കുറിപ്പുകൾ

20100722

സി.ജെ. തോമസ് (1918 - 60)

.


മലയാളഭാഷയിലെ പ്രമുഖ നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (1918 - 60) എന്നറിയപ്പെടുന്ന ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു് വഹിച്ച ഈ സാഹിത്യ പ്രതിഭ, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുന്‍‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സിജെ ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നുവെന്നാണു് സുകുമാര്‍ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.

1918 –ല്‍ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദീകന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാര്‍ത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വര്‍ഷക്കാലം വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും തുടര്‍‍ന്നു് എം. പി. പോള്‍സ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവര്‍‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവര്‍‍ത്തിച്ചു.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘംവക പുസ്തകങ്ങളുടെ പുറംചട്ടകള്‍ക്ക് അത്യധികം ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയത്രി മേരിജോണ്‍ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മുത്ത സഹോദരിയാണു്. 1960 ജൂലൈ 14-ന്‌ 42-ആം വയസ്സില്‍ സി.ജെ. കഥാവശേഷനായി.

ആദ്യകാലജീവിതം

സി.ജെ. തോമസ് 1918 നവംബര്‍ 14-ആം തീയതി കൂത്താട്ടുകുളത്തു് വടകര യോഹന്നാന്‍ മാംദാന ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പയുടെയും അന്നമ്മയുടേയും പുത്രനായി ജനിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മകനെ ഒരു വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സി.എം.എസ്. കോളേജില്‍ അയച്ചു. ചെമ്മാച്ചനായിരുന്ന സി. ജെ താമസിയാതെതന്നെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി തിരിച്ചുപോന്നു.

വിദ്യാഭ്യാസം

ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ബിരുദവും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് 1943-ല്‍‍ നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി.

ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കു് സി.ജെ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. നാലഞ്ചു് വര്‍ഷത്തോളം ആ രംഗത്തു് സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്നു് ബോധ്യമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു് പുറത്തു്പോന്നു. അതിനു്ശേഷം ഒരു പാര്‍ട്ടിയുടേയും വക്താവായിട്ടില്ല.


വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി.

വിവാഹം

എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ (പോള്‍സ്‌ കോളേജില്‍) ഇംഗ്ലീഷ്‌ അധ്യാപകനായി എത്തിയകാലത്തു് സി. ജെ. തോമസ്, എം.പി. പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണയത്തിലായി.

റോസിയുടെയും സി.ജെ.യുടെയും പ്രണയത്തോട്‌ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന്‌ യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭമാറണമെന്ന വ്യവസ്ഥയിലാണു് എം.പി. പോള്‍ അവരുടെ വിവാഹത്തിനു് സമ്മതം നല്കിയതു്. 1951 ജനുവരി 18-നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചു. ഒന്നര വര്‍ഷത്തിനു് ശേഷം പോള്‍ മരിക്കുകയും ചെയ്‌തു.

സാഹിത്യരംഗത്തു്

എം. പി. പോള്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണു് സി.ജെ. സാഹിത്യരംഗത്തു് പ്രത്യക്ഷപ്പെടുന്നതു്. പ്രൊഫസര്‍ എം. പി പോളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതു്കാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിയ്ക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്കു്.

അവന്‍ വീണ്ടും വരുന്നു എന്ന നാടകം 1949-ല്‍ രചിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയില്‍ പ്രകടമാണു്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ആംഗല പരിഭാഷ 1979-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

1950-ല്‍ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു് പ്രതിപാദിക്കുന്നു . മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകള്‍, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങള്‍, ഭാഷയിലെ ഇബ്സന്‍ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാര്‍ തുടങ്ങിയവയാണ് ഈ കൃതിയിലെ ചര്‍ച്ചാവിഷയങ്ങള്‍.

1953-ല്‍ പ്രസിദ്ധീകരിച്ച ഇവന്‍ എന്റെ പ്രിയ പുത്രന്‍ എന്നകൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ  സമാഹാരമാണു്. 'വേഷവും സദാചാരവും', 'കുറുക്കുവഴികള്‍', 'എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?', 'എന്റെ ചങ്ങമ്പുഴ' തുടങ്ങിയ ഉപന്യാസങ്ങളാണു് ഇതില്‍ .

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങള്‍ സി.ജെ. തോമസ് ഉള്‍ക്കൊണ്ടു.  മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദര്‍ശനവും സ്വാംശീകരിക്കപ്പെട്ട നാടകങ്ങള്‍ സി.ജെ.യാണ് മലയാളത്തില്‍ അവതരിപ്പിച്ചുതുടങ്ങിയതു്.

മതവും കമ്യൂണിസവും, അവന്‍ വീണ്ടും വരുന്നു, 1128-ല്‍ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യന്‍ നീ തന്നെ, വിലയിരുത്തല്‍, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രന്‍, ധിക്കാരിയുടെ കാതല്‍, മനുഷ്യന്റെ വളര്‍ച്ച, ജനുവരി 9, രണ്ടു ചൈനയില്‍, നട്ടുച്ചയ്ക്കിരുട്ട് മുതലായവ തോമസിന്റെ ശ്രദ്ധേയമായ കൃതികളാണു്.

പത്രപ്രവര്‍ത്തനം


വിവാഹശേഷം ആകാശവാണി(ആള്‍ ഇന്ത്യാ റേഡിയോ)യുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു. സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയില്‍ സൂക്ഷിയ്ക്കുവാന്‍ മറക്കാറില്ല. ആഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു.

കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി സി.ജെ. വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടു്. എന്‍.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.യെന്നചിത്രകാരനായ പ്രതിഭാശാലിയാണ്. മലയാളഗ്രന്ഥങ്ങള്‍ക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നല്‍കിയതിനു പിന്നില്‍ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.


കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ.യുടെ വിദഗ്ദ്ധഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.


എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.
1959-ല്‍ വിമോചനസമരത്തിന്റെയൊപ്പം സിജെ നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ വലിയ മനുഷ്യനായിരുന്നു സി.ജെ. സ്വന്തം ചിന്തകള്‍ക്കും , നിരീക്ഷണങ്ങള്‍ക്കും , നിഗമനങ്ങള്‍ക്കും അതീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ തയ്യാറാകാതിരുന്നതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിട്ടുമുണ്ടു്.

നാല്പത്തിരണ്ടാമത്തെ വയസ്സില്‍ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂലയ് 14-ാം തീയതി അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ റോസി തോമസ് ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന പേരില്‍ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. 42 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ നാലുവര്‍ഷത്തെ കാമുകിയും ഒമ്പതുവര്‍ഷത്തെ ഭാര്യയുമായി താന്‍ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.


ഈ ധിക്കാരിയുടെ ശബ്ദം നിലച്ചപ്പോള്‍ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചതിങ്ങനെയാണു്"സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക."

കൃതികള്‍

1948 മുതല്‍ക്കാണ് സി.ജെയുടെ കൃതികള്‍ പ്രസിദ്ധീകൃതമാകുന്നത്. ആദ്യം പുറത്തുവന്നത്

സ്വന്തം രചനകകള്‍


 1. സോഷ്യലിസം (1948 ജൂണ്‍ )
 2. മതവും കമ്യൂണിസവും (1948 ജൂലൈ )
 3. അവന്‍ വീണ്ടും വരുന്നു (1949 ആഗസ്റ്റ് )
 4. ഉയരുന്ന യവനിക (1950 ഒക്ടോബര്‍ )
 5. വിലയിരുത്തല്‍ (1951 സെപ്തംബര്‍)
 6. ഇവനെന്റെ പ്രിയ പുത്രന്‍ (1953 ഏപ്രില്‍ )
 7. 1128 -ല്‍ ക്രൈം 27 (1954 ജനുവരി)
 8. ശലോമി (1954 സെപ്തംബര്‍)
 9. ആ മനുഷ്യന്‍ നീ തന്നെ (1955 മെയ്)
 10. ധിക്കാരിയുടെ കാതല്‍ (1955 മെയ്)
 11. മനുഷ്യന്റെ വളര്‍ച്ച (1960 ഏപ്രില്‍)
 12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്)
 13. വിഷവൃക്ഷം (1960 ആഗസ്റ്റ്)
 14. സി.ജെ.വിചാരവും വീക്ഷണവും(1985)
 15. അന്വേഷണങ്ങള്‍(2004 ജൂലൈ).


വിവര്‍ത്തനങ്ങള്‍


 1. ജനുവരി ഒമ്പത് (1952 ജൂണ്‍)
 2. ആന്റിഗണി(1955 ഫെബ്രുവരി)
 3. നട്ടുച്ചക്കിരുട്ട്(1955 നവംബര്‍)
 4. ഭൂതം (1956 മെയ്)
 5. രണ്ടു ചൈനയില്‍(1956 ഒക്ടോബര്‍)
 6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി)
 7. കീടജന്മം (1960 സെപ്തബര്‍)


അപൂര്‍ണ്ണങ്ങള്‍


 1. ഈഡിപ്പസ് ( അച്ചടിച്ചിട്ടില്ല)
 2. ഹംലറ്റ് ( അച്ചടിച്ചിട്ടില്ല)


മക്കള്‍

സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍ ബിനോയ്‌ കാനഡ സണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണു്; ഭാര്യ അഡ്വ. ജിന്‍സി. ബീന എംസണാണു് മക്കളില്‍ രണ്ടാമത്തെയാള്‍; ഭര്‍‍ത്താവു് അഡ്വ. എംസണ്‍ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകന്‍ പോള്‍ സി തോമസ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ