കുറിപ്പുകൾ

20110108

വി. രാജകൃഷ്ണൻ


മലയാള സാഹിത്യ നിരൂപകനും, തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനും ചലച്ചിത്ര സംവിധായകനും അദ്ധ്യാപകനുമാണ് വി.രാജകൃഷ്ണൻ. 1949 ഡിസംബറില്‍ പാലക്കാട്ട് ജനിച്ചു.

സാഹിത്യത്തെയും സിനിമയെയും ആസ്പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു.

കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി. ശ്രാദ്ധം എന്ന ഫീച്ചര്‍‍ ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതി ചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. പങ്കായം(1998) എന്ന ടെലിഫിലിം ഒരു റീജണല്‍‍ ടെലിഫിലിം ഫെസ്റ്റിവെലില്‍ സംവിധാനത്തിനുള്ള സ്പെഷല്‍‍ ജൂറി പ്രൈസ് ഉള്‍‍പ്പെടെ നാലു് പുരസ്‌കാരങ്ങള്‍‍ നേടി.

മറുതിര കാത്തുനിന്നപ്പോള്‍ എന്ന പുസ്‌തകത്തിനു് സാഹിത്യവിമര്‍ശനത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും സി.ജെ സ്മാരക പ്രസംഗസമിതിയുടെ 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരവും ലഭിച്ചു. ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്‌ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് അദ്ദേഹത്തിനുള്ളതെന്നുമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്ന കൃതിയ്ക്കു് ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടു് പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരടങ്ങുന്ന സമിതി അഭിപ്രായപ്പെട്ടതു്. മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്നതു്.

രോഗത്തിന്റെ പൂക്കൾ , ആൾ ഒഴിഞ്ഞ അരങ്ങ് , ചെറുകഥയുടെ ചന്ദസ്സ് , നഗ്ന യാമിനികൾ, ശ്രാദ്ധം (ചലച്ചിത്ര തിരക്കഥ), മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി, മറുതിര കാത്തുനിന്നപ്പോള്‍ തുടങ്ങിയവയാണു് പ്രധാന കൃതികള്‍.

കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായിരിയ്ക്കെ വിരമിച്ചു. വിലാസം ആരതി ഒ 3, ജവഹര്‍‍ നഗര്‍,‍ തിരുവനന്തപുരം, 695041

ഫോട്ടോ: എബി ജോൻ വന്‍നിലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ