കുറിപ്പുകൾ

20101217

സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു

നവ ദല്‍‍ഹി, ധനു ൨: മുതിര്‍ന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍ രാജ്യസഭാംഗവുമായ സുരേന്ദ്ര മോഹന്‍ (84) ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് ഡിസംബര്‍ 15-ആം തീയതി വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞു് യമുനാ തീരത്തുള്ള നിഗം ബോധ്‌ ഘട്ടില്‍ നടന്നു.

ഇന്തയിലെ സോഷലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന സുരേന്ദ്രമോഹന്‍ ധൈഷണികമായ സതസന്ധതയുടെയും ധാര്‍മ്മികതയുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ച നേതാവായിരുന്നു. വക്തിപരമായി ഏറെ ത്യാഗങ്ങള്‍ അദ്ദേഹം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഹരിയാണയിലെ അംബാലയില്‍ 1926 ഡിസംബര്‍ നാലിനു് സുരേന്ദ്രമോഹന്‍ ജനിച്ചു. പിതാവിന്റെ പേരു് റാലി റാം. സ്‌കൂള്‍ അധ്യാപകനായി സുരേന്ദ്രമോഹന്‍ കര്‍മരംഗത്തേക്കു കടന്ന സുരേന്ദ്രമോഹന്‍ പിന്നീട്‌ കോളജ്‌ അധ്യാപകനായും ബിസിനസുകാരന്ായും (വ്യവസായ സംരംഭകന്‍) തൊഴിലാളി യൂണിയന്‍ നേതാവായും സജീവമായി. പരിസ്ഥിതി പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പാര്‍ലമെന്‍റേറിയന്‍ എന്നീ നിലകളിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു് ശ്രദ്ധേയനായി. ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും സുരേന്ദ്രമോഹന്‍ ലളിതജീവിതമാണു് നയിച്ചിരുന്നതു്.

ഭാര്യ മഞ്ജു മോഹന്‍ സാമൂഹപ്രവര്‍ത്തകയായിരുന്നു. ഒരു മകനും മകളുമുണ്ടു്.

നാല്പതുകളുടെ ആദ്യം ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സില്‍ അംഗമായി. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ സുരേന്ദ്രമോഹന്‍ 1943 ഫെബ്രുവരിയിലെ ഗാന്ധിജിയുടെ ഉപവാസക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുത്തു. സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങിയ അദ്ദേഹം, ആചാര്യ നരേന്ദ്ര ദേവ, ജയപ്രകാശ് നാരായണന്‍, അച്യുത്പട്‌വര്‍ധന്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ അടുത്ത അനുയായി ആയി 1946 ജൂലൈയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍‍ന്നു. പഞ്ചാബ് സര്‍‍വകലാശാലയില്‍‍നിന്നു് ബാച്‍ലര്‍‍ ഓഫ് സയന്‍‍സ് ബിരുദവും ആഗ്ര സര്‍‍വകലാശാലയില്‍‍നിന്നു് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവുംനേടി. 1956-58 കാലത്തു് വാരണാസിയിലെ കാശി വിദ്യാപീഠത്തില്‍ സോഷ്യോളജി അധ്യാപകനായി. 1958 ജൂലൈയില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ സോഷ്യലിസ്റ്റ് യുവജന സഭയുടെ കണ്‍‍വീനറും1959-61ല്‍‍ ദേശീയ ജനറല്‍‍ സെക്രട്ടറിയുമായി. 1959ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഹാംബര്‍‍ഗ് സമ്മേളനത്തില്‍ പങ്കെടുത്തു. 1963ല്‍‍ പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെ അന്തര്‍‍ദേശീയ കാര്യദര്‍‍ശിയായി.

1965-71 കാലത്തു് പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും 1971-72 കാലത്തു് സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും ദേശീയ ജോയിന്റ്‍ സെക്രട്ടറിയായി. 1973 -77കാലത്തു് സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും ദേശീയ ജനറല്‍‍ സെക്രട്ടറിയായിരുന്നു അടിയന്തരാവസ്‌ഥക്കാലത്ത്‌ അതിനെതിരെ മൂന്നര മാസം ഒളിവില്‍ പ്രവര്‍‍ത്തിച്ച അദ്ദേഹം പിന്നീടു് 10 മാസം മിസ പ്രകാരം തടവില്‍‍ കഴിഞ്ഞു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ജയിലിലായ സമയത്ത്‌ ഹൃദയാഘാതമുണ്ടായപ്പോള്‍ പരോളില്‍ ഇറങ്ങി ചികില്‍സ തേടാന്‍ ജയപ്രകാശ്‌ നാരായണ്‍ ഉപദേശിച്ചെങ്കിലും അതിനു തയ്യാറായില്ല.

ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍, മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ച് പാര്‍ട്ടി വക്താവിന്‍റെ സ്ഥാനം സ്വീകരിച്ചത് ശ്രദ്ധിക്കപ്പെട്ടു. 1977ലും 1979-81 കാലത്തും ജനതാ പാര്‍‍ട്ടിയുടെ ദേശീയ ജനറല്‍‍ സെക്രട്ടറിയായിരുന്നു.1980-ല്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ രാമകൃഷ്ണഹെഗ്‌ഡെ, അശോക്‌മേത്ത, രജനി കോഠാരി, എന്‍.സി.ജെയിന്‍ എന്നിവര്‍ക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചു.

1978 ഏപ്രില്‍ 3 മുതല്‍ 1984 ഏപ്രില്‍ 2 വരെ ജനതാ പാര്‍‍ട്ടിയുടെ ഉത്തര പ്രദേശില്‍‍ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു. 1978-ല്‍ വെസ്റ്റ് ഇന്‍ഡീസിലെ കെന്‍‍സിങ്ടണില്‍ (Kensington) നടന്ന കോമണ്‍വെല്‍‍ത്ത് പാര്‍‍ലമെന്ററി കോണ്‍ഫെറന്‍സില്‍‍പങ്കെടുത്തു. ഭാരതസര്‍‍ക്കാരിന്റെ ഖാദിഗ്രാമവ്യവസായ കമ്മീഷന്‍ (ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മിഷന്‍) ചെയര്‍മാന്‍ ആയി 1996നവംബര്‍‍ മുതല്‍‍ 1998 മാര്‍‍ച്ച് വരെ സേവനം അനുഷ്‌ഠിച്ചു. 1982-1984 കാലത്തു് ഇന്ത്യന്‍‍ ഫെഡറേഷന്‍‍ ഓഫ്‍ ബില്‍‍ഡിങ് ആന്റ് വുഡ് വര്‍‍ക്കേഴ്സ് പ്രസിഡന്റായിരുന്നു.


1988 ല്‍ ജനതാ പാര്‍‍ട്ടികൂടി ലയിച്ചുണ്ടായ ജനതാദളിന്റെ പ്രധാനനേതാക്കളിലൊരാളായിരുന്ന അദ്ദേഹം അതിന്റെ ദേശീയ ജനറല്‍‍ സെക്രട്ടറിയായി പ്രവര്‍‍ത്തിച്ചിട്ടുണ്ടു്. ജനതാദള്‍‍ ശിഥിലമായപ്പോള്‍‍ അദ്ദേഹം മതേതര ജനതാദളില്‍ (ജനതാദള്‍ -എസ്‌) തുടര്‍‍ന്നു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന വ്യതിചലിച്ചു് പാര്‍ട്ടി അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവ ഗൗഡ കര്‍‍ണാടകത്തില്‍ ഭാരതീയ ജനതാ പാര്‍‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടര്‍‍ന്നു് 2006 ഡിസംബര്‍ 23നു് കൂടിയ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ദേവഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കും ചെയ്തപ്പോള്‍ പകരം ജനതാദള്‍ -എസ്‌ ദേശീയ പ്രസിഡന്റായി സുരേന്ദ്ര മോഹനെയാണ്‌ തിരഞ്ഞെടുത്തത്‌. തുടര്‍ന്നുണ്ടായ പിളര്‍‍പ്പില്‍ തെരഞ്ഞെടുപ്പു് കമ്മീഷന്‍ ഗൗഡാ വിഭാഗത്തെ മതേതര ജനതാദളായി അംഗീകരിച്ചപ്പോള്‍ സുരേന്ദ്ര മോഹന്‍ നയിച്ച മതേതര ജനതാദള്‍ 2009 ജനുവരിയില്‍ സോഷ്യലിസ്‌റ്റ്‌ ജനതാ പാര്‍‍ട്ടി എന്ന പേരു സ്വീകരിച്ചു.

നര്‍മ്മദ ബചാവോ ആന്ദോളന്‍ ഉള്‍പ്പെടെ പല ജനകീയ, മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളുടെയും മുന്‍നിരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1980-ല്‍‍ പി യു സി എല്‍‍ (Peoples’ Union for Civil Liberties) സ്ഥാപിയ്ക്കുന്നതിനു് സഹായം നല്കിയ അദ്ദേഹം അന്നുമുതല്‍‍ എന്നും അതിന്റെ ദേശീയ സമിതിയംഗമായിരുന്നു വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ സോഷ്യലിസ്‌റ്റുകളുടെ ഡയറക്‌ടറി എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. 2010 ആദ്യം റാം മനോഹര്‍ ലോഹ്യ ജന്മശതാബ്‌ദി സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1976 മുതല്‍ ജനത വാരികയുടെ പത്രാധിപരുമായിരുന്നു.

കേന്ദ്രമന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി, മുന്‍ മന്ത്രിയും എല്‍‍ ജെ പി നേതാവുമായ രാം വിലാസ് പാസ്വാന്‍, സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാര്‍ സമാജവാദി ജനപരിഷത്തു് നേതാക്കളായ യോഗേന്ദ്ര യാദവ്, അജിത് ഝാ തുടങ്ങി ഒട്ടേറെപ്പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അവസാനത്തെ ഗാന്ധിയന്‍ സോഷ്യലിസ്‌റ്റിനെയാണു സുരേന്ദ്രമോഹന്റെ നിര്യാണത്തോടെ നഷ്‌ടമായിരിക്കുന്നതെന്നു മന്ത്രി ജയ്‌പാല്‍ റെഡ്‌ഡി അനുസ്‌മരിച്ചു.
ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്, എസ്പി അധ്യക്ഷന്‍ മുലായം സിങ് യാദവ്, സോഷ്യലിസ്‌റ്റ്‌ ജനത (ഡമോക്രാറ്റിക്‌) പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍, സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവര്‍ സുരേന്ദ്രമോഹന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്‌ദമുയര്‍ത്തിയ സമുന്നത സോഷ്യലിസ്‌റ്റ്‌ ചിന്തകനായിരുന്നു സുരേന്ദ്ര മോഹനെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ അനുസ്‌മരിച്ചു. മരണംവരെയും അശരണര്‍ക്കായി പൊരുതിയ സുരേന്ദ്ര മോഹന്‍ കമ്യൂണിസ്‌റ്റുകളുടെ നല്ല സുഹൃത്തായിരുന്നെന്ന്‌ സിപിഐ സെക്രട്ടേറിയറ്റ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഫോട്ടോ: എബി ജോൻ വന്‍നിലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ