കുറിപ്പുകൾ

20101206

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

.


തിരുവിതാംകൂറിലെ ആദ്യകാല കോണ്‍‍ഗ്രസ്സ് പ്രവര്‍‍ത്തകന്‍,‍ ഹരിജനോദ്ധാരകന്‍‍ സമുദായ പരിഷ്കര്‍‍ത്താവു്, നിയമസഭാ സാമാജികന്‍‍, അഭിഭാഷകന്‍‍, ന്യായാധിപന്‍‍, എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാലുവട്ടം ശ്രീമൂലം പ്രജാസഭ (നിയമസഭ)യിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലജീവിതം

എ.ഡി. 1877-ൽ പഴയ തിരുവിതാംകൂർ രാജ്യത്തിലെ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് വടക്കേക്കര പുത്തേട്ടു് വീട്ടില്‍ നാരായണപിള്ളയും, മാതാവ് മണക്കാട്ടു് വീട്ടില്‍ നാരായണിയമ്മയും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലായിരുന്നു.ബി എ കഴിഞ്ഞു് അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീടു് ബിഎല്‍ പാസായി പ്രാഗ്തഭനായ അഭിഭാഷകന്‍ എന്നു് പേരെടുത്തു. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥപകരിലൊരാളായിരുന്നുഅദ്ദേഹം.

പൊതുരംഗത്തു്

തിരുവിതാംകൂർ നിയമസഭയ്ക്കത്തും പുറത്തും സാമൂഹിക പരിഷ്കരണങ്ങള്‍‍ക്കും പൗരസ്വാതന്ത്ര്യങ്ങള്‍‍ക്കും ഉത്തരവാദ ഭരണത്തിനും ശബ്ദമുയര്‍‍ത്തിയ അദ്ദേഹത്തിനു് മഹാത്മാ ഗാന്ധിയുമായി അടുത്തുബന്ധപ്പെട്ടു പ്രവര്‍‍ത്തിയ്ക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടു്. ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങള്‍ തുറന്നു
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവര്‍‍ണര്‍‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍‍ നേതൃപരമായ പങ്കുവഹിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍‍ണരുടെ ജാഥയില്‍ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം (കേരളത്തിലെ 235 പ്രസിദ്ധവ്യക്തികളുടെ ജീവചരിത്രം; സോഷ്യലിസ്റ്റ് കൗമുദി; തിരുവനന്തപുരം; പുറം: 98) അതിന്റെ സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം.നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണെന്നു് പറയപ്പെടുന്നു.

കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.
ഹൈക്കോടതി ജഡ്ജി

1926ല്‍‍ തിരുവിതാംകൂറിലെ ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി. ആറുവര്‍‍ഷത്തിനു് ശേഷം ഹൈക്കോടതിയില്‍‍നിന്നു് വിരമിച്ചപ്പോള്‍ വീണ്ടും പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചു.
നാലാമത്തെ തവണ നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു് ഇക്കാലത്താണു്. രാഷ്ട്രീയ കാരണത്താല്‍ സര്‍‍ക്കാര്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ റദ്ദാക്കി.

കോൺഗ്രസിന്റെ തിരുവിതാംകൂർ ശാഖാസമിതിയുടെ ആദ്യപ്രസിഡന്റ്

1938-ല്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്തു് സ്ഥാപിതമായപ്പോള്‍ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു അതിന്റെ ആദ്യപ്രസിഡന്റായി.ജി രാമചന്ദ്രന്‍ ആദ്യ സെക്രട്ടറിയുമായി. വൈകാതെ,1938-ലെ എ ഐ സി സിയ്ക്കു് മുമ്പു്, തിരുവനന്തപുരത്തു് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്നു് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു് സമ്മേളനം ആവശ്യപ്പെട്ടു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു് സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിയ്ക്കേണ്ടതാണെന്നു് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി. (പട്ടം താണുപിള്ള അജയ്യനായ ജനനായകൻ; രാജീവ് ഗോപാലകൃഷ്ണൻ; കേരളഭാഷാഇന്‍‍സ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ,2008; പുറം: 51)

1938-ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റികൾ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകാൻ സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്കു് പ്രോത്സാഹനം നൽകാമെന്നും തീരുമാനിച്ചു. എട്ടു് ബ്രിട്ടീഷ്‍ ഇന്ത്യന്‍‍ സംസ്ഥാനസര്‍‍ക്കാരുകളുടെ നേതൃത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്ത സന്ദർ‍ഭമായതുകൊണ്ടു് നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കു് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖാസമിതികള്‍ നേതൃത്വം നല്കാനാവില്ലെന്നു വന്നു.


ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 1938-ഫെബ്രുവരിയിൽ തന്നെ തിരുവനന്തപുരത്തു് എ നാരായണപിള്ളയുടെ വക്കീലാഫീസിൽ സി. വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഒരു രാഷ്ട്രീയ നേതൃയോഗം ട്രാവൻ‍കൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപവത്‍കരിക്കാൻ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി. എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു് കൊണ്ടു് താല്ക്കാലിക സമിതിയും രൂപവത്‍കരിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നു.


സ്റ്റേറ്റ് കോൺഗ്രസും കോൺഗ്രസിന്റെ ശാഖാസമിതിയും തമ്മില്‍ ലയിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലതുനടന്നെങ്കിലും ഫലപ്രദമായില്ല. കോൺഗ്രസിന്റെ ശാഖാസമിതിയോഗം ചേര്‍‍ന്നു് സംഘടനപിരിച്ചുവിടാന്‍ തീരുമാനമെടുത്തു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ജി രാമചന്ദ്രനും സ്റ്റേറ്റ് കോൺഗ്രസില്‍ ചേരാന്‍ തയ്യാറായില്ല (പട്ടം താണുപിള്ള അജയ്യനായ ജനനായകൻ; രാജീവ് ഗോപാലകൃഷ്ണൻ; കേരളഭാഷാഇന്‍‍സ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ,2008; പുറം: പുറം 52). പട്ടം എ. താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോൺഗ്രസുമായി മുന്നോട്ടുപോയി.

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള 1940 ജൂണ്‍‍ 30-നു് അന്തരിച്ചു.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശീർഷകങ്ങൾ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ