായി. ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും സുരേന്ദ്രമോഹന്‍ ലളിതജീവിതമാണു് നയിച്ചിരുന്നതു്.

ഭാര്യ മഞ്ജു മോഹന്‍ സാമൂഹപ്രവര്‍ത്തകയായിരുന്നു. ഒരു മകനും മകളുമുണ്ടു്.

നാല്പതുകളുടെ ആദ്യം ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സില്‍ അംഗമായി. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ സുരേന്ദ്രമോഹന്‍ 1943 ഫെബ്രുവരിയിലെ ഗാന്ധിജിയുടെ ഉപവാസക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുത്തു. സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങിയ അദ്ദേഹം, ആചാര്യ നരേന്ദ്ര ദേവ, ജയപ്രകാശ് നാരായണന്‍, അച്യുത്പട്‌വര്‍ധന്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ അടുത്ത അനുയായി ആയി 1946 ജൂലൈയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍‍ന്നു. പഞ്ചാബ് സര്‍‍വകലാശാലയില്‍‍നിന്നു് ബാച്‍ലര്‍‍ ഓഫ് സയന്‍‍സ് ബിരുദവും ആഗ്ര സര്‍‍വകലാശാലയില്‍‍നിന്നു് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവുംനേടി. 1956-58 കാലത്തു് വാരണാസിയിലെ കാശി വിദ്യാപീഠത്തില്‍ സോഷ്യോളജി അധ്യാപകനായി. 1958 ജൂലൈയില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ സോഷ്യലിസ്റ്റ് യുവജന സഭയുടെ കണ്‍‍വീനറും1959-61ല്‍‍ ദേശീയ ജനറല്‍‍ സെക്രട്ടറിയുമായി. 1959ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഹാംബര്‍‍ഗ് സമ്മേളനത്തില്‍ പങ്കെടുത്തു. 1963ല്‍‍ പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെ അന്തര്‍‍ദേശീയ കാര്യദര്‍‍ശിയായി.

1965-71 കാലത്തു് പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും 1971-72 കാലത്തു് സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും ദേശീയ ജോയിന്റ്‍ സെക്രട്ടറിയായി. 1973 -77കാലത്തു് സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും ദേശീയ ജനറല്‍‍ സെക്രട്ടറിയായിരുന്നു അടിയന്തരാവസ്‌ഥക്കാലത്ത്‌ അതിനെതിരെ മൂന്നര മാസം ഒളിവില്‍ പ്രവര്‍‍ത്തിച്ച അദ്ദേഹം പിന്നീടു് 10 മാസം മിസ പ്രകാരം തടവില്‍‍ കഴിഞ്ഞു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ജയിലിലായ സമയത്ത്‌ ഹൃദയാഘാതമുണ്ടായപ്പോള്‍ പരോളില്‍ ഇറങ്ങി ചികില്‍സ തേടാന്‍ ജയപ്രകാശ്‌ നാരായണ്‍ ഉപദേശിച്ചെങ്കിലും അതിനു തയ്യാറായില്ല.

ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍, മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ച് പാര്‍ട്ടി വക്താവിന്‍റെ സ്ഥാനം സ്വീകരിച്ചത് ശ്രദ്ധിക്കപ്പെട്ടു. 1977ലും 1979-81 കാലത്തും ജനതാ പാര്‍‍ട്ടിയുടെ ദേശീയ ജനറല്‍‍ സെക്രട്ടറിയായിരുന്നു.1980-ല്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ രാമകൃഷ്ണഹെഗ്‌ഡെ, അശോക്‌മേത്ത, രജനി കോഠാരി, എന്‍.സി.ജെയിന്‍ എന്നിവര്‍ക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചു.

1978 ഏപ്രില്‍ 3 മുതല്‍ 1984 ഏപ്രില്‍ 2 വരെ ജനതാ പാര്‍‍ട്ടിയുടെ ഉത്തര പ്രദേശില്‍‍ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു. 1978-ല്‍ വെസ്റ്റ് ഇന്‍ഡീസിലെ കെന്‍‍സിങ്ടണില്‍ (Kensington) നടന്ന കോമണ്‍വെല്‍‍ത്ത് പാര്‍‍ലമെന്ററി കോണ്‍ഫെറന്‍സില്‍‍പങ്കെടുത്തു. ഭാരതസര്‍‍ക്കാരിന്റെ ഖാദിഗ്രാമവ്യവസായ കമ്മീഷന്‍ (ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മിഷന്‍) ചെയര്‍മാന്‍ ആയി 1996നവംബര്‍‍ മുതല്‍‍ 1998 മാര്‍‍ച്ച് വരെ സേവനം അനുഷ്‌ഠിച്ചു. 1982-1984 കാലത്തു് ഇന്ത്യന്‍‍ ഫെഡറേഷന്‍‍ ഓഫ്‍ ബില്‍‍ഡിങ് ആന്റ് വുഡ് വര്‍‍ക്കേഴ്സ് പ്രസിഡന്റായിരുന്നു.


1988 ല്‍ ജനതാ പാര്‍‍ട്ടികൂടി ലയിച്ചുണ്ടായ ജനതാദളിന്റെ പ്രധാനനേതാക്കളിലൊരാളായിരുന്ന അദ്ദേഹം അതിന്റെ ദേശീയ ജനറല്‍‍ സെക്രട്ടറിയായി പ്രവര്‍‍ത്തിച്ചിട്ടുണ്ടു്. ജനതാദള്‍‍ ശിഥിലമായപ്പോള്‍‍ അദ്ദേഹം മതേതര ജനതാദളില്‍ (ജനതാദള്‍ -എസ്‌) തുടര്‍‍ന്നു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന വ്യതിചലിച്ചു് പാര്‍ട്ടി അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവ ഗൗഡ കര്‍‍ണാടകത്തില്‍ ഭാരതീയ ജനതാ പാര്‍‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടര്‍‍ന്നു് 2006 ഡിസംബര്‍ 23നു് കൂടിയ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ദേവഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കും ചെയ്തപ്പോള്‍ പകരം ജനതാദള്‍ -എസ്‌ ദേശീയ പ്രസിഡന്റായി സുരേന്ദ്ര മോഹനെയാണ്‌ തിരഞ്ഞെടുത്തത്‌. തുടര്‍ന്നുണ്ടായ പിളര്‍‍പ്പില്‍ തെരഞ്ഞെടുപ്പു് കമ്മീഷന്‍ ഗൗഡാ വിഭാഗത്തെ മതേതര ജനതാദളായി അംഗീകരിച്ചപ്പോള്‍ സുരേന്ദ്ര മോഹന്‍ നയിച്ച മതേതര ജനതാദള്‍ 2009 ജനുവരിയില്‍ സോഷ്യലിസ്‌റ്റ്‌ ജനതാ പാര്‍‍ട്ടി എന്ന പേരു സ്വീകരിച്ചു.

നര്‍മ്മദ ബചാവോ ആന്ദോളന്‍ ഉള്‍പ്പെടെ പല ജനകീയ, മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളുടെയും മുന്‍നിരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1980-ല്‍‍ പി യു സി എല്‍‍ (Peoples’ Union for Civil Liberties) സ്ഥാപിയ്ക്കുന്നതിനു് സഹായം നല്കിയ അദ്ദേഹം അന്നുമുതല്‍‍ എന്നും അതിന്റെ ദേശീയ സമിതിയംഗമായിരുന്നു വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ സോഷ്യലിസ്‌റ്റുകളുടെ ഡയറക്‌ടറി എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. 2010 ആദ്യം റാം മനോഹര്‍ ലോഹ്യ ജന്മശതാബ്‌ദി സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1976 മുതല്‍ ജനത വാരികയുടെ പത്രാധിപരുമായിരുന്നു.

കേന്ദ്രമന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി, മുന്‍ മന്ത്രിയും എല്‍‍ ജെ പി നേതാവുമായ രാം വിലാസ് പാസ്വാന്‍, സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാര്‍ സമാജവാദി ജനപരിഷത്തു് നേതാക്കളായ യോഗേന്ദ്ര യാദവ്, അജിത് ഝാ തുടങ്ങി ഒട്ടേറെപ്പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അവസാനത്തെ ഗാന്ധിയന്‍ സോഷ്യലിസ്‌റ്റിനെയാണു സുരേന്ദ്രമോഹന്റെ നിര്യാണത്തോടെ നഷ്‌ടമായിരിക്കുന്നതെന്നു മന്ത്രി ജയ്‌പാല്‍ റെഡ്‌ഡി അനുസ്‌മരിച്ചു.
ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്, എസ്പി അധ്യക്ഷന്‍ മുലായം സിങ് യാദവ്, സോഷ്യലിസ്‌റ്റ്‌ ജനത (ഡമോക്രാറ്റിക്‌) പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍, സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവര്‍ സുരേന്ദ്രമോഹന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്‌ദമുയര്‍ത്തിയ സമുന്നത സോഷ്യലിസ്‌റ്റ്‌ ചിന്തകനായിരുന്നു സുരേന്ദ്ര മോഹനെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ അനുസ്‌മരിച്ചു. മരണംവരെയും അശരണര്‍ക്കായി പൊരുതിയ സുരേന്ദ്ര മോഹന്‍ കമ്യൂണിസ്‌റ്റുകളുടെ നല്ല സുഹൃത്തായിരുന്നെന്ന്‌ സിപിഐ സെക്രട്ടേറിയറ്റ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഫോട്ടോ: എബി ജോൻ വന്‍നിലം

20101206

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

.


തിരുവിതാംകൂറിലെ ആദ്യകാല കോണ്‍‍ഗ്രസ്സ് പ്രവര്‍‍ത്തകന്‍,‍ ഹരിജനോദ്ധാരകന്‍‍ സമുദായ പരിഷ്കര്‍‍ത്താവു്, നിയമസഭാ സാമാജികന്‍‍, അഭിഭാഷകന്‍‍, ന്യായാധിപന്‍‍, എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാലുവട്ടം ശ്രീമൂലം പ്രജാസഭ (നിയമസഭ)യിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലജീവിതം

എ.ഡി. 1877-ൽ പഴയ തിരുവിതാംകൂർ രാജ്യത്തിലെ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് വടക്കേക്കര പുത്തേട്ടു് വീട്ടില്‍ നാരായണപിള്ളയും, മാതാവ് മണക്കാട്ടു് വീട്ടില്‍ നാരായണിയമ്മയും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലായിരുന്നു.ബി എ കഴിഞ്ഞു് അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീടു് ബിഎല്‍ പാസായി പ്രാഗ്തഭനായ അഭിഭാഷകന്‍ എന്നു് പേരെടുത്തു. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥപകരിലൊരാളായിരുന്നുഅദ്ദേഹം.

പൊതുരംഗത്തു്

തിരുവിതാംകൂർ നിയമസഭയ്ക്കത്തും പുറത്തും സാമൂഹിക പരിഷ്കരണങ്ങള്‍‍ക്കും പൗരസ്വാതന്ത്ര്യങ്ങള്‍‍ക്കും ഉത്തരവാദ ഭരണത്തിനും ശബ്ദമുയര്‍‍ത്തിയ അദ്ദേഹത്തിനു് മഹാത്മാ ഗാന്ധിയുമായി അടുത്തുബന്ധപ്പെട്ടു പ്രവര്‍‍ത്തിയ്ക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടു്. ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങള്‍ തുറന്നു
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവര്‍‍ണര്‍‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍‍ നേതൃപരമായ പങ്കുവഹിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍‍ണരുടെ ജാഥയില്‍ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം (കേരളത്തിലെ 235 പ്രസിദ്ധവ്യക്തികളുടെ ജീവചരിത്രം; സോഷ്യലിസ്റ്റ് കൗമുദി; തിരുവനന്തപുരം; പുറം: 98) അതിന്റെ സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം.നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണെന്നു് പറയപ്പെടുന്നു.

കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.
ഹൈക്കോടതി ജഡ്ജി

1926ല്‍‍ തിരുവിതാംകൂറിലെ ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി. ആറുവര്‍‍ഷത്തിനു് ശേഷം ഹൈക്കോടതിയില്‍‍നിന്നു് വിരമിച്ചപ്പോള്‍ വീണ്ടും പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചു.
നാലാമത്തെ തവണ നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു് ഇക്കാലത്താണു്. രാഷ്ട്രീയ കാരണത്താല്‍ സര്‍‍ക്കാര്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ റദ്ദാക്കി.

കോൺഗ്രസിന്റെ തിരുവിതാംകൂർ ശാഖാസമിതിയുടെ ആദ്യപ്രസിഡന്റ്

1938-ല്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്തു് സ്ഥാപിതമായപ്പോള്‍ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു അതിന്റെ ആദ്യപ്രസിഡന്റായി.ജി രാമചന്ദ്രന്‍ ആദ്യ സെക്രട്ടറിയുമായി. വൈകാതെ,1938-ലെ എ ഐ സി സിയ്ക്കു് മുമ്പു്, തിരുവനന്തപുരത്തു് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്നു് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു് സമ്മേളനം ആവശ്യപ്പെട്ടു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു് സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിയ്ക്കേണ്ടതാണെന്നു് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി. (പട്ടം താണുപിള്ള അജയ്യനായ ജനനായകൻ; രാജീവ് ഗോപാലകൃഷ്ണൻ; കേരളഭാഷാഇന്‍‍സ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ,2008; പുറം: 51)

1938-ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റികൾ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകാൻ സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്കു് പ്രോത്സാഹനം നൽകാമെന്നും തീരുമാനിച്ചു. എട്ടു് ബ്രിട്ടീഷ്‍ ഇന്ത്യന്‍‍ സംസ്ഥാനസര്‍‍ക്കാരുകളുടെ നേതൃത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്ത സന്ദർ‍ഭമായതുകൊണ്ടു് നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കു് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖാസമിതികള്‍ നേതൃത്വം നല്കാനാവില്ലെന്നു വന്നു.


ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 1938-ഫെബ്രുവരിയിൽ തന്നെ തിരുവനന്തപുരത്തു് എ നാരായണപിള്ളയുടെ വക്കീലാഫീസിൽ സി. വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഒരു രാഷ്ട്രീയ നേതൃയോഗം ട്രാവൻ‍കൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപവത്‍കരിക്കാൻ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി. എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു് കൊണ്ടു് താല്ക്കാലിക സമിതിയും രൂപവത്‍കരിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നു.


സ്റ്റേറ്റ് കോൺഗ്രസും കോൺഗ്രസിന്റെ ശാഖാസമിതിയും തമ്മില്‍ ലയിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലതുനടന്നെങ്കിലും ഫലപ്രദമായില്ല. കോൺഗ്രസിന്റെ ശാഖാസമിതിയോഗം ചേര്‍‍ന്നു് സംഘടനപിരിച്ചുവിടാന്‍ തീരുമാനമെടുത്തു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ജി രാമചന്ദ്രനും സ്റ്റേറ്റ് കോൺഗ്രസില്‍ ചേരാന്‍ തയ്യാറായില്ല (പട്ടം താണുപിള്ള അജയ്യനായ ജനനായകൻ; രാജീവ് ഗോപാലകൃഷ്ണൻ; കേരളഭാഷാഇന്‍‍സ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ,2008; പുറം: പുറം 52). പട്ടം എ. താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോൺഗ്രസുമായി മുന്നോട്ടുപോയി.

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള 1940 ജൂണ്‍‍ 30-നു് അന്തരിച്ചു.
.

20101129

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്‍

ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ.[1] പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയിൽ അദ്ദേഹം ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാളാണു്.

തോമാ ശ്ലീഹാതൊട്ടുള്ള 115-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ [2] എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ.[3]

പൂര്‍വാശ്രമം

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റേയും കുഞ്ഞിട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനിച്ചത്. പോള്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേരു് . പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുംവൈദിക പഠനം പൂര്‍ത്തിയാക്കി. 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു.

1982-ല്‍ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി. 1985-ല്‍ മെത്രാപ്പൊലീത്തയും കുന്നംകുളം ഭദ്രാസനാധിപനുമായി. 2006 ഒക്‌ടോബര്‍ 12-ആം തീയതിയാണ് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടത്.

പൗരസ്ത്യ കാതോലിക്കോസ്

പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2010 നവംബർ 1-ആം തീയതി തിങ്കളാഴ്‌ച ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനെന്നപേരില്‍ സ്‌ഥാനാരോഹണം ചെയ്തു. ഒക്ടോബര്‍ 29-നു് 90-ആം വയസ്സിലേയ്ക്കു് പ്രവേശിച്ച 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവാ പരുമലയിലെ നവതി ആഘോഷത്തിനു് ശേഷം വൈകുന്നേരം ദേവലോകം കോട്ടയം ദേവലോകം കാതോലിക്കാസന അരമനയില്‍ നടത്തിയ പ്രത്യേക എപ്പിസ്കോപ്പൽ സുന്നഹദോസ്‌ യോഗത്തില്‍ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചതിനെ തുടര്‍‍ന്നാണു് നേതൃമാറ്റമുണ്ടായതു്.

പരിശുദ്ധ ബാവായുടെ സ്‌ഥാനത്യാഗം അംഗീകരിയ്ക്കുന്നതു് സംബന്ധിച്ചും പിന്‍ഗാമിയെ വാഴിയ്ക്കുന്നതു് സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന്‌ പിറ്റേന്നു് ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നിനു് വീണ്ടും യോഗം ചേരാന്‍ അന്നത്തെ എപ്പിസ്‌കോപ്പൽ സുന്നഹദോസ്‌ യോഗം നിശ്ചയിച്ചു. ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസാണു്‍ നിയുക്‌ത കാതോലിക്കായായിരുന്ന പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ സ്‌ഥാനാരോഹണം ചെയ്യിക്കുന്നതിനുള്ള തീരുമാനമെടുത്തതു്.
ഛായ എബി ജോന്‍ വന്‍നിലം

കുറിപ്പുകള്‍


1. ↑ ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെയും ബൈസാന്ത്യ ഓർത്തഡോക്സ് സഭയുടെയും കൽദായ സുറിയാനി സഭയുടെയും റോമൻ കത്തോലിക്കാ സഭയുടെയും പരമ പാത്രിയർക്കീസു്മാരെ പരിശുദ്ധ ബാവ, പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ഹോളിനെസ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാൻ മോർ,മാറാൻ മാർ,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്. സാമന്ത പാത്രിയർക്കീസു്മാരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ബീയാറ്റിറ്റ്യൂഡ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ശ്രേഷ്ഠ എന്ന പദം ചേർക്കുന്നു. ഉദാ: ഊർശലേം പാത്രിയർക്കീസ് ശ്രേഷ്ഠ മാനൂഗിയൻ ബാവ.
2. ↑ പൊതുമാടൻ‍‍ ചെമ്മായി എന്നും അർക്കദിയാക്കോൻ എന്നും ജാതിയ്ക്കു് കർത്തവ്യനെ വിളിച്ചിരുന്നു.
3. ↑ 1653-ൽ കൂനൻ കുരിശു് സത്യത്തിനുശേഷമുണ്ടായ സാഹചര്യങ്ങളെ തുടർന്നു് അന്നത്തെ പൊതുഭാര ശുശ്രൂഷകനായ (ജാതിയ്ക്കു് കർത്തവ്യൻ) തോമാ, ഒന്നാം മാർ‍ത്തോമാ എന്ന പേരിൽ മലങ്കര മെത്രാപ്പോലീത്തയായി അറിയപ്പെട്ടു. റോമൻ കത്തോലിക്കർ അദ്ദേഹത്തെ വ്യാജ മെത്രാനെന്നാണു് വിശേഷിപ്പിച്ചതു്.

ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ

2005 ഒക്ടോബർ മുതല്‍ 2010 നവംബര്‍ 1 വരെ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ(സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ.[1]
സ്‌ഥാനത്യാഗം ചെയ്തതിനുശേഷം സഭയുടെ വലിയ ബാവയായി അറിയപ്പെടുന്നു. തോമാ ശ്ലീഹാതൊട്ടുള്ള 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ [2] എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ[3].


ആദ്യകാലജീവിതം

1921- ഒക്ടോബര്‍ 29-ആം തീയതി കേരളത്തില്‍ തിരുവല്ലയ്ക്കടുത്തു് നെടുംപുറത്തെ (Nedumbram) മുളമൂട്ടില്‍ വീട്ടില്‍ പരേതരായ ഇട്ടിയവിര തോമസ്സിന്റെയും മാവേലിക്കരയിലെ ചിറമേല്‍ വീട്ടില്‍ ശോശാമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമസ് എന്നായിരുന്നു.

1939 ല്‍ 17-ആം വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ (Tabor Dayara) അംഗമായി കാലംചെയ്ത തോമാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്ന്യാസജീവിതം ആരംഭിച്ചു. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ (His Holiness Geevarghese II) 1950 ജനവരി 25ന് വൈദികപട്ടം നല്‍കി. തുടര്‍ന്ന് എം.എ, എല്‍.ടി. ബിരുദം നേടിയശേഷം അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

പരിശുദ്ധ ബസേലിയോസ്‌ ഔഗേന്‍ ബാവയില്‍ (His Holiness Baselios Oughen) നിന്നും 1965 മെയ് 16-ന് റമ്പാന്‍സ്ഥാനം ഏറ്റു.

മേല്പട്ടക്കാരന്‍

1965 ഡിസംബര്‍ 28-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്തതു് പ്രകാരം 1966 ആഗസ്ത് 24-ന് തോമസ് മാര്‍ തിമോത്തിയോസ് (Thomas Mar Timotheos) എന്ന പേരില്‍ മെത്രാനായി (Bishop) അഭിഷിക്തനായി. 1966 നവംബര്‍ 11-ആം തീയതി മെത്രാപ്പോലീത്തയും (Arch Bishop) മലബാര്‍ ഭദ്രാസനത്തിന്റെ പ്രഥമ അധിപനുമായി ഉയര്‍‍ത്തപ്പെട്ടു. 39 വര്‍ഷം അദ്ദേഹം മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്നു.


1992 സപ്തംബര്‍ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്ഗാമിയായി (നിയുക്ത പൗരസ്ത്യ കാതോലിക്കോസ്) പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തിരഞ്ഞെടുത്തു.

പൗരസ്ത്യ കാതോലിക്കോസ്

പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2005 ഒക്ടോബർ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം (Major Arch Bishop of Malankara) ഏറ്റെടുത്തതു്. ഒക്ടോബർ 31-ആം തീയതി ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ (His Holiness Baselios Marthoma Didimos I) എന്ന പേരിൽ പൗരസ്ത്യ കാതോലിക്കോസായി (Catholicos of the East) വാഴിയ്ക്കപ്പെടുകയും ചെയ്തു.


പരിശുദ്ധ ബാവയുടെ അഞ്ചുവര്‍ഷത്തെ ഭരണകാലത്തു് നാലു് മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനുകളില്‍ അധ്യക്ഷത വഹിച്ചു. മലങ്കര സഭയില്‍ ഏറ്റവും കൂടുതല്‍ മേല്പ്പട്ടക്കാരെ വാഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചതു് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയ്ക്കാണു്. അഞ്ചു വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ 14 മെത്രാപ്പോലീത്താമാരെയാണ് ദിദിമോസ് പ്രഥമന്‍ ബാവ അഭിഷേകം ചെയ്തത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ആറ് തവണയായി 11 പേരെയും ബസേലിയോസ് മാത്യൂസ്‌ ദ്വിതീയന്‍ ബാവ മൂന്നു തവണയായി 11 പേരെയും മേല്പ്പട്ടക്കാരായി വാഴിച്ചു.

സഭാ ചരിത്രത്തില്‍ എണ്‍പത്തി നാലാം വയസ്സില്‍ കാതോലിക്കാ സിംഹാസനത്തില്‍ അവരോധിതനാകുന്ന ആദ്യത്തെ കാതോലിക്ക എന്ന ബഹുമതിയും ദിദിമോസ് ബാവയ്ക്ക് മാത്രമാണു്. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ ബാവയാണ്‌.

സ്ഥാനത്യാഗം

89 വയസ്സു് പൂര്‍‍ത്തിയായ 2010 ഒക്ടോബര്‍ 29-ആം തീയതി സ്ഥാനത്യാഗം പ്രഖ്യാപിച്ചു. പരുമലയില്‍ നവതി ആഘോഷിച്ചശേഷം കോട്ടയം ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ നടന്ന സുന്നഹദോസ്‌ യോഗത്തിലാണ്‌ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചത്‌.

ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പരിശുദ്ധ ബാവായുടെ സ്‌ഥാനത്യാഗം അംഗീകരിയ്ക്കുകയും കുന്നംകുളം ഭദ്രാസനാധിപനായിരുന്ന നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ പകരം അവരോധിയ്ക്കാന്‍ വേണ്ട നടപടികളാരംഭിയ്ക്കുകയും ചെയ്തു.

പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ തന്നെ നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ച് പിന്‍ഗാമിയെ അവരോധിച്ചതോടെയാണു് അധികാരക്കൈമാറ്റം പൂര്‍ത്തിയായതു് .

ഗ്രന്ഥകാരന്‍

'മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശുശ്രൂഷാ നടപടിച്ചട്ടങ്ങള്‍' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഛായ എബി ജോന്‍ വന്‍നിലം

കുറിപ്പുകൾ 
1. ↑ ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെയും ബൈസാന്ത്യ ഓർത്തഡോക്സ് സഭയുടെയും കൽദായ സുറിയാനി സഭയുടെയും റോമൻ കത്തോലിക്കാ സഭയുടെയും പരമ പാത്രിയർക്കീസു്മാരെ പരിശുദ്ധ ബാവ, പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ഹോളിനെസ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാൻ മോർ, മാറാൻ മാർ,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്. സാമന്ത പാത്രിയർക്കീസു്മാരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ബീയാറ്റിറ്റ്യൂഡ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ശ്രേഷ്ഠ എന്ന പദം ചേർക്കുന്നു.ഉദാ: ഊർശലേം പാത്രിയർക്കീസ് ശ്രേഷ്ഠ മാനൂഗിയൻ ബാവ.
2. ↑ പൊതുമാടൻ‍‍ ചെമ്മായി എന്നും അർക്കദിയാക്കോൻ എന്നും ജാതിയ്ക്കു് കർത്തവ്യനെ വിളിച്ചിരുന്നു.
3. ↑ 1653-ൽ കൂനൻ കുരിശു് സത്യത്തിനുശേഷമുണ്ടായ സാഹചര്യങ്ങളെ തുടർന്നു് അന്നത്തെ പൊതുഭാര ശുശ്രൂഷകനായ (ജാതിയ്ക്കു് കർത്തവ്യൻ) തോമാ, ഒന്നാം മാർ‍ത്തോമാ എന്ന പേരിൽ മലങ്കര മെത്രാപ്പോലീത്തയായി അറിയപ്പെട്ടു. റോമൻ കത്തോലിക്കർ അദ്ദേഹത്തെ വ്യാജ മെത്രാനെന്നാണു് വിശേഷിപ്പിച്ചതു്.

പരിശുദ്ധ ആരാം ഒന്നാമന്‍ കെഷീഷിയാന്‍ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയംശീര്‍‍ഷകസഭകളിലൊന്നായ കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസാണു് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അര്‍മീനിയന്‍‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ ആസ്ഥാനം 1930 മുതല്‍ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂര്‍ണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.

ബെയ്‌റൂട്ടില്‍ 1947ല്‍ ജനിച്ച അരാം കെഷീഷിയാന്‍ 1980ല്‍ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. സഭകളുടെ ലോക കൗണ്‍സില്‍ (ഡബ്ലിയു. സി. സി.) മോഡറേറ്ററായി രണ്ടു തവണ അതായതു് 15 വര്‍ഷം (1991 - 2006) പ്രവര്‍ത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓര്‍ത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാള്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷന്‍, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.

സഹോദരീ സഭാതലവനായ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ ക്ഷണ പ്രകാരം 2010 ഫെ 24 മുതല്‍ 28 വരെ പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ കേകളത്തില്‍ സന്ദര്‍ശനം നടത്തി.
ഛായ എബി ജോന്‍ വന്‍നിലം

20101128

ജാലികാന്തരകണ്ണികള്‍

 1. Newsround https://en.wikipedia.org/wiki/Newsround 
 2. Newsround BBC children's news programme https://simple.wikipedia.org/wiki/
 3. http://www.bbc.co.uk/newsround/news 
 4. TIME For Kids http://www.timeforkids.com/news 
 5. Kids Today http://www.kidstodayonline.com/ 
 6. CNN Student News http://edition.cnn.com/studentnews/ 
 7. Current Events for Kids http://www.headlinespot.com/for/kids/ 
 8. DOGOnews http://www.dogonews.com/ 
 9. Science News for Students https://student.societyforscience.org/sciencenews-students
 10. http://www.bbcactiveenglish.com/kids-english-zone_information.html 
 11. Kiwi Kids News http://www.kiwikidsnews.co.nz/ 
 12. Teaching Kids News http://teachingkidsnews.com/ 
 13. Daily news and current events for kids— from our magazines to your classroom http://magazines.scholastic.com/ 
 14. English Language Learning http://teachingkidsnews.com/discussing-challenging-news-stories-with-kids/ 
 15. http://www.bbc.co.uk/learning/subjects/childrens_learning.shtml 
 16. http://www.bbc.co.uk/history/forkids/ 
 17. http://www.bbc.co.uk/children/ 
 18. British Council http://learnenglishkids.britishcouncil.org/en/ 
 19. BBC Kids http://www.bbckids.ca/ 
 20. BBC http://www.bbc.com BBC Kids https://en.wikipedia.org/wiki/BBC_Kids
 21. സര്‍വ്വവിജ്ഞാനകോശം

20100722

സി.ജെ. തോമസ് (1918 - 60)

.


മലയാളഭാഷയിലെ പ്രമുഖ നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (1918 - 60) എന്നറിയപ്പെടുന്ന ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു് വഹിച്ച ഈ സാഹിത്യ പ്രതിഭ, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുന്‍‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സിജെ ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നുവെന്നാണു് സുകുമാര്‍ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.

1918 –ല്‍ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദീകന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാര്‍ത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വര്‍ഷക്കാലം വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും തുടര്‍‍ന്നു് എം. പി. പോള്‍സ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവര്‍‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവര്‍‍ത്തിച്ചു.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘംവക പുസ്തകങ്ങളുടെ പുറംചട്ടകള്‍ക്ക് അത്യധികം ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയത്രി മേരിജോണ്‍ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മുത്ത സഹോദരിയാണു്. 1960 ജൂലൈ 14-ന്‌ 42-ആം വയസ്സില്‍ സി.ജെ. കഥാവശേഷനായി.

ആദ്യകാലജീവിതം

സി.ജെ. തോമസ് 1918 നവംബര്‍ 14-ആം തീയതി കൂത്താട്ടുകുളത്തു് വടകര യോഹന്നാന്‍ മാംദാന ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പയുടെയും അന്നമ്മയുടേയും പുത്രനായി ജനിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മകനെ ഒരു വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സി.എം.എസ്. കോളേജില്‍ അയച്ചു. ചെമ്മാച്ചനായിരുന്ന സി. ജെ താമസിയാതെതന്നെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി തിരിച്ചുപോന്നു.

വിദ്യാഭ്യാസം

ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ബിരുദവും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് 1943-ല്‍‍ നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി.

ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കു് സി.ജെ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. നാലഞ്ചു് വര്‍ഷത്തോളം ആ രംഗത്തു് സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്നു് ബോധ്യമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു് പുറത്തു്പോന്നു. അതിനു്ശേഷം ഒരു പാര്‍ട്ടിയുടേയും വക്താവായിട്ടില്ല.


വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി.

വിവാഹം

എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ (പോള്‍സ്‌ കോളേജില്‍) ഇംഗ്ലീഷ്‌ അധ്യാപകനായി എത്തിയകാലത്തു് സി. ജെ. തോമസ്, എം.പി. പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണയത്തിലായി.

റോസിയുടെയും സി.ജെ.യുടെയും പ്രണയത്തോട്‌ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന്‌ യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭമാറണമെന്ന വ്യവസ്ഥയിലാണു് എം.പി. പോള്‍ അവരുടെ വിവാഹത്തിനു് സമ്മതം നല്കിയതു്. 1951 ജനുവരി 18-നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചു. ഒന്നര വര്‍ഷത്തിനു് ശേഷം പോള്‍ മരിക്കുകയും ചെയ്‌തു.

സാഹിത്യരംഗത്തു്

എം. പി. പോള്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണു് സി.ജെ. സാഹിത്യരംഗത്തു് പ്രത്യക്ഷപ്പെടുന്നതു്. പ്രൊഫസര്‍ എം. പി പോളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതു്കാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിയ്ക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്കു്.

അവന്‍ വീണ്ടും വരുന്നു എന്ന നാടകം 1949-ല്‍ രചിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയില്‍ പ്രകടമാണു്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ആംഗല പരിഭാഷ 1979-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

1950-ല്‍ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു് പ്രതിപാദിക്കുന്നു . മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകള്‍, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങള്‍, ഭാഷയിലെ ഇബ്സന്‍ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാര്‍ തുടങ്ങിയവയാണ് ഈ കൃതിയിലെ ചര്‍ച്ചാവിഷയങ്ങള്‍.

1953-ല്‍ പ്രസിദ്ധീകരിച്ച ഇവന്‍ എന്റെ പ്രിയ പുത്രന്‍ എന്നകൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ  സമാഹാരമാണു്. 'വേഷവും സദാചാരവും', 'കുറുക്കുവഴികള്‍', 'എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?', 'എന്റെ ചങ്ങമ്പുഴ' തുടങ്ങിയ ഉപന്യാസങ്ങളാണു് ഇതില്‍ .

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങള്‍ സി.ജെ. തോമസ് ഉള്‍ക്കൊണ്ടു.  മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദര്‍ശനവും സ്വാംശീകരിക്കപ്പെട്ട നാടകങ്ങള്‍ സി.ജെ.യാണ് മലയാളത്തില്‍ അവതരിപ്പിച്ചുതുടങ്ങിയതു്.

മതവും കമ്യൂണിസവും, അവന്‍ വീണ്ടും വരുന്നു, 1128-ല്‍ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യന്‍ നീ തന്നെ, വിലയിരുത്തല്‍, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രന്‍, ധിക്കാരിയുടെ കാതല്‍, മനുഷ്യന്റെ വളര്‍ച്ച, ജനുവരി 9, രണ്ടു ചൈനയില്‍, നട്ടുച്ചയ്ക്കിരുട്ട് മുതലായവ തോമസിന്റെ ശ്രദ്ധേയമായ കൃതികളാണു്.

പത്രപ്രവര്‍ത്തനം


വിവാഹശേഷം ആകാശവാണി(ആള്‍ ഇന്ത്യാ റേഡിയോ)യുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു. സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയില്‍ സൂക്ഷിയ്ക്കുവാന്‍ മറക്കാറില്ല. ആഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു.

കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി സി.ജെ. വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടു്. എന്‍.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.യെന്നചിത്രകാരനായ പ്രതിഭാശാലിയാണ്. മലയാളഗ്രന്ഥങ്ങള്‍ക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നല്‍കിയതിനു പിന്നില്‍ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.


കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ.യുടെ വിദഗ്ദ്ധഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.


എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.
1959-ല്‍ വിമോചനസമരത്തിന്റെയൊപ്പം സിജെ നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ വലിയ മനുഷ്യനായിരുന്നു സി.ജെ. സ്വന്തം ചിന്തകള്‍ക്കും , നിരീക്ഷണങ്ങള്‍ക്കും , നിഗമനങ്ങള്‍ക്കും അതീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ തയ്യാറാകാതിരുന്നതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിട്ടുമുണ്ടു്.

നാല്പത്തിരണ്ടാമത്തെ വയസ്സില്‍ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂലയ് 14-ാം തീയതി അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ റോസി തോമസ് ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന പേരില്‍ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. 42 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ നാലുവര്‍ഷത്തെ കാമുകിയും ഒമ്പതുവര്‍ഷത്തെ ഭാര്യയുമായി താന്‍ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.


ഈ ധിക്കാരിയുടെ ശബ്ദം നിലച്ചപ്പോള്‍ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചതിങ്ങനെയാണു്"സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക."

കൃതികള്‍

1948 മുതല്‍ക്കാണ് സി.ജെയുടെ കൃതികള്‍ പ്രസിദ്ധീകൃതമാകുന്നത്. ആദ്യം പുറത്തുവന്നത്

സ്വന്തം രചനകകള്‍


 1. സോഷ്യലിസം (1948 ജൂണ്‍ )
 2. മതവും കമ്യൂണിസവും (1948 ജൂലൈ )
 3. അവന്‍ വീണ്ടും വരുന്നു (1949 ആഗസ്റ്റ് )
 4. ഉയരുന്ന യവനിക (1950 ഒക്ടോബര്‍ )
 5. വിലയിരുത്തല്‍ (1951 സെപ്തംബര്‍)
 6. ഇവനെന്റെ പ്രിയ പുത്രന്‍ (1953 ഏപ്രില്‍ )
 7. 1128 -ല്‍ ക്രൈം 27 (1954 ജനുവരി)
 8. ശലോമി (1954 സെപ്തംബര്‍)
 9. ആ മനുഷ്യന്‍ നീ തന്നെ (1955 മെയ്)
 10. ധിക്കാരിയുടെ കാതല്‍ (1955 മെയ്)
 11. മനുഷ്യന്റെ വളര്‍ച്ച (1960 ഏപ്രില്‍)
 12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്)
 13. വിഷവൃക്ഷം (1960 ആഗസ്റ്റ്)
 14. സി.ജെ.വിചാരവും വീക്ഷണവും(1985)
 15. അന്വേഷണങ്ങള്‍(2004 ജൂലൈ).


വിവര്‍ത്തനങ്ങള്‍


 1. ജനുവരി ഒമ്പത് (1952 ജൂണ്‍)
 2. ആന്റിഗണി(1955 ഫെബ്രുവരി)
 3. നട്ടുച്ചക്കിരുട്ട്(1955 നവംബര്‍)
 4. ഭൂതം (1956 മെയ്)
 5. രണ്ടു ചൈനയില്‍(1956 ഒക്ടോബര്‍)
 6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി)
 7. കീടജന്മം (1960 സെപ്തബര്‍)


അപൂര്‍ണ്ണങ്ങള്‍


 1. ഈഡിപ്പസ് ( അച്ചടിച്ചിട്ടില്ല)
 2. ഹംലറ്റ് ( അച്ചടിച്ചിട്ടില്ല)


മക്കള്‍

സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍ ബിനോയ്‌ കാനഡ സണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണു്; ഭാര്യ അഡ്വ. ജിന്‍സി. ബീന എംസണാണു് മക്കളില്‍ രണ്ടാമത്തെയാള്‍; ഭര്‍‍ത്താവു് അഡ്വ. എംസണ്‍ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകന്‍ പോള്‍ സി തോമസ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.
.

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ