ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ.[1] പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയിൽ അദ്ദേഹം ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാളാണു്.
തോമാ ശ്ലീഹാതൊട്ടുള്ള 115-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ [2] എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ.[3]
പൂര്‍വാശ്രമം
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റേയും കുഞ്ഞിട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനിച്ചത്. പോള്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേരു് . പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുംവൈദിക പഠനം പൂര്‍ത്തിയാക്കി. 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു.
1982-ല്‍ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി. 1985-ല്‍ മെത്രാപ്പൊലീത്തയും കുന്നംകുളം ഭദ്രാസനാധിപനുമായി. 2006 ഒക്‌ടോബര്‍ 12-ആം തീയതിയാണ് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടത്.
പൗരസ്ത്യ കാതോലിക്കോസ്
പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2010 നവംബർ 1-ആം തീയതി തിങ്കളാഴ്‌ച ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനെന്നപേരില്‍ സ്‌ഥാനാരോഹണം ചെയ്തു. ഒക്ടോബര്‍ 29-നു് 90-ആം വയസ്സിലേയ്ക്കു് പ്രവേശിച്ച 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവാ പരുമലയിലെ നവതി ആഘോഷത്തിനു് ശേഷം വൈകുന്നേരം ദേവലോകം കോട്ടയം ദേവലോകം കാതോലിക്കാസന അരമനയില്‍ നടത്തിയ പ്രത്യേക എപ്പിസ്കോപ്പൽ സുന്നഹദോസ് യോഗത്തില്‍ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണു് നേതൃമാറ്റമുണ്ടായതു്.
പരിശുദ്ധ ബാവായുടെ സ്‌ഥാനത്യാഗം അംഗീകരിയ്ക്കുന്നതു് സംബന്ധിച്ചും പിന്‍ഗാമിയെ വാഴിയ്ക്കുന്നതു് സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന് പിറ്റേന്നു് ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നിനു് വീണ്ടും യോഗം ചേരാന്‍ അന്നത്തെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് യോഗം നിശ്ചയിച്ചു. ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസാണു്‍ നിയുക്‌ത കാതോലിക്കായായിരുന്ന പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ സ്‌ഥാനാരോഹണം ചെയ്യിക്കുന്നതിനുള്ള തീരുമാനമെടുത്തതു്.
ഛായ എബി ജോന്‍ വന്‍നിലം
കുറിപ്പുകള്‍
1. ↑ ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെയും ബൈസാന്ത്യ ഓർത്തഡോക്സ് സഭയുടെയും കൽദായ സുറിയാനി സഭയുടെയും റോമൻ കത്തോലിക്കാ സഭയുടെയും പരമ പാത്രിയർക്കീസു്മാരെ പരിശുദ്ധ ബാവ, പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ഹോളിനെസ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാൻ മോർ,മാറാൻ മാർ,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്. സാമന്ത പാത്രിയർക്കീസു്മാരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ഹിസ് ബീയാറ്റിറ്റ്യൂഡ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ശ്രേഷ്ഠ എന്ന പദം ചേർക്കുന്നു. ഉദാ: ഊർശലേം പാത്രിയർക്കീസ് ശ്രേഷ്ഠ മാനൂഗിയൻ ബാവ.
2. ↑ പൊതുമാടൻ ചെമ്മായി എന്നും അർക്കദിയാക്കോൻ എന്നും ജാതിയ്ക്കു് കർത്തവ്യനെ വിളിച്ചിരുന്നു.
3. ↑ 1653-ൽ കൂനൻ കുരിശു് സത്യത്തിനുശേഷമുണ്ടായ സാഹചര്യങ്ങളെ തുടർന്നു് അന്നത്തെ പൊതുഭാര ശുശ്രൂഷകനായ (ജാതിയ്ക്കു് കർത്തവ്യൻ) തോമാ, ഒന്നാം മാർത്തോമാ എന്ന പേരിൽ മലങ്കര മെത്രാപ്പോലീത്തയായി അറിയപ്പെട്ടു. റോമൻ കത്തോലിക്കർ അദ്ദേഹത്തെ വ്യാജ മെത്രാനെന്നാണു് വിശേഷിപ്പിച്ചതു്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശീർഷകങ്ങൾ
ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ